

തൃശൂർ: വാൽപാറയിൽ പുലിയുടെ ആക്രമണത്തിൽ ബാലിക മരിച്ചതിന്റെ നടുക്കം മാറാതെ നാട്ടുകാർ. വീടിനു മുന്നിൽ കൂട്ടുകാര്‍ക്കൊപ്പം കളിച്ചു കൊണ്ടിരുന്ന അപ്സര എന്ന ആറ് വയസുകാരിയെ തേയില ചെടികള്‍ക്കിടയില്‍ ഒളിച്ചിരുന്ന പുലി വലിച്ചിഴച്ചു കൊണ്ടു പോവുകയായിരുന്നു.
കുട്ടിയെ തേയില തോട്ടത്തിനിടയിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോകുന്നത് കണ്ട് തൊഴിലാളികൾ ബഹളം വച്ചതോടെ കുട്ടിയെ താഴെയിട്ട് പുലി ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. വാൽപ്പറായ്ക്ക് സമീപം കരുമല എസ്റ്റേറ്റിലെ തൊഴിലാളിയായ ഝാർഖണ്ഡ് സ്വദേശി അനുൽ അൻസാരിയുടെ മകളാണ് അപ്സര. കുട്ടിയുടെ മൃതദേഹം സമീപത്തെ വനത്തോട് ചേര്‍ന്ന അതിര്‍ത്തിയില്‍ നിന്നാണ് കണ്ടെത്തിയത്.
ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. പ്രദേശത്തെ കുറ്റിക്കാടുകൾ നീക്കം ചെയ്യാൻ അധികൃതർ നടപടിയെടുക്കാത്തത് ദുഃഖകരമാണെന്ന് നാട്ടുകാർ പറഞ്ഞു. പലതവണ ഇക്കാര്യം അധികൃതരെ അറിയിച്ചിരുന്നു. വാൽപാറ മേഖലയിലെ എല്ലാ എസ്റ്റേറ്റ് പ്രദേശങ്ങളിലെയും കുറ്റിക്കാടുകൾ നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. വന്യമൃഗശല്യം മൂലം പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും കഴിയാതെ വലയുകയാണ് നാട്ടുകാർ.
മറ്റു കുട്ടികൾക്കൊപ്പം അപ്സര വീടിനു മുന്നിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ പുലി ചാടി വീഴുകയായിരുന്നു. അപ്സരയുടെ മാതാപിതാക്കൾ തൊട്ടടുത്ത് വീട്ടിൽ ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിന് പോയ സമയത്താണ് ആക്രമണം ഉണ്ടായത്. കുട്ടിയുടെ മൃതദേഹം വാൽപ്പാറ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates