തൃശൂർ; ക്വാറന്റീനിൽ കഴിയുന്ന കുടുംബങ്ങളുടെ സുഖവിവരം അന്വേഷിക്കുന്ന പൊലീസുകാരുടെ പതിവ് ഫോൺകോളായിരുന്നു അത്. മറുതലയ്ക്കൽ ഫോൺ എടുത്തത് ഒരു ആൺകുട്ടിയായിരുന്നു. 'സുഖമാണോ, എന്തൊക്കെയുണ്ട് വിശേഷം' എന്നുള്ള പൊലീസുകാരന്റെ ചോദ്യത്തിന് ‘ഇവിടെ എല്ലാവർക്കും കോവിഡാണ് സർ' എന്ന് അവൻ നിഷ്കളങ്കമായി പറഞ്ഞു. ഭക്ഷണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ‘സാർ, ചിക്കൻ കഴിച്ചിട്ടു കുറേ നാളായി. വാങ്ങിനൽകാൻ ഇപ്പോൾ ആരുമില്ല..’ എന്ന് മറുപടി.
ആ വാക്കുകളാണ് മാള ജനമൈത്രി പൊലീസിലെ സിപിഒമാരായ സജിത്തിനേയും മാർട്ടിനേയും വടമ മേക്കാട്ടിൽ മാധവന്റെ വീട്ടിലെത്തിച്ചത്. ചിക്കനും അത്യാവശ്യം സാധനങ്ങളും വാങ്ങി പൊലീസുകാർ എത്തിയപ്പോൾ കണ്ടത് ആറാം ക്ലാസുകാരന്റെ ദുരിത ജീവിതമാണ്. അഞ്ചു വർഷമായി തളർന്നു കിടക്കുന്ന അച്ഛനും വീട്ടു വേല ചെയ്തു കുടുംബം നോക്കുന്ന അമ്മയ്ക്കുമൊപ്പം പണിതീരാത്ത ആ കൊച്ചുവീട്ടിൽ കഴിയുന്ന സച്ചിൻ.
പഠിക്കാൻ പുസ്തകമോ എഴുതാൻ പേനയോ ഇല്ലെന്ന സച്ചിന്റെ വാക്കുകളിൽ നിന്നാണ് ആ കുടുംബത്തിന്റെ ദുരിതജീവിതത്തെക്കുറിച്ച് പൊലീസുകാർ അറിയുന്നത്. ചിക്കൻ വാങ്ങിക്കൊണ്ടു വന്നാൽ വയ്ക്കാൻ പലചരക്കു സാധനങ്ങളുണ്ടോ എന്നു ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു സച്ചിന്റെ വിഷമത്തോടെയുള്ള മറുപടി. ഇതോടെ ചിക്കനും പലചരക്കു സാധനങ്ങളുമായി പൊലീസ് വീട്ടിലെത്തി.
കൂലിപ്പണിക്കാരനായിരുന്ന അച്ഛൻ മാധവൻ 5 വർഷമായി തളർന്നു കിടക്കുകയാണ്. കാൽ നൂറ്റാണ്ടു മുൻപു നിർമാണം പാതിവഴിക്കു നിലച്ച വീട്ടിലാണ് താമസം. അമ്മ ലതിക വീട്ടുജോലിക്കു പോയാണു കുടുംബം നോക്കുന്നത്. മൂന്നു പേർക്കും കോവിഡ് ബാധിച്ചതോടെ ജോലിക്കു പോകാൻ പറ്റാതായി. സമീപത്തു താമസിക്കുന്ന അധ്യാപികയാണ് സച്ചിന് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ മൊബൈൽ ഫോൺ നൽകുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates