

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ (കെ.എസ്.ബി.സി.ഡി.സി) മുൻ മാനേജിങ് ഡയറക്ടർമാരും ഉൾപ്പെടെയുള്ളവർ പ്രതികളായ 15.85 കോടി രൂപയുടെ എസ്എൻഡിപി മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ആവശ്യമുണ്ടോ എന്ന കാര്യത്തിൽ ഹൈക്കോടതി തീരുമാനമെടുക്കും. 2016-ൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ (വിഎസിബി) രജിസ്റ്റർ ചെയ്ത കേസിൽ കാര്യക്ഷമനായ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് 2020-ൽ സമർപ്പിച്ച രണ്ട് ഹർജികൾ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. നിയമപരമായ വ്യവസ്ഥകൾ പരിശോധിച്ച് പ്രോസിക്യൂഷൻ അനുമതിയുടെ കാര്യത്തിൽ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും.
ഹർജിക്കാരന്റെ അഭിഭാഷകൻ ഡി. അനിൽ കുമാറിന്റെയും, ആഭ്യന്തര, വിജിലൻസ് വകുപ്പുകൾക്കും പിന്നാക്ക വിഭാഗ വികസന വകുപ്പിനും (ബിസിഡിഡി) വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി അനൂപ് വി. നായരുടെയും വിശദമായ വാദങ്ങൾ ജസ്റ്റിസ് എ. ബദറുദ്ദീൻ കേട്ടു. കേസിൽ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാരിന്റെ അനുമതി ആവശ്യമില്ലെന്നാണ് നിലവിലെ സർക്കാർ നിലപാടെന്ന് സ്റ്റേറ്റ് അറ്റോർണി കോടതിയെ അറിയിച്ചു. എസ്എൻഡിപി യോഗം പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ നോഡൽ ഏജൻസിയല്ലെന്നും, അഴിമതി നിരോധന നിയമപ്രകാരം പൊതുപ്രവർത്തകർ എന്ന നിർവ്വചനത്തിന്റെ പരിധിയിൽ വരില്ലെന്നുമാണ് സർക്കാർ വാദം. ഒരു എൻജിഒ എന്ന നിലയിലാണ് കോർപ്പറേഷൻ എസ്എൻഡിപിക്ക് തുക അനുവദിച്ചതെന്നും, ഈ തുക വ്യക്തികൾക്ക് നൽകാനുള്ള അനുമതി മാത്രമാണ് നൽകിയതെന്നും സർക്കാർ വ്യക്തമാക്കി.
എന്നാൽ, നേരത്തെ വിജിലൻസും ആഭ്യന്തര വകുപ്പും സ്വീകരിച്ച നിലപാടിൽ നിന്ന് സർക്കാർ മാറിയതിനെ കോടതി ചൂണ്ടിക്കാട്ടി. അന്വേഷണം നടത്തി കുറ്റകൃത്യം കണ്ടെത്തിയ വിജിലൻസ്, പ്രതികൾ പൊതുപ്രവർത്തകരാണെന്നും പ്രോസിക്യൂഷൻ അനുമതി വേണമെന്നുമാണ് മുൻപ് വിലയിരുത്തിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അനുമതിക്കായി നീങ്ങിയത്. എന്നാൽ ഇപ്പോൾ അനുമതി ആവശ്യമില്ലെന്ന് വകുപ്പ് സെക്രട്ടറി പറയുന്നു. ആഭ്യന്തര വകുപ്പും വിജിലൻസും ഇപ്പോൾ ഈ നിലപാടിനോട് യോജിക്കുന്നുണ്ടെങ്കിൽ വിജിലൻസിന്റെ മുൻ നിലപാട് തെറ്റായിരുന്നു എന്നാണോ അർത്ഥമെന്ന് കോടതി ചോദിച്ചു. സർക്കാരിന്റെ നിലപാട് പ്രോസിക്യൂഷൻ അനുമതി നൽകേണ്ടതില്ല എന്നതാണെന്നും അത് കോടതിക്ക് രേഖപ്പെടുത്താമെന്നും സ്റ്റേറ്റ് അറ്റോർണി ഇതിന് മറുപടി നൽകി.
അതേസമയം, കേസിൽ പ്രതികളെ വിചാരണ ചെയ്യാൻ പ്രോസിക്യൂഷൻ അനുമതി ആവശ്യമാണെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. ഇരുവിഭാഗത്തിന്റെയും വാദങ്ങൾ കേട്ട കോടതി, പ്രോസിക്യൂഷൻ അനുമതി ആവശ്യമാണോ അല്ലയോ എന്ന കാര്യം നിയമപരമായ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ കോടതി തന്നെ തീരുമാനിക്കുമെന്ന് വ്യക്തമാക്കി. ഗൗരവമേറിയ ഒരു നിയമ പ്രശ്നം ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ, എന്താണ് യഥാർത്ഥ നിയമം എന്ന് വ്യക്തമാക്കുന്ന കോടതി ഉത്തരവ് ഉണ്ടാകുമെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഹർജി ഉത്തരവ് പറയാനായി മാറ്റിവെച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates