'അതെ..സാഹബ് ഇനിയില്ല..'; രാജീവിന്റെ മരണം സോണിയയോട് സ്ഥിരീകരിച്ചത് വിന്‍സന്റ് ജോര്‍ജ്

രാജീവ് ഗാന്ധി കൊല്ലപ്പെട്ടെന്ന വാര്‍ത്ത സോണിയ ഗാന്ധിയോട് സ്ഥിരീകരിച്ചത് അദ്ദേഹത്തിന്റെ ദീര്‍ഘകാല പേഴ്‌സണല്‍ അസിസ്റ്റന്റും പന്തളം സ്വദേശിയുമായ വിന്‍സന്റ് ജോര്‍ജ്
Sonia's autobiography 'Belonging: A Journey of Love'
Sonia's autobiography 'Belonging: A Journey of Love'source: ANI
Edited By:
Updated on: 
2 min read

രാജീവ് ഗാന്ധി കൊല്ലപ്പെട്ടെന്ന വാര്‍ത്ത സോണിയ ഗാന്ധിയോട് സ്ഥിരീകരിച്ചത് അദ്ദേഹത്തിന്റെ ദീര്‍ഘകാല പേഴ്‌സണല്‍ അസിസ്റ്റന്റും പന്തളം സ്വദേശിയുമായ വിന്‍സന്റ് ജോര്‍ജ്. ഇന്നലെ പുറത്തിറങ്ങിയ സോണിയയുടെ ആത്മകഥ 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്'' ലാണ് ആ രാത്രിയുടെ വിവരണമുള്ളത്.

മുഖം വിളറി, പതിവിലും ഇരുണ്ട കണ്ണുകളുമായി മുറിയിലേക്ക് വന്ന മകള്‍ പ്രിയങ്കയാണ് ആദ്യം വിവരം അറിയിച്ചത്. ഒരു ബോംബ് സ്‌ഫോടനം ഉണ്ടായെന്നും പപ്പയ്ക്ക് ചുറ്റുമുണ്ടായിരുന്ന പന്ത്രണ്ട് പേര്‍ മരിച്ചെങ്കിലും അദ്ദേഹം സുരക്ഷിതനാണെന്നുമാണ് ഫോണ്‍ വന്നതെന്ന് പ്രിയങ്ക പറഞ്ഞു. പന്ത്രണ്ട് പേര്‍ മരിച്ചെങ്കില്‍ പപ്പയ്ക്ക് പരിക്കേറ്റിട്ടുണ്ടാകുമെന്നും ആശുപത്രിയിലായിരിക്കുമെന്നും മദ്രാസിലേക്ക് പോകാനായി വസ്ത്രം മാറാനും പ്രിയങ്ക ആവശ്യപ്പെട്ടു.

മകള്‍ പറയുന്നതൊന്നും തനിക്ക് ആദ്യം മനസ്സിലായില്ലെന്ന് സോണിയ എഴുതുന്നു. രാജീവ് മദ്രാസിലായിരുന്നോ, എന്ത് ബോംബ് എന്നൊക്കെയായിരുന്നു ചിന്ത. വാക്കുകളെക്കാള്‍ പ്രിയങ്കയുടെ ശബ്ദത്തിലെ ഭീതിയാണ് സത്യം തിരിച്ചറിയിച്ചത്. 'എനിക്ക് ശ്വസിക്കാന്‍ കഴിഞ്ഞില്ല,'- സോണിയ ഓര്‍ക്കുന്നു. വിവരം അന്വേഷിക്കാമെന്ന് ജോര്‍ജ് പറഞ്ഞിരുന്നെങ്കിലും തിരിച്ചുവിളിച്ചില്ലെന്നും ഇപ്പോള്‍ ഫോണ്‍ എടുക്കുന്നില്ലെന്നും പറഞ്ഞ് പ്രിയങ്ക ഓഫീസിലേക്ക് ഓടി. കുറെ നേരം കഴിഞ്ഞ് തിരിച്ചെത്തിയ പ്രിയങ്ക പറഞ്ഞു: 'പപ്പ മരിച്ചു.' മകളുടെ കൈകളില്‍ തളര്‍ന്നുവീണ സോണിയ, 'ഞാന്‍ അദ്ദേഹത്തിനൊപ്പം പോകേണ്ടതായിരുന്നു' എന്ന് പറഞ്ഞു കരഞ്ഞു.

എന്നിട്ടും വിശ്വസിക്കാനാകാതെ, പ്രതീക്ഷ കൈവിടാതെ, സോണിയ നേരിട്ട് ജോര്‍ജിനെ ഫോണില്‍ വിളിച്ചു: 'സത്യമാണോ എന്ന് മാത്രം പറയൂ.' ഇടറിയ ശബ്ദത്തില്‍ ജോര്‍ജ് മറുപടി നല്‍കി: 'അതെ, സത്യമാണ്, സാഹബ് ഇനിയില്ല.'

തന്റെ ലോകം ഇരുട്ടിലായതുപോലെയും ആ ഇരുട്ട് തന്നെ മുഴുവനായി വിഴുങ്ങിയതുപോലെയും തോന്നിയെന്ന് സോണിയ എഴുതുന്നു. അദ്ദേഹമില്ലാതെ താന്‍ ജീവിക്കാന്‍ ആഗ്രഹിച്ചില്ലെന്നും അവര്‍ കുറിക്കുന്നു. മെയ് 24-ന് തീന്‍ മൂര്‍ത്തി ഭവനില്‍നിന്ന് രാജീവിന്റെ ഭൗതികശരീരം പുറത്തേക്ക് കൊണ്ടുപോയപ്പോള്‍ രാഹുലിനും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ചുമന്നവരില്‍ രാജീവിന്റെ വിശ്വസ്തരായ രണ്ട് സഹായികള്‍, ആര്‍ കെ ധവാനും വിന്‍സന്റ് ജോര്‍ജും ഉണ്ടായിരുന്നു.

പുസ്തകത്തില്‍ ആറിടത്ത് ജോര്‍ജിനെക്കുറിച്ച് പറയുന്നുണ്ട്. ഇന്ദിരാ ഗാന്ധി അധികാരമൊഴിഞ്ഞശേഷം കുടുംബം 12 വില്ലിങ്ടണ്‍ ക്രസന്റിലേക്ക് മാറിയപ്പോള്‍, മുന്‍വശത്തെ പൂന്തോട്ടത്തില്‍ കെട്ടിയ ടെന്റിലാണ് ഇന്ദിരയുടെ ഓഫീസ് പ്രവര്‍ത്തിച്ചത്. അവിടെ അവരുടെ രണ്ട് സെക്രട്ടറിമാരായ ആര്‍ കെ ധവാനും ജോര്‍ജുമാണ് ഉണ്ടായിരുന്നത്. പിന്നീട് ജോര്‍ജ് 'രാജീവിന്റെ വിശ്വസ്തനായ പേഴ്‌സണല്‍ അസിസ്റ്റന്റ്' ആയെന്നും വര്‍ഷങ്ങളോളം തന്റെ ഓഫീസിലും അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ചെന്നും സോണിയ എഴുതുന്നു.

രാജീവ് പ്രധാനമന്ത്രിയായശേഷം തന്റെ യാത്രകളും പരിപാടികളും സംബന്ധിച്ച ആശയവിനിമയം അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സെക്രട്ടറിമാരായ ജോര്‍ജ്, എസ് വി പിള്ള, പി പി മാധവന്‍ എന്നിവരുമായി ഇന്റര്‍കോം വഴിയായിരുന്നു. വിദൂരഗ്രാമങ്ങളിലൂടെയുള്ള രാജീവിന്റെ യാത്രകളില്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ കുറിച്ചെടുക്കാനും തുടര്‍നടപടി ഉറപ്പാക്കാനും ചുമതലപ്പെടുത്തിയിരുന്ന സഹായികളില്‍ മണിശങ്കര്‍ അയ്യര്‍, വജാഹത് ഹബീബുള്ള, പുലോക് ചാറ്റര്‍ജി എന്നിവര്‍ക്കൊപ്പം ജോര്‍ജുമുണ്ടായിരുന്നു.

ജീവനക്കാരുടെയും ചിലപ്പോള്‍ സഹപ്രവര്‍ത്തകരുടെയും അശ്രദ്ധയും കാര്യക്ഷമതയില്ലായ്മയും രാജീവിനെ ചൊടിപ്പിച്ചിരുന്നുവെന്ന് സോണിയ പറയുന്നു. ജോര്‍ജിനെ 'വര്‍ഷങ്ങളായുള്ള അദ്ദേഹത്തിന്റെ വിശ്വസ്ത പിഎ' എന്നാണ് സോണിയ വിശേഷിപ്പിക്കുന്നത്. പലപ്പോഴും മറ്റുള്ളവര്‍ വരുത്തിയ പിഴവുകള്‍ക്കുപോലും ശകാരം കേള്‍ക്കേണ്ടിവന്നത് ജോര്‍ജിനായിരുന്നു. എന്നാല്‍ രാജീവിന്റെ മരണശേഷം, 'സാഹബിന്റെ ശകാരങ്ങള്‍' ഇല്ലാത്തതിന്റെ നഷ്ടം എത്ര വലുതാണെന്ന് ജോര്‍ജ് തന്നോട് പറഞ്ഞു.

വിന്‍സന്റ് ജോര്‍ജ്

1974-ല്‍ ജോലി തേടി ഡല്‍ഹിയിലെത്തിയ വിന്‍സന്റ് ജോര്‍ജ്, ടൈപ്പിങ്ങിലെ മികവിന്റെ ബലത്തില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് ജോലിയില്‍ പ്രവേശിച്ചു. സഞ്ജയ് ഗാന്ധിയുടെ ശ്രദ്ധ നേടിയതോടെ പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹത്തിന്റെ വളര്‍ച്ച തുടങ്ങി. സഞ്ജയിന്റെ മരണത്തെത്തുടര്‍ന്ന് രാജീവ് രാഷ്ട്രീയത്തിലെത്തിയപ്പോള്‍ ജോര്‍ജ് അദ്ദേഹത്തിന്റെ സഹായിയായി. രാജീവ് പ്രധാനമന്ത്രിയായതോടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയ ജോര്‍ജ്, രാജീവിനെ കാണാനെത്തുന്നവരുടെ കാര്യത്തില്‍ നിര്‍ണായക സ്വാധീനമുള്ളയാളായി മാറി.

രാജീവിന്റെ മരണശേഷവും ഗാന്ധി കുടുംബത്തോടൊപ്പം ഉറച്ചുനിന്ന ജോര്‍ജ്, സോണിയയുടെയും മക്കളുടെയും ദൈനംദിന കാര്യങ്ങളിലും കുടുംബത്തിന്റെ രാഷ്ട്രീയ നീക്കങ്ങളിലും പിന്നണിയിലെ സജീവസാന്നിധ്യമായി തുടര്‍ന്നു.

Sonia's autobiography 'Belonging: A Journey of Love'
'അണ്ണാ ഹസാരെയുടെ സമരത്തിന് പിന്നിൽ ബിജെപിയും ആർഎസ്എസും; വെളിപ്പെടുത്തലുമായി സോണിയ ഗാന്ധി
Sonia's autobiography 'Belonging: A Journey of Love'
ഇത്രമാത്രം ഞെട്ടലുണ്ടാക്കാന്‍ എന്തുണ്ടായി? അച്ഛന്‍ പ്രധാനമന്ത്രി പദം ആഗ്രഹിച്ചതില്‍ എന്താണ് തെറ്റ്? സോണിയക്കെതിരെ പ്രണബിന്റെ മകള്‍
Summary

Sonia's autobiography 'Belonging: A Journey of Love', more updation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER