കൊച്ചി: തൃശൂർ പൂരത്തിന്റെ ആവേശത്തിലേക്കാണ് തീമഴ പോലെ മഹാദുരന്തമെത്തിയത്. മുണ്ടത്തിക്കോട് വെടിക്കെട്ടു പുരയ്ക്ക് തീപിടിച്ച് 13 മനുഷ്യരാണ് വെന്തുമരിച്ചത്. നിരവധി പേര്‍ പൊള്ളലേറ്റ് ചികിത്സയിലാണ്. ഏതാനും പേര്‍ വെന്‍റിലേറ്ററില്‍ ജീവനുവേണ്ടി മല്ലിടുന്നു. വെടിക്കെട്ട് ദുരന്തത്തിന്‍റെ നോവ് നന്നായി അറിയുന്നവരാണ് കൊല്ലം പരവൂരുകാര്‍.
ഒരൊറ്റ രാത്രി ഇരുണ്ടുവെളുത്തപ്പോഴേക്കും അവർക്ക് നഷ്ടമായത് നൂറ്റിപ്പത്ത് ഉറ്റവരെയും ഉടയവരെയുമാണ്. പരിക്കേറ്റവർ 656. വേദനയനുഭവിച്ച കുടുംബങ്ങൾ അതിലുമെത്രയോ അധികവും. പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തമുണ്ടായി പത്തുവർഷം പിന്നിടുമ്പോഴാണ് കേരളത്തെ വിറങ്ങലിപ്പിച്ച് മറ്റൊരു ദുരന്തമുണ്ടാകുന്നത്.
2016 ഏപ്രിൽ 9 നായിരുന്നു കൊല്ലം പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവം. പേരുകേട്ട ഉത്സവത്തിന്റെ ഏറ്റവും വലിയ ആകർഷണം പുലർച്ചെ നടക്കുന്ന വെടിക്കെട്ടാണ്. മത്സരക്കമ്പം കാണാൻ ദൂരദേശങ്ങളിൽ നിന്നടക്കം ജനങ്ങൾ പരവൂരേക്കൊഴുകിയെത്തും. വൈകീട്ട് നടക്കുന്ന നെടുംകുതിരയെടുപ്പ് കഴിഞ്ഞാൽ പിന്നെ നാലുഘട്ടങ്ങളിലായി വെടിക്കെട്ടാണ്. ആദ്യ ഘട്ടം 'പടക്കവും പെരുക്കവും', അവസാനഘട്ടം 'ആശാന്മാരുടെ ഇഷ്ടാനുസരണവും'.
പതിവുപോലെ രാത്രി 12 ന് മുൻപേ വെടിക്കെട്ട് തുടങ്ങി. ആയിരങ്ങൾക്ക് ആകാശം വർണ്ണവിരുന്നൊരുക്കി. പല ഘട്ടത്തിൽ നടന്ന വെടിക്കെട്ട് പുലർച്ചെ മൂന്നേകാലോടെ അതിന്റെ അവസാനഘട്ടത്തിലെത്തി. പ്രകമ്പനംകൊള്ളിച്ച് കത്തിപ്പടർന്ന വെടിക്കെട്ട് പതിയെ അതിന്റെ സ്വഭാവം തന്നെ മാറ്റിക്കളഞ്ഞു. കത്തിവിരിയാനായി ആകാശത്തേക്കുയർന്ന അമിട്ട് പാതിപൊട്ടി നിലത്തുകിടന്ന ബാക്കി അമിട്ടുകളിലേക്ക് വന്നുവീണു. അതിൽ നിന്നു തെറിച്ച തീപ്പൊരികൊണ്ട് പൊള്ളലേറ്റ് പരിഭ്രാന്തനായി കമ്പക്കാരൻ കയറിച്ചെന്നത് വെടിക്കെട്ടുശാലയിലേക്ക്. നിമിഷങ്ങൾകൊണ്ട് ആ കമ്പപ്പുര തീഗോളമായി ജ്വലിച്ചുയർന്നു.
ഭൂമിപിളരുന്നതുപോലെ എന്തോ ഭൂമിയിൽ വന്നുപതിച്ചു. പിന്നെ നിമിഷങ്ങളോളും ഒന്നും കാണാനും കേൾക്കാനും കഴിയാതെയായി എന്നാണ് ദൃക്സാക്ഷികളുടെ ഭാഷ്യം. പരക്കംപാച്ചിലുകളും ഉറക്കെയുറക്കെയുള്ള നിലവിളികളും. ചിന്നിച്ചിതറിയ ശരീരഭാഗങ്ങൾകൊണ്ട് അമ്പലമുറ്റം നിറഞ്ഞു. ആംബുലന്‍സുകളും ഫയര്‍ഫോഴ്സ് വണ്ടികളും നിലക്കാത്ത നിലവിളികളും ബഹളങ്ങളും. എല്ലാമൊഴിഞ്ഞപ്പോഴേക്കും പുറ്റിങ്ങൽ ക്ഷേത്രാങ്കണം യുദ്ധഭൂമികണക്ക് ചുവന്നു.
ഉത്സവത്തിന്റെ കടുംചായങ്ങളും ഉത്സാഹവും ആ തീജ്വാലയിൽ കെട്ടമർന്നു. ദൂരദേശങ്ങളിൽ നിന്നും ഉത്സവം കാണാനെത്തിയ മനുഷ്യരടക്കം ഞെട്ടലോടെ പകച്ചുനിന്നു. നിന്നനിൽപ്പിൽ വെന്തുവെണ്ണീറായി വീണവരിൽ കിലോമീറ്ററകലെ കാഴ്ചകണ്ടു നിന്നവർപോലുമുണ്ടായി. അതിജീവിച്ചവരിൽ പലർക്കും കൈകാലുകളും കാഴ്ചശക്തിയും കേൾവിശക്തിയും നഷ്ടമായി.
കോൺക്രീറ്റുകൊണ്ടുണ്ടാക്കിയ കമ്പപ്പുര പൊട്ടിത്തെറിച്ചത് അപകടത്തിന്റെ ആക്കം കൂട്ടി. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ ആളുകൾക്കുമേൽ ചിതറിത്തെറിച്ചത് മരണസംഖ്യ ഉയർത്തി. സമീപത്തുണ്ടായിരുന്ന 358 വീടുകൾക്കാണ് അന്ന് കേടുപാടുകളുണ്ടായത്. സ്‌ഫോടനത്തിന്റെ ആകെ നഷ്ടം 2.58 കോടിയാണെന്നാണ് സർക്കാർ കണക്ക്.
കേരളം കണ്ട ഏറ്റവും വലിയ വെടിക്കെട്ടപകടമായിരുന്നു പുറ്റിങ്ങലിലേത്. ഇന്നും ആ വേദനയിൽ കഴിയുന്ന മനുഷ്യർ അവിടെയുണ്ട്. ഒരു വലിയ ദുരിതത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികൾ. പിന്നീടൊരിക്കലും പുറ്റിങ്ങൽ ക്ഷേത്രത്തിൽ വെടിക്കെട്ട് നടന്നിട്ടില്ല. പക്ഷെ കേരളം വീണ്ടും പല ദേശങ്ങളിൽ പല മത്സരക്കമ്പങ്ങൾ കണ്ടു. പലയിടങ്ങളിലും പല അപകടങ്ങളുമുണ്ടായി.
പുറ്റിങ്ങലിന് മുൻപും ശേഷവും നിരവധി അപകടങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്. 1990 ൽ കൊല്ലം മലനടയിലെ ദുര്യോധന ക്ഷേത്രോത്സവത്തിനിടെ വെടിക്കെട്ട് ശാലയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത് 33 പേരാണ്. 2006 ലെ തൃശൂർ പൂരത്തിനുമുൻപ് നടക്കാനിരുന്ന സാമ്പിൾ വെടിക്കെട്ടിനായുള്ള തയ്യാറെടുപ്പിനിടയിലുണ്ടായ സ്‌ഫോടനത്തിൽ നാലുപേർ മരിക്കുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates