കൊച്ചി: ലൈംഗിക പീഡന പരാതിയെത്തുടർന്ന് കൊച്ചിയിലെ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് അനസ് അൻസാരി (37)ക്കെതിരെ പൊലീസ് കേസെടുത്തു. വൈറ്റില ചളിക്കവട്ടത്തെ യുണിസെക്സ് സലൂൺ ബ്രൈഡൽ മേക്കപ് സ്ഥാപനമായ അനസ് അൻസാരി പാർലർ ഉടമയാണ് ഇയാൾ. കല്യാണ മേക്കപ്പിനിടെ പീഡിപ്പിച്ചെന്നാരോപിച്ച് മൂന്ന് യുവതികൾ സിറ്റി പൊലീസ് കമ്മീഷ്ണർക്ക് പരാതി നൽകിയിരുന്നു. മീ ടു ആരോപണത്തെത്തുടർന്ന് ഇയാൾ വിദേശത്തേക്ക് കടന്നുകളഞ്ഞെന്നാണ് റിപ്പോർട്ട്.
ടാറ്റൂ ആർട്ടിസ്റ്റ് പി എസ് സുജീഷിനെതിരെ സമൂഹമാധ്യമത്തിൽ മീ ടൂ പരാതികൾ പ്രത്യക്ഷപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് അനസിനെതിരെയും ആരോപണങ്ങൾ ഉയർന്നത്. വിവാഹ മേക്കപ്പിന് അനസിന്റെ സലൂണിൽ എത്തിയ ഒരു യുവതി തനിക്കുണ്ടായ ദുരനുഭവത്തെപ്പറ്റി കുറിപ്പിട്ടതിന് പിന്നാലെയാണ് കൂടുതൽ പേർ രംഗത്തെത്തിയത്. ലൈംഗികാതിക്രമം നടത്തിയെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും മൊബൈലിൽ അശ്ലീല സന്ദേശങ്ങൾ അയച്ചെന്നുമാണു യുവതികളുടെ പരാതി.
മേക്കപ്പ് ചെയ്യുന്നതിനിടെ അനാവശ്യമായി സ്തനങ്ങളിലും വയറിലും പിടിച്ചെന്നും അനുവാദമില്ലാതെ മേല്‍വസ്ത്രം ഊരിമാറ്റിയെന്നും മീ ടു പോസ്റ്റില്‍ പറയുന്നു. സ്തനങ്ങള്‍ക്ക് ചുറ്റും ഫൗണ്ടേഷന്‍ ഇടുന്നതിന്റെ ഭാഗമായി ബ്രഷുപയോഗിച്ച് അലോസരപ്പെടുത്തിയെന്നും പിന്നീട് മൊബൈല്‍ ഫോണിലേക്ക് സന്ദേശമയച്ചെന്നും ആരോപണങ്ങളില്‍ പറയുന്നു.
വിവാഹത്തിന്റെ ട്രയല്‍ മേക്കപ്പിന് പോയപ്പോള്‍ ശരീരത്തില്‍ കടന്നുപിടിച്ച് മസ്സാജ് ചെയ്‌തെന്നും ഇതോടെ മേക്കപ്പ് നിര്‍ത്താന്‍ ആവശ്യപ്പെട്ട് ബുക്കിങ് ക്യാന്‍സല്‍ ചെയ്‌തെന്നുമാണ് മറ്റൊരു പെണ്‍കുട്ടിയുടെ ആരോപണം. ആരോപണങ്ങൾ ഉയർന്നതിനു തൊട്ടുപിന്നാലെ അനസ് രാജ്യം വിട്ടെന്നു പൊലീസ് പറയുന്നു. രാജ്യത്തെ എയർപോർട്ടുകളിൽ തിരച്ചിൽ നോട്ടിസ് കൊടുക്കാനൊരുങ്ങുകയാണു പൊലീസ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates