

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ട്വന്റി-20 പാർട്ടിക്ക് തിരിച്ചടിയായി, എറണാകുളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജിവെച്ചു. എടത്തല സ്വദേശി അഡ്വ. അസ്ലഫ് പാറേക്കാടൻ ആണ് പാർട്ടി അംഗത്വം രാജിവെച്ചത്. വർണക്കടലാസിൽ പൊതിഞ്ഞ് ആകർഷകമാക്കിയ കൊടിയ വിഷമാണ് ട്വന്റി-20 പാർട്ടിയെന്ന് രാജി തീരുമാനം അറിയിച്ചുകൊണ്ട് സാമൂഹിക മാധ്യമത്തിലിട്ട പോസ്റ്റിൽ അസ്ലഫ് പാറേക്കാടൻ പറഞ്ഞു.
ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്നതിലുമുപരി ഒരു വ്യക്തിയുടെ സ്വാർത്ഥ താല്പര്യങ്ങൾ നടപ്പാക്കാൻ അയാൾ കെട്ടിപ്പൊക്കിയ നുണകളുടെ ചീട്ടു കൊട്ടാരം മാത്രമാണ് ട്വന്റി-20. സാബു എം ജേക്കബ് നേതൃത്വം കൊടുക്കുന്ന 20 -20 യുടെ അധികമാർക്കുമറിയാത്ത കപട രാഷ്ട്രിയവും, ജനവഞ്ചനാ സമീപനങ്ങളുമായി സമരസപ്പെട്ടു പോകാൻ സാധിക്കാത്തത് മൂലമാണ് ആ പാർട്ടിയിൽ നിന്നും രാജി വെയ്ക്കുന്നത്.
കേരളത്തിലെ ജനങ്ങളോട് ഇല്ലാകഥകൾ പറഞ്ഞും രാഷ്ട്രിയ വിവാദങ്ങൾ ഉണ്ടാക്കിയും ശ്രദ്ധ നേടാനുള്ള ശ്രമമാണ് ട്വന്റി-20 നടത്തുന്നത് . സംഘപരിവാറിന് -ബിജെപി രാഷ്ട്രീയത്തിന് കേരളത്തിലേക്ക് ചുവടുറപ്പിക്കാനായി സബ്കോൺട്രാക്ട് ഏറ്റെടുത്തിരിക്കുകയാണ് സാബു എം ജേക്കബിന്റെ ട്വന്റി -20 പാർട്ടിയെന്നും അസ്ലഫ് പാറേക്കാടൻ ആരോപിക്കുന്നു.
സിപിഐയിൽ നിന്ന് രാജിവെച്ച ശേഷം അസ്ലഫ് പാറേക്കാടൻ ഏതാനും മാസം മുൻപാണ് ട്വന്റി-20 യിൽ അംഗത്വം നേടിയത്. ജില്ലാ പഞ്ചായത്ത് എടത്തല ഡിവിഷൻ മുൻ അംഗവും സിപിഐ ആലുവ മണ്ഡലം സെക്രട്ടറിയുമായിരുന്നു അഡ്വ. അസ്ലഫ് പാറേക്കാടൻ. 20-20 എന്ന സ്ലോ പോയ്സൺ എന്താണെന്ന് തുറന്നു കാട്ടാൻ ജനങ്ങളുടെ മുന്നിൽ വരുമെന്നും അസ്ലഫ് പാറേക്കാടൻ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates