

കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ആത്മഹത്യാ പ്രേരണയ്ക്ക് പ്രഥമദൃഷ്ട്യാ മതിയായ തെളിവില്ലെന്ന് ഹൈക്കോടതി. പ്രതികൾ 22–24 വയസ്സുള്ള വിദ്യാർത്ഥികളും മുൻപു കുറ്റകൃത്യങ്ങളിൽ ഉള്‍പ്പെടാത്തവരുമാണ്. സമൂഹത്തിന്റെ വികാരം കണക്കിലെടുത്ത് ജാമ്യം ലഭിക്കാനുള്ള അവകാശം നിഷേധിക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. സിദ്ധാര്‍ഥിന്റെ മരണത്തില്‍ പ്രതിയാക്കപ്പെട്ട 19 വിദ്യാര്‍ഥികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
അന്തിമ റിപ്പോർട്ട് സമര്‍പ്പിച്ച ശേഷവും പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെങ്കിൽ അതിശക്തമായ കേസ് ഉണ്ടാകണം. ജനവികാരത്തിന് അനുസരിച്ച്, ജാമ്യം ലഭിക്കാനുള്ള അവകാശം നിഷേധിക്കാൻ സാധിക്കില്ല. ഒരാളെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്ന വിധത്തിൽ മനഃപൂർവമുള്ള പ്രകോപനവും പ്രേരണയും ഉണ്ടായാൽ മാത്രമേ പ്രേരണാക്കുറ്റം നിലനില്‍ക്കൂ. ഓരോ മനുഷ്യനും ആത്മഹത്യ ചെയ്യുന്നതിന്റെ പാറ്റേണ്‍ വ്യത്യസ്തമാണ്. ഓരോരുത്തർക്കും അവരുടേതായ സ്വാഭിമാനമുണ്ട്. അത്തരം കാര്യങ്ങളിൽ പൊതുവായ തീർപ്പിലെത്തുക അസാധ്യമാണ്. അതുകൊണ്ട് ഓരോ കേസും പ്രത്യേകമായി പരിഗണിക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ആത്മഹത്യാ പ്രേരണാ കുറ്റം വിചാരണക്കോടതിയാണ് തീരുമാനിക്കേണ്ടത്. ഐപിസി 306 അനുസരിച്ച് പ്രതികൾക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം തെളിഞ്ഞാൽ പരമാവധി ശിക്ഷ നല്‍കാനാവുമെന്നും ജസ്റ്റിസ് സി എസ് ഡയസ് ചൂണ്ടിക്കാട്ടി. പ്രതികൾ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും നിയമത്തിൽനിന്ന് ഒളിച്ചോടുമെന്നും തുടങ്ങി സിബിഐ ഉന്നയിക്കുന്ന വാദങ്ങൾക്ക്, കർശനമായ ജാമ്യ ഉപാധികൾ ചുമത്തുമെന്നും കോടതി വ്യക്തമാക്കി.
വിചാരണ പൂർത്തിയാകുന്നതുവരെ പ്രതികൾ വയനാട് ജില്ലയില്‍ പ്രവേശിക്കരുത്, കോടതിയുടെ അനുമതി ഇല്ലാതെ സംസ്ഥാനം വിടരുത്, പാസ്പോർട്ട് സമര്‍പ്പിക്കണം, മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് തുടങ്ങിയ ഉപാധികളും ജാമ്യത്തിനായി കോടതി നിർദേശിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates