

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണ മോഷണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തങ്ങളാരും ഇതുവരെ കക്ഷിരാഷ്ട്രീയം കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. അത് ആരായാലും ശിക്ഷ ലഭിക്കുക തന്നെ വേണം. ഇതുമായി ബന്ധപ്പെട്ട് ധാരാളം പേര്‍ നല്ല കോണ്‍ഗ്രസ് ബാന്ധവം ഉള്ളവരാണ്. ആരുടെയും പേര് തങ്ങള്‍ ആരും ഇതുവരെ പറഞ്ഞിട്ടില്ല, കുറ്റവാളിയാണെങ്കില്‍ അന്വേഷണ സംഘം കണ്ടെത്തട്ടെ. അതുമായി ബന്ധപ്പെട്ട നിയമനടപടികള്‍ സ്വീകരിക്കട്ടെ എന്നാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
'രാഷ്ട്രീയ ലാഭത്തിന് വേണ്ടി പലതരത്തിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതുമായി ബന്ധപ്പെട്ട് എന്റെ പേരും ഉപയോഗിക്കുന്നുണ്ടാകും. ചിത്രങ്ങളും വക്രീകരിച്ച് ഉപയോഗിക്കുന്നുണ്ടാകും. ശബരിമല വിഷയത്തില്‍ കക്ഷിരാഷ്ട്രീയം കാണാതെ നിലപാടുകള്‍ സ്വീകരിച്ചപ്പോള്‍ എതെല്ലാം തരത്തില്‍ എല്‍ഡിഎഫിനെ മോശമായി ചിത്രികരിക്കാം എന്നാണ് യുഡിഎഫ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി അവര്‍ വ്യാപകമായ പ്രചാരണം നടത്തുന്നു; പാട്ടുപാടുന്നു; സഖാക്കളെ കള്ളന്മാര്‍ എന്നു വിളിക്കുന്നു. ഇങ്ങനെയെല്ലാമുള്ള കാര്യങ്ങള്‍ നടക്കുകയാണ്. ഇവിടെ ചില ചില കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തേണ്ടതുണ്ട് എന്നാണ് തോന്നുന്നത്. ഇതൊന്നും പറയാന്‍ പറ്റുന്നതല്ല, എന്നാലും പറയാതിരിക്കാനും പറ്റില്ല, ഇങ്ങനെ പറയിക്കലാണോ പഴയ അഭ്യന്തരമന്ത്രി ഉദ്ദേശിച്ചതെന്നും അറിയില്ല. അദ്ദേഹം കൂടി താല്‍പര്യപ്പെടുന്ന കാര്യം ആയതുകൊണ്ട് പറയുന്നതാണ് നല്ലത്.
സ്വര്‍ണ്ണക്കൊള്ള കേസില്‍ നിലവില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റി, പോറ്റി സ്വര്‍ണ്ണം വിറ്റ ഗോവര്‍ധന്‍ എന്ന ബല്ലാരി സ്വദേശിയായ വ്യാപാരി ഇവര്‍ രണ്ട് പേരും സോണിയാ ഗാന്ധിയുമായി നില്‍ക്കുന്ന ചിത്രം പുറത്തായിട്ടുണ്ട്. ഒരു ചിത്രത്തില്‍ ഗോവര്‍ധന്‍ എന്ന ഈ കേസിലെ പ്രതിയില്‍ നിന്ന് സോണിയാ ഗാന്ധി ഉപഹാരം സ്വീകരിക്കുന്ന നിലയില്‍ ആണ്. രണ്ടാമത്തെ ചിത്രത്തില്‍ കേസിലെ പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയാ ഗാന്ധിയുടെ കൈയ്യില്‍ എന്തോ കെട്ടി കൊടുക്കുന്നതാണ്. ചിത്രത്തില്‍ ശബരിമല ഉള്‍ക്കൊള്ളുന്ന പത്തനംതിട്ട എം പി ആന്റോ ആന്റണിയും, പത്തനംതിട്ട ജില്ലക്കാരനും നിലവില്‍ ആറ്റിങ്ങല്‍ എം പിയുമായ അടൂര്‍ പ്രകാശും സോണിയാ ഗാന്ധിക്ക് ഒപ്പം.
രാജ്യത്തെ തന്ത്ര പ്രധാന സുരക്ഷയുള്ള ഏതാനും ചിലരില്‍ ഒരാള്‍ ആണ് സോണിയാ ഗാന്ധി. അവരുടെ അപ്പോയിന്‍മെന്റ് ലഭിക്കാന്‍ ഉള്ള കാലതാമസത്തെ പറ്റി ഒരു പാട് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പരാതി പറഞ്ഞിട്ടുണ്ട്. ഇന്നും കേരളത്തില്‍ ലീഡര്‍ എന്ന വിശേഷണ പദത്തോടെ സാധാരണ കോണ്‍ഗ്രസ്‌കാര്‍ വിളിക്കുന്ന കെ കരുണാകരന്‍ പറഞ്ഞത് ഓര്‍മ്മയില്ലേ? 2003 ല്‍ കെ കരുണാകരന്‍ അപ്പോയിന്‍മെന്റ് ലഭിക്കാതെ കേരളാ ഹൗസില്‍ താമസിക്കേണ്ടി വന്നതും പിന്നാലെ കേരളത്തില്‍ മടങ്ങി എത്തി നീരസം പരസ്യമാക്കിയതും നിങ്ങളില്‍ ചിലര്‍ക്ക് എങ്കിലും ഓര്‍മ്മ കാണുമല്ലോ?.
അസം മുഖ്യമന്ത്രിയും പഴയ കോണ്‍ഗ്രസ് നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ്മ ഗാന്ധി കുടുംബത്തിന്റെ അപ്പോയിന്‍മെന്റിന് ശ്രമിച്ചതും മടുത്തപ്പോള്‍ ബി ജെ പിയില്‍ ചേര്‍ന്നതും അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അരുണാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി മുഴുവനായി ബി ജെ പി ആയി മാറിയതിന് പിന്നിലും ഈ അപ്പോയില്‍മെന്റ് ലഭിക്കാത്തത് ആണ് എന്ന വാര്‍ത്ത വന്നിരുന്നല്ലോ. രാജ്യത്തെ മുന്‍നിര കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും എളുപ്പത്തില്‍ ലഭിക്കാത്ത സോണിയാ ഗാന്ധിയുമായുള്ള അപ്പോയിന്‍മെന്റ് ഈ സ്വര്‍ണ്ണക്കേസ് പ്രതികള്‍ക്ക് എങ്ങനെ ലഭിച്ചു ?
ഇവിടെ സെക്രട്ടറിയേറ്റിന് മുന്നിലുള്ള പോര്‍ട്ടിക്കോയില്‍ വെച്ചായിരുന്നു ഒരു കൂട്ടര്‍ ശബരിമലയ്ക്ക് കൊടുക്കുന്ന ആംബുലന്‍സിന്റെ ഉദ്ഘാടനം നടന്നത്. അവിടെ ആള്‍ക്കുട്ടത്തിനിടയില്‍ പോറ്റി ഉണ്ടായിരുന്നു എന്നും എന്റെ അടുത്തായിരുന്നു എന്നും പറഞ്ഞാണ് പ്രചരണം നടക്കുന്നത്. അതുപോലെ അല്ലല്ലൊ ഇത്. ഒരു പൊതു ഇടത്തില്‍ ഉണ്ടായിരുന്ന പോലെ അല്ല, അപ്പോയിന്റ്‌മെന്റ് എടുത്ത് കൈയ്യില്‍ കെട്ടികൊടുക്കുന്ന പോലുള്ള സംഭവം നടക്കുന്നത്.
സോണിയാ ഗാന്ധിയുടെ വസതിയില്‍ ഇവരെയും വിളിച്ച് കൊണ്ട് പോകാന്‍ മാത്രം അടൂര്‍ പ്രകാശിനും ആന്റോ ആന്റണിക്കും എന്ത് തരം ബന്ധം ആണ് ഈ പോറ്റിയുമായും ഗോവര്‍ദ്ധനനുമായും ഉള്ളത് ? ഇത് അവരാണ് വ്യക്തമാക്കേണ്ടത്. യു ഡി എഫ് ഭരണകാലത്ത് ശബരിമലയില്‍ നടന്ന പ്രധാനപ്പെട്ട ചടങ്ങുകളില്‍ ഈ പോറ്റിയും ഗോവര്‍ദ്ധനും എങ്ങനെ പ്രധാന പങ്കാളികള്‍ ആയി. ഈ ചോദ്യങ്ങള്‍ക്ക് പ്രതിപക്ഷ നേതാവോ മുന്‍ പ്രതിപക്ഷ നേതാവോ മറുപടി പറഞ്ഞിട്ടുണ്ടോ? ഈ ഭാഗങ്ങളൊക്കെ മറച്ചുവെച്ചുകൊണ്ട് മറ്റ് പ്രചരണങ്ങള്‍ നടത്തുന്നതില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ടോ?'- മുഖ്യമന്ത്രി ചോദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates