തിരുവനന്തപുരം : വനിത കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്ത്രീകൾക്ക് ആശ്വാസവും കരുത്തുമാകേണ്ട വനിതാ കമ്മീഷന്റെ വിശ്വാസ്യത അധ്യക്ഷ തകർത്തു. വനിതാ കമ്മീഷൻ അധ്യക്ഷയോട് തനിക്ക് സഹതാപം മാത്രമേ ഉള്ളൂവെന്നും സതീശൻ പറഞ്ഞു. വിഷയം സിപിഎമ്മും സർക്കാരും ഗൗരവമായി കാണണമെന്നും സതീശൻ ആവശ്യപ്പെട്ടു.
സ്ത്രീധനത്തിന്റെ പേരിൽ വേദനിപ്പിക്കുന്ന പുരുഷൻമാരെയും കുടുംബത്തെയും സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടാൻ പെൺകുട്ടികൾ തയ്യാറാകണം. ഭർത്താവിന്റെ വീട്ടിൽ നിന്ന് മടങ്ങിയെത്തിയാൽ സ്വന്തം വീട്ടുകാർക്ക് ഭാരമാകുമെന്ന ചിന്താഗതി മാറണം, സ്ത്രീകൾ കൂടുതൽ ധീരതയോടെ പെരുമാറനം. ആത്മഹത്യയല്ല അവസാനവഴി. സമൂഹം ഒപ്പമുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതിനിടെ, ചാനൽ പരിപാടിക്ക് ഇടയിൽ പരാതി പറയാൻ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്‍റെ പരാമർശം ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും. ഗാർഹിക പീഡനത്തിൽ പരാതിയറിയിക്കാൻ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ നടപടിയിൽ സിപിഎം നേതൃത്വത്തിന് അതൃപ്തിയുണ്ട്.
ജോസഫൈനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തിൽ ചർച്ച ചെയ്യും. വനിതാ കമ്മിഷൻ അധ്യക്ഷ സ്ഥാനത്ത് കാലാവധി തീരാൻ ഒരു വർഷമാണ് ബാക്കിയുള്ളത്. അതിനാൽ സിപിഎം കടുത്ത തീരുമാനത്തിലേക്ക് പോകുമോ എന്നതാണ് നിർണ്ണായകം.സംഭവത്തിൽ ജോസഫൈൻ ഖേദപ്രകടനം നടത്തി. എങ്കിലും ജോസഫൈനെതിരായ പ്രതിഷേധം ശക്തമാകുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates