

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച കേസിൽ യുവാവിന് 34 വർഷം തടവും 2.65 ലക്ഷം രൂപ പിഴയും ശിക്ഷ. പട്ടണക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തുറവൂർ കുന്നത്തു വീട്ടിൽ രോഹിത് വിശ്വമിനെയാണ് (27) ചേർത്തല പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്.
2022ലാണ് കേസ് രജിസ്റ്റർ ചെയ്തത്. സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് മൊബൈൽ ഫോൺ വാങ്ങിക്കൊടുത്തും മറ്റും വിശ്വാസ്യത ഉണ്ടാക്കിയെടുത്ത യുവാവ്, സംഭവ ദിവസം പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലെന്നു മനസിലാക്കി അതിക്രമിച്ചു കയറി ബലമായി പീഡിപ്പിച്ചുവെന്നാണ് പരാതി. മറ്റൊരു ദിവസവും ഇയാൾ ഇതാവർത്തിച്ചു.
സംഭവങ്ങൾക്ക് ശേഷം കുട്ടി പഠനത്തിൽ പിന്നാക്കം പോയി. പിന്നീട് കൗൺസിലിങിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. കൗൺസിലിങ് നടത്തിയ അധ്യാപികയാണ് പൊലീസിൽ വിവരം അറിയിച്ചത്.
വീട്ടിൽ അതിക്രമിച്ചു കയറിയതിനു 5 വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ. സ്ത്രീകൾക്കു നേരെയുള്ള ലൈംഗിക അതിക്രമത്തിനു 5 വർഷം തടവും 50,000 രൂപ പിഴയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗിക ഉദ്ദേശത്തോടെ ശരീര ഭാഗങ്ങളിൽ സ്പർശിച്ചതിനു 3 വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഒന്നിൽ കൂടുതൽ തവണ ബലാത്സംഗം ചെയ്തതിനു 20 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ഉൾപ്പെടെ, 34 വർഷം തടവും 2.65 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
ശിക്ഷാ കാലാവധി ഒരുമിച്ച് 20 വർഷം അനുഭവിച്ചാൽ മതി. പിഴ അടച്ചില്ലെങ്കിൽ 3 വർഷം തടവു കൂടി അനുഭവിക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates