

പത്തനംതിട്ട: നാട്ടിലിറങ്ങി ലഹരിക്കെതിരേ പോരാടും. വീട്ടിലിരുന്ന് എംഡിഎംഎ വലിക്കും, കച്ചവടവും നടത്തും. ഒരേസമയം രണ്ട് പണിയും ചെയ്തുവന്ന ലഹരിവിരു ദ്ധ തട്ടിപ്പ് സംഘടനയുടെ സംസ്ഥാന പ്രസിഡന്റിനെ പൊലീസ് പിടികൂടി. ഇയാള്‍ വികസിപ്പിച്ചെടുത്ത 'ശാസ്ത്രീയ മയക്കുമരുന്ന് ഉപയോഗ ഉപകരണങ്ങളും' വീട്ടില്‍നിന്ന് കണ്ടെ ടുത്തു.
പെരുമ്പെട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ എഴുമറ്റൂര്‍, കൈമല, പുത്തന്‍പുരക്കല്‍ വീട്ടില്‍ ഷര്‍ഫിന്‍ സെബാസ്റ്റ്യന്‍(25)നെയാണ് ജില്ലാ ഡാന്‍സാഫ്, റാന്നി സബ് ഡിവിഷന്‍ ഡാന്‍സാഫ് സംഘങ്ങള്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് 1.590 ഗ്രാം എംഡിഎംഎ. പിടിച്ചെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷ ണത്തില്‍ ആന്റി ഡ്രഗ്സ് മൂവ്മെന്റ്‌റ് ഇന്‍ നേഷന്‍ എന്ന സംഘടനയുടെ യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് എന്ന് രേഖപ്പെടുത്തിയ തിരിച്ചറിയല്‍ കാര്‍ഡും കണ്ടെത്തി.
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനക്കിടെയാണ് ജില്ലാ പൊലീസ് മേധാവി ആര്‍ ആനന്ദിന് വിവരം ലഭിച്ചത്. ഡാന്‍സാഫ് സംഘം ദിവസങ്ങളോളം ഇയാളെ നിരീക്ഷിച്ചു. ഞായറാഴ്ച ഉച്ചയോട വീട്ടിലെത്തിയ പൊലീസ് സംഘത്തെ സ്വന്തം മുറി കാട്ടിക്കൊടുക്കാതെ മറ്റൊന്ന് കാട്ടി തെറ്റിദ്ധരിപ്പിക്കാന്‍ ഷര്‍ഫിന്‍ ശ്രമിച്ചു. വീടിന്റെ മുക്കും മൂലയും അരിച്ചു പെറുക്കിയ പൊലീസ് പുസ്തകങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു.
ഇയാളുടെ മുറിയില്‍നിന്ന് എം.ഡി. എം.എ വലിക്കാന്‍ ഉപയോഗിക്കുന്ന ഗ്ലാസ് ഉപകരണം, ചൂടാക്കി വലിക്കാന്‍ ഉപയോഗിക്കുന്ന എല്‍ ആകൃതിയിലുള്ള ഫ്യൂവിങ് പൈപ്പുകള്‍, സിഗരറ്റ് ഘടിപ്പിച്ച് വലിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പൈപ്പുകള്‍ മുതലായവയും കണ്ടെടുത്തു. നാട്ടില്‍ ലഹരിവിരുദ്ധ പ്രവര്‍ ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും അത്തരം സംഘടനകളുടെ സംസ്ഥാന നേതാവ് എന്ന് അവകാശപ്പെടുകയും ചെയ്യുന്ന ആളാണ് ഷര്‍ഫിന്‍.
എറണാകുളം പാലാരിവട്ടം സ്റ്റേഷനിലും, ടൗണ്‍ സ്റ്റേഷനിലും മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ്. കോയിപ്പുറം സ്റ്റേഷനില്‍ സ്ത്രീകളെ ആക്രമിച്ചത് ഉള്‍പ്പെടെ രണ്ട് ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates