'കോളജില്‍ ആണ്‍കുട്ടികളോട് സംസാരിക്കാന്‍ പാടില്ല, പെണ്‍കുട്ടികള്‍ തോളില്‍ കയ്യിട്ടുനടന്നാല്‍ സംശയം; അമല്‍ജ്യോതി എന്ന തടവറ'

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനിയറിങ് കോളജിലെ വിദ്യാര്‍ഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ, മാനേജ്‌മെന്റിന്റെ വിദ്യാര്‍ഥി വിരുദ്ധ നിലപാടുകള്‍ വ്യക്തമാക്കി പൂര്‍വ്വവിദ്യാര്‍ഥിനി
അമല്‍ജ്യോതി കോളജ്, ശ്രദ്ധ സതീഷ്
അമല്‍ജ്യോതി കോളജ്, ശ്രദ്ധ സതീഷ്
Updated on
2 min read

കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനിയറിങ് കോളജിലെ വിദ്യാര്‍ഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ, മാനേജ്‌മെന്റിന്റെ വിദ്യാര്‍ഥി വിരുദ്ധ നിലപാടുകള്‍ വ്യക്തമാക്കി പൂര്‍വ്വവിദ്യാര്‍ഥിനിയും എഴുത്തുകാരിയുമായ അനുജ ഗണേഷ്. കോളജും ഹോസ്റ്റലും വിദ്യാര്‍ഥികള്‍ക്ക് പീഡശാലയാണെന്ന് അനുജ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 'ഇന്റെര്‍ണല്‍ മാര്‍ക്ക് എന്നൊന്നുണ്ടെന്നും, നിന്റെയൊക്കെ ഭാവി ഞങ്ങള്‍ തീരുമാനിക്കുമെന്നും ആക്രോശിക്കുന്ന മാനസികവൈകല്യമുള്ള കുറെ അധ്യാപകര്‍, സിസ്റ്റേഴ്‌സ്, പഠനത്തില്‍ മോശം ആണെങ്കില്‍ സ്വഭാവം മോശമാണെന്നുള്ള സര്‍ട്ടിഫിക്കറ്റ് കൂടെ അവര്‍ അവിടെ കൊടുക്കുന്നുണ്ട്. റെക്കോര്‍ഡ് ബുക്കുകള്‍ ലാബിന്റെ വെളിയിലേക്ക് വലിച്ചെറിയുന്നതിലും ഉള്ളതിനും ഇല്ലാത്തത്തിനും ഒക്കെ ഫൈന്‍ അടപ്പിക്കുന്നതിലും ക്ലാസിന് പുറത്തുനിര്‍ത്തുന്നതിലും മറ്റു കുട്ടികളുടെ മുന്‍പില്‍ അപമാനിക്കുന്നതിലും റെക്കോര്‍ഡ് ബുക്കില്‍ ഒപ്പ് വാങ്ങിക്കാന്‍ കാത്തുനിര്‍ത്തുന്നതിലും ഒക്കെ  സന്തോഷം കണ്ടെത്തുന്ന സാഡിസ്റ്റുകള്‍ ആണ് പലരുംട- അമല്‍ജ്യോതി കോളജിലെ അധ്യാപകരെ കുറിച്ച് അനുജ പറയുന്നു. 

അനുജ ഗണേഷിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം: 

അമല്‍ ജ്യോതിയിലെ നാല് നരകവര്‍ഷങ്ങള്‍

ചില കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ആദ്യം ഉണ്ടാകുന്ന മരവിപ്പില്‍ നിന്ന് പുറത്തു വരാന്‍ അല്പസമയം വേണ്ടി വരും. ശ്രദ്ധയുടെ മരണം അതുപോലെയൊന്നാണ്. അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളജിന്റെ അന്തരീക്ഷം നേരിട്ട് അനുഭവിച്ചറിഞ്ഞ ഒരു പൂര്‍വവിദ്യാര്‍ഥി എന്ന നിലയില്‍, ശ്രദ്ധയുടെ ദാരുണമായ ആത്മഹത്യയില്‍ എനിക്ക് അതിയായ ദുഖവും അസ്വസ്ഥതയും ഉണ്ട്. കോളജിലെ അടിച്ചമര്‍ത്തലിന്റെയും, അമിതമായ കര്‍ശന നിയമങ്ങളുടെയും ഫലങ്ങള്‍ നേരിട്ട്  അനുഭവിക്കാനും കാണാനും ഇടയായിട്ടുള്ളതിനാല്‍ തന്നെ ശ്രദ്ധ എനിക്ക് പരിചയം ഉള്ള ഒരാളായി തന്നെ തോന്നുന്നു. ആ തോന്നലുണ്ടാകാന്‍ കാരണവുമുണ്ട്. 'എനിക്ക് മരിച്ചാല്‍ മതി' എന്ന് ശ്രദ്ധ പറഞ്ഞ വാക്കുകള്‍ എന്റെ സഹപാഠികളും പറയുന്നത് ആ ക്യാമ്പസ്സില്‍ ഞാനും കേട്ടിട്ടുണ്ട്. അതിന് ധൈര്യം ഇല്ലാതെ പോയതുകൊണ്ട് മാത്രം ഇന്നും അവര്‍ ജീവിച്ചിരിപ്പുണ്ട്.

മധ്യകേരളത്തിലെ ഒട്ടുമിക്ക ഇടത്തരം കുടുംബങ്ങളും 12 ആം ക്ലാസ്സ് പാസ്സായ സ്വന്തം മക്കളെ നഴ്‌സിങ്ങിനും എഞ്ചിനീറിങ്ങിനും ഒക്കെ ചേര്‍ക്കുന്നത് വിദേശത്തു പോയി ജോലി ചെയ്തു ജീവിക്കുക എന്ന ലക്ഷ്യത്തോടെ ആണ്. അതേ സ്വപ്നഭാരം ചുമന്നുകൊണ്ടാണ്, ഭാഷ മാത്രം പഠിക്കാന്‍ താത്പര്യവും കഴിവും ഉണ്ടായിരുന്ന ഞാനും എഞ്ചിനീയറിംഗ് തിരഞ്ഞെടുക്കുന്നത്.

കോളജില്‍ എത്തിയ ആദ്യ ദിവസം തന്നെ അവിടുത്തെ നിയമാവലി കേട്ട് കലാലയ ജീവിതം കരാഗ്രഹ ജീവിതമാണെന്ന് ഞാന്‍ മനസിലാക്കി. അടങ്ങിയൊതുങ്ങി ജീവിക്കുക എന്ന ഒറ്റവാക്കില്‍ എല്ലാം ഉണ്ടായിരുന്നു. ഇന്റെര്‍ണല്‍ മാര്‍ക്ക് എന്നൊന്നുണ്ടെന്നും, നിന്റെയൊക്കെ ഭാവി ഞങ്ങള്‍ തീരുമാനിക്കുമെന്നും ആക്രോശിക്കുന്ന മാനസികവൈകല്യമുള്ള കുറെ അധ്യാപകര്‍,സിസ്റ്റേഴ്‌സ്,പഠനത്തില്‍ മോശം ആണെങ്കില്‍ സ്വഭാവം മോശമാണെന്നുള്ള സര്‍ട്ടിഫിക്കറ്റ് കൂടെ അവര്‍ അവിടെ കൊടുക്കുന്നുണ്ട്. റെക്കോര്‍ഡ് ബുക്കുകള്‍ ലാബിന്റെ വെളിയിലേക്ക് വലിച്ചെറിയുന്നതിലും, ഉള്ളതിനും ഇല്ലാത്തത്തിനും ഒക്കെ ഫൈന്‍ അടപ്പിക്കുന്നതിലും , ക്ലാസിന് പുറത്തുനിര്‍ത്തുന്നതിലും, മറ്റു കുട്ടികളുടെ മുന്‍പില്‍ അപമാനിക്കുന്നതിലും, റെക്കോര്‍ഡ് ബുക്കില്‍ ഒപ്പ് വാങ്ങിക്കാന്‍ കാത്തുനിര്‍ത്തുന്നതിലും ഒക്കെ  സന്തോഷം കണ്ടെത്തുന്ന സാഡിസ്റ്റുകള്‍ ആണ് പലരും. 

കോളജ് ഒന്നുമല്ല ഹോസ്റ്റല്‍ ആണ് യഥാര്‍ത്ഥ പീഡനശാല. ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല, ഉറക്കെ സംസാരിക്കാന്‍ പാടില്ല, 8.30 കഴിഞ്ഞാല്‍ കോറിഡോറില്‍ നടക്കാന്‍ പാടില്ല, രാത്രി വൈകി ലൈറ്റ്  ഉപയോഗിക്കാന്‍ പാടില്ല,കോളജില്‍  ആണ്‍കുട്ടികളോട് സംസാരിക്കുന്നതാണ് പ്രശ്‌നമെങ്കില്‍, ഹോസ്റ്റലില്‍ രണ്ട് പെണ്‍കുട്ടികള്‍ തോളില്‍ കൈയിട്ട് നടക്കുന്നത് പോലും സംശയദൃഷ്ടിയോടെയാണ് അവര്‍ കാണുന്നത്. കര്‍ത്താവിന്റെ മണവാട്ടികള്‍ എന്ന് ബഹുമാനത്തോടെ നാം വിളിക്കുന്ന പല സിസ്റ്റേഴ്സും പറയുന്ന ഭാഷ കേട്ടാല്‍ അറയ്ക്കുന്നതാണ്.

ഏതൊരാള്‍ക്കും പഠിച്ച കലാലയത്തിനോട് മാനസികമായി ഒരടുപ്പവും സ്‌നേഹവും ഒക്കെ  ഉണ്ടായിരിക്കും. 2011 ല്‍ അവിടെ നിന്നിറങ്ങുമ്പോള്‍ ഇനിയൊരിക്കലും ഈ നരകത്തിലേക്ക് തിരിച്ചു വരാന്‍ ഇടവരല്ലേ എന്നാണ് പ്രാര്‍ത്ഥിച്ചത്.എന്റെ ജീവിതത്തില്‍ ആ നാലു വര്‍ഷങ്ങള്‍ ഞാനൊരു വരി കവിത എഴുതിയിട്ടില്ല, ഒരു പുസ്തകം വായിച്ചിട്ടില്ല. ജീവനില്ലാതെ നാലു വര്‍ഷം ജീവിച്ചു തീര്‍ത്ത ഇടമാണ് അമല്‍ ജ്യോതി.

നിരന്തരമായ നിരീക്ഷണത്തില്‍ തടവുകാരെ പോലെയാണ് അവിടെ വിദ്യാര്‍ഥികള്‍ ജീവിക്കുന്നത്. ശ്രദ്ധയുടെ മരണം ഒരു കുടുംബത്തിന്റെയോ, കോളജിന്റെയോ, മാത്രം പ്രശ്‌നമാണ് എന്ന് തോന്നുന്നില്ല. കേരളത്തില്‍ ഇത്തരത്തില്‍ എത്രയോ സ്‌കൂളുകളും, കോളജുകളും  പ്രവര്‍ത്തിക്കുന്നുണ്ട്. ഒരാളുടെ ബൗദ്ധികവും മാനസികാവുമായ വികാസത്തിന് വഴിയൊരുക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. എന്നാല്‍ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഫാക്ടറികളെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഒരേ അച്ചില്‍ എല്ലാ കുട്ടികളെയും വാര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണ്. അച്ചടക്കം എന്ന പേരില്‍ ആവശ്യമില്ലാത്ത നിയമങ്ങള്‍ അടിച്ചേല്പിക്കുകയുമാണ്. മുടി നീട്ടി വളര്‍ത്താന്‍ പെണ്‍കുട്ടിക്ക് സാധിക്കുമെങ്കില്‍ ആണ്‍കുട്ടികള്‍ക്ക് അത് അച്ചടക്കമില്ലായ്മ ആകുന്നതെങ്ങനെ? കൊച്ചു കുട്ടികള്‍ സ്‌നേഹവും അനുകമ്പയും ഒക്കെ പഠിക്കുന്നത് മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും ഒക്കെ പെരുമാറ്റം കണ്ടിട്ടാണ്. ക്ലാസില്‍ മറ്റു കുട്ടികളുടെ മുന്‍പില്‍ തന്നെ അപമാനിയ്ക്കുന്ന ഒരു അദ്ധ്യാപകന്‍ ജീവിതത്തിലേക്ക് എന്ത് സത്സന്ദേശമാണ് ആ വിദ്യാര്‍ഥിക്ക് നല്‍കുന്നത്?

കാലം മാറുന്നതിനനുസരിച്ച് മാറാത്ത ഇത്തരം നിയമങ്ങള്‍ വിദ്യാര്‍ഥികളില്‍ ഉണ്ടാക്കുന്ന മാനസിക സമ്മര്‍ദം വളരെ വലുതാണ്. ഇനിയും ആത്മഹത്യകള്‍ ഉണ്ടാകാതിരിക്കാന്‍ നമ്മള്‍ പ്രാര്‍ത്ഥിച്ചതുകൊണ്ട് മാത്രം യാതൊരു കാര്യവുമില്ല. ഇപ്പോള്‍ ആ കോളജിലെ കുട്ടികള്‍ പ്രതികരിച്ചത് പോലെ വര്‍ഷങ്ങള്‍ക് മുന്‍പ് ഞങ്ങള്‍ പ്രതികരിച്ചെങ്കില്‍ ഒരുപക്ഷെ ശ്രദ്ധയെ നമുക്ക് നഷ്ടപ്പെടില്ലായിരുന്നു. ആ കുറ്റബോധം ഒരു കനല്‍ പോലെ ഓരോ പൂര്‍വവിദ്യാര്‍ഥിയുടെ മനസിലും ഏരിയുന്നുണ്ടാവും.

ഈ സംഭവം ആ കോളജില്‍ മാറ്റത്തിന്റെ  അടിയന്തിര ആവശ്യത്തെപറ്റി വേദനജനകമായ ഒരു  ഓര്‍മ്മപ്പെടുത്തലാകട്ടെ. അതിലെ വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തെയും വ്യക്തിഗത വികാസത്തെയും വിലമതിക്കുന്ന കൂടുതല്‍ പിന്തുണയും അനുകമ്പയും നിറഞ്ഞ സമീപനം ഇനിയെങ്കിലും മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാകട്ടെ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com