

തിരുവനന്തപുരം: വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണ നടപടികള്‍ ( എസ്‌ഐആര്‍ ) സുഗമവും സുതാര്യവുമായി നടക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി 14 ജില്ലകളിലേക്കും നിരീക്ഷകരെ നിയമിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പരാതി രഹിതമായി നടപടികള്‍ പൂര്‍ത്തിയാക്കുക ലക്ഷ്യമിട്ടാണ് നടപടിയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു.
മുതിര്‍ന്ന നാല് മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാരെയാണ് നിരീക്ഷകരായി നിയമിച്ചിട്ടുള്ളത്. ഡോ. എം ജി രാജമാണിക്യം, കെ ബിജു, ടിങ്കു ബിസ്വാള്‍, കെ വാസുകി എന്നിവരെയാണ് എസ്‌ഐആര്‍ നിരീക്ഷകരായി നിയമിച്ചിട്ടുള്ളത്.
രാജമാണിക്യത്തിന് കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളുടെ ചുമതലയാണ് നല്‍കിയിട്ടുള്ളത്. ബിജുവിന് മലപ്പുറം, പാലക്കാട് തൃശൂര്‍ ജില്ലകളുടേയും, ടിങ്കു ബിസ്വാളിന് എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളുടേയും ചുമതലയാണ്. കെ വാസുകിക്ക് ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളുടേയും ചുമതല നല്‍കിയിട്ടുണ്ട്.
എസ്‌ഐആര്‍ നടപടികളുടെ വിവിധ ഘട്ടങ്ങളില്‍ നിരീക്ഷകരായി നിയോഗിച്ച ഉദ്യോഗസ്ഥര്‍ അതത് ജില്ലകളില്‍ മൂന്ന് സന്ദര്‍ശനങ്ങള്‍ നടത്തും. കരട് വോട്ടര്‍ പട്ടികയെക്കുറിച്ചുള്ള അവകാശവാദങ്ങളും എതിര്‍പ്പുകളും പരിഗണിക്കുന്ന നോട്ടീസ് കാലയളവിലായിരിക്കും ആദ്യ സന്ദര്‍ശനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
അന്തിമ വോട്ടര്‍ പട്ടിക തയ്യാറാക്കുന്ന വേളയിലാകും മൂന്നാമത്തെ സന്ദര്‍ശനം. ആദ്യ സന്ദര്‍ശന വേളയില്‍, എംപിമാര്‍, എംഎല്‍എമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുമായി നിരീക്ഷകര്‍ കൂടിക്കാഴ്ചകള്‍ നടത്തുകയും, അവരുടെ പരാതികളും ആശങ്കകളും കേള്‍ക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates