

ആലപ്പുഴ: വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയെ രക്ഷിക്കാനെത്തിയ ആള്‍ ലൈംഗികാതിക്രമം നടത്തിയതായി പരാതി. വ്യാപാര വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനില്‍ സബാദിനെതിരെയാണ് 25 വയസുകാരി പരാതി നല്‍കിയത്. അപകടശേഷം ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ സിനില്‍ തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് യുവതിയുടെ ആരോപണം. കൊല്ലം സ്വദേശിയാണ് യുവതി.
ഈ മാസം നാലിന് കായംകുളത്ത് വെച്ചാണ് സംഭവം. യുവതിയും സുഹൃത്തായ സ്ത്രീയും അവരുടെ ഭര്‍ത്താവും രണ്ട് മക്കളും സഞ്ചരിച്ച ഓട്ടോറിക്ഷ രാത്രിയില്‍ അപകടത്തില്‍പെടുകയായിരുന്നു. തീര്‍ത്ഥാടന യാത്രകഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍. അപകടമുണ്ടായ ഉടന്‍ പ്രദേശത്തുണ്ടായിരുന്നവര്‍ എത്തി ഇവരെ രക്ഷപ്പെടുത്തി. അതിനിടെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ തന്നെ സിനില്‍ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് യുവതിയുടെ പരാതി.
ആശുപത്രിയില്‍ എത്തിയശേഷം സിനില്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. പിന്നീട് സുഹൃത്തുക്കള്‍ വഴി സിനില്‍ പണം വാഗ്ദാനം ചെയ്തു. 25 ലക്ഷം രൂപ വാഗ്ദാനം ചെയ്യുന്നതിന്റെ ശബ്ദരേഖ തന്റെ കൈയില്‍ ഉണ്ടെന്നും യുവതി ആരോപിക്കുന്നു. ആശുപത്രിലെത്തിയ ഉടന്‍ തനിക്ക് നേരിട്ട ലൈംഗികാതിക്രമം കായംകുളം താലൂക്ക് ആശുപത്രിയിലെ ജീവനക്കാരിയോടും ഡോക്ടറോടും പറഞ്ഞു. അടുത്ത ദിവസം ഗൈനക്കോളജി ഡോക്ടറുടെ പരിശോധനക്കും നിര്‍ദ്ദേശിച്ചു. പിന്നാലെ കായംകുളം പൊലീസ് ആശുപത്രിയിലെത്തി തന്റെ മൊഴിയെടുത്തതായും യുവതി പറയുന്നു.
'അപകടശേഷം നടക്കാന്‍ പറ്റുമായിരുന്നു. നടന്ന് രണ്ടടി കഴിഞ്ഞപ്പോള്‍ അപകടത്തിന്റെ ഷോക്ക് കാരണം ശ്വാസമുട്ടല്‍ അനുഭവപ്പെട്ടു. നടക്കാനുള്ള ബുദ്ധിമുട്ട് കാരണം ഇരിക്കണം എന്ന് പറഞ്ഞു. രക്ഷിക്കാന്‍ എത്തിയ, ബൈക്കില്‍ വന്നയാള്‍ എടുക്കാം എന്ന് പറഞ്ഞു. തുടര്‍ന്ന് എടുത്ത് കൊണ്ടുപോകുമ്പോള്‍ ആശുപത്രി വരെ ബൈക്കില്‍ വന്നയാള്‍ എന്നെ ലൈംഗികമായി ഉപദ്രവിച്ചു. തുടക്കത്തില്‍ എന്റെ കരച്ചില്‍ കേട്ടപ്പോള്‍ അപകടത്തില്‍ പറ്റിയ പരിക്ക് മൂലമുള്ള വേദന കൊണ്ടായിരിക്കും എന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ എന്നെ ആശുപത്രിയിലേക്ക് എടുത്തു കൊണ്ടുപോകുമ്പോള്‍ ഇയാള്‍ ലൈംഗികമായി എന്നെ ഉപദ്രവിക്കുകയായിരുന്നു. ബ്രീത്ത് ഔട്ടായത് കൊണ്ട് എന്റെ ശബ്ദം പുറത്തേയ്ക്ക് വന്നില്ല. അതുകൊണ്ട് പ്രതികരിക്കാന്‍ സാധിച്ചില്ല. സംസാരിക്കാന്‍ പോലും കഴിഞ്ഞില്ല. ആശുപത്രിയില്‍ വച്ച് ഭീഷണിപ്പെടുത്തി. ഡോക്ടര്‍മാര്‍ വന്ന് നോക്കി മാറിയ ശേഷമായിരുന്നു ഭീഷണിപ്പെടുത്തല്‍. തനിക്ക് ഒരു പ്രശ്‌നവുമില്ല. വേഗം ഇവിടെ നിന്ന് പോകണം. പരാതിപ്പെടുന്നതിന് മുന്‍പ് തന്നെ ഭീഷണിപ്പെടുത്തി. മറ്റാരോടെങ്കിലും ഞാന്‍ പറയുമോ എന്ന് പേടിച്ചാണ് അയാള്‍ ഭീഷണിപ്പെടുത്തിയത്. എക്‌സ് റേ മുറിയില്‍ കൊണ്ടുപോയി. എക്‌സ റേ മുറിയില്‍ ഉണ്ടായ ചേച്ചിക്ക് കാര്യം മനസിലായി. ശരീരത്തിലെ പാടുകള്‍ കണ്ട് ഇത് അപകടത്തില്‍ പറ്റിയതല്ല എന്ന് അവര്‍ക്ക് മനസിലായി. അപ്പോള്‍ തന്നെ ഞാന്‍ പൊട്ടിക്കരഞ്ഞു പോയി. തുടര്‍ന്ന് കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞു. എക്‌സ റേ മുറിയിലെ ചേച്ചി പറഞ്ഞിട്ടാണ് ഞാന്‍ പരാതിപ്പെട്ടത്. പിന്നീട് അയാള്‍ സുഹൃത്തുക്കള്‍ വഴി പണം വാഗ്ദാനം ചെയ്തു. 25 ലക്ഷം രൂപ വാഗ്ദാനം ചെയ്യുന്നതിന്റെ ശബ്ദരേഖയുണ്ട്. അതിനിടെ ഡോക്ടര്‍ വിളിച്ചിട്ട് കായംകുളം പൊലീസ് ആശുപത്രിയിലെത്തി. പൊലീസിനോട് കാര്യം പറഞ്ഞു. നാലാം തീയതി കൊടുത്ത കേസില്‍ 11-ാം തീയതി ആയിട്ടും ഒരു അപ്‌ഡേറ്റും ഇല്ല. ലൈംഗികാതിക്രമ കേസില്‍ മൂന്നുനാലു ദിവസത്തിനകം നടപടി വരേണ്ടതാണ്. അറസ്റ്റ് ഉണ്ടാവേണ്ടതാണ്. സിനില്‍ സബാദ് എന്നാണ് അയാളുടെ പേര്. കേസ് കൊടുത്ത് ആദ്യ രണ്ടു ദിവസം ഇയാള്‍ ഒളിവിലായിരുന്നു. സ്‌റ്റേഷനില്‍ വിളിക്കുമ്പോള്‍ കേസിനെ കുറിച്ച് പഠിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് പൊലീസ് പറയുന്നത്. അയാള്‍ക്ക് നല്ല പാര്‍ട്ടി സ്വാധീനമുണ്ട്. കൈയില്‍ നിറയെ പണവുമുണ്ട്.'- യുവതി മാധ്യമങ്ങളോട് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates