'മലയാളികളെ തേടി ഇനിയും ഇംഗ്ലീഷ് സുന്ദരികള്‍ വലയിടും'; 'സമ്പന്ന മന്ദബുദ്ധികള്‍' സൂക്ഷിച്ചോ?; കസ്റ്റംസ് ഉദ്യോഗസ്ഥന്റെ കുറിപ്പ്

നഷ്ടപ്പെടാന്‍ വേണ്ടി കഴുത്തു വെച്ചുകൊടുക്കുന്ന മലയാളികളെ തേടി ഇനിയും ഇംഗ്ലീഷ് സുന്ദരികള്‍ വലയിടും സൂക്ഷിച്ചോ
'മലയാളികളെ തേടി ഇനിയും ഇംഗ്ലീഷ് സുന്ദരികള്‍ വലയിടും'; 'സമ്പന്ന മന്ദബുദ്ധികള്‍' സൂക്ഷിച്ചോ?; കസ്റ്റംസ് ഉദ്യോഗസ്ഥന്റെ കുറിപ്പ്
Updated on
3 min read

കൊച്ചി: തട്ടിപ്പിന്റെ പുതിയ കഥകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇത് സംബന്ധിച്ച് എത്ര വാര്‍ത്തകള്‍ വന്നാലും ആളുകള്‍ പിന്നെയും പിന്നെയും തട്ടിപ്പിനിരയാകും. അത്തരമൊരു കുറിപ്പാണ് കസ്റ്റംസ് സൂപ്രണ്ടന്റ് ജോര്‍ജ് പുല്ലാട്ട് സമൂഹമാധ്യമത്തില്‍ കുറിച്ചത്

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഇതാ  നിങ്ങള്‍ക്കൊരു സ്‌നേഹസമ്മാനം, വേണ്ടെന്ന് പറയരുത്  

˜˜˜˜˜˜˜˜˜˜˜
പ്രിയ സ്‌നേഹിതാ,   
നിങ്ങളുടെ പേരിലെടുത്ത 30000 പൗണ്ടിന്റെ ( 30 ലക്ഷം രൂപ) ഡിമാന്‍ഡ് ഡ്രാഫ്റ്റ്, രണ്ടു പവന്‍ തൂക്കമുള്ള സ്വര്‍ണ്ണക്കുരിശു തൂക്കിയ അഞ്ചു പവന്‍ സ്വര്‍ണ്ണമാല,  രണ്ടു ലക്ഷം രൂപയുടെ വാച്ച് , ഒരു ലക്ഷം രൂപ വിലയുള്ള ഒരു ലാപ്‌ടോപ്, അത്രയും തന്നെ വിലയുള്ള മൊബൈല്‍ ഫോണ്‍, പതിനായിരം രൂപ വിലയുള്ള പെര്‍ഫ്യൂം , മനോഹരമായി അച്ചടിച്ച ഒരു ബൈബിള്‍ .. (തഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍  നോക്കുക ). ഇത്രയും സാധനങ്ങള്‍  നാളെ കൊറിയര്‍ വഴി  നിങ്ങളുടെ വീട്ടിലെത്തും. സൗജന്യമായിത്തന്നെ  ഞാന്‍ അയക്കുകയാണ് .  .നിരസിക്കരുത് . 
ഈ സമ്മാനം നിങ്ങള്‍ വേണ്ടെന്നു പറയുമോ ? എങ്കില്‍ നിങ്ങള്‍ക്കെന്തോ പ്രശ്‌നമുണ്ട് .
നമ്മള്‍ തമ്മില്‍ ഇതുവരെ കണ്ടിട്ടേയില്ല. എന്നിട്ടും, എന്തിനാണ് ഞാന്‍ ഇത് നിങ്ങള്‍ക്ക് അയക്കുന്നത്  എന്നല്ലേ ഇപ്പോള്‍ നിങ്ങളുടെ സംശയം? സാരമില്ല . അത്  സ്വാഭാവികം . പക്ഷേ അതാണ് നിങ്ങളുടെ മഹാഭാഗ്യം. അനന്തമായ ദൈവസ്‌നേഹത്തിന്റെ അടയാളമാണത്  .
ഞാന്‍ ഇഗ്ലണ്ടില്‍ മാഞ്ചസ്റ്ററില്‍നിന്ന്   മരിയ ആന്‍ഡേഴ്‌സണ്‍. ഞാന്‍  ഒരു സമ്പന്നകുടുംബത്തിലാണ് ജനിച്ചത് . എന്റെ ഭര്‍ത്താവ് ആന്‍ഡേഴ്‌സണ്‍ അതിനേക്കാള്‍ സമ്പന്നന്‍ . ഈ സമ്പത്തു മുഴുവന്‍ എന്തു ചെയ്യണമെന്ന് ഞങ്ങള്‍ ആലോചിച്ചു തുടങ്ങിയിട്ട് ഏറെ നാളായി.  അതിനിടെയാണ് അടുത്ത കാലത്ത് മരിച്ചു പോയ എന്റെ മാതാപിതാക്കളുടെ ലോക്കറില്‍ നിന്ന് വന്‍ നിക്ഷേപങ്ങളുടെയും സ്വത്തുക്കളുടെയും രേഖകളും വില്‍പത്രവും  കണ്ടു കിട്ടുന്നത്. 'നിങ്ങള്‍ തിരഞ്ഞെടുക്കുന്ന കുറേ വ്യക്തികള്‍ക്കായി   , അവരുടെ സേവനങ്ങള്‍ക്കായി നിങ്ങള്‍ ഇത്  സംഭാവനയായി നല്‍കണം ' എന്ന്  ഡാഡിയും മമ്മിയും  അതില്‍ ഞങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട് . അങ്ങനെ, ഗൂഗിളിന്റെയും മറ്റ് ഇന്റര്‍നെറ്റ് സാങ്കേതിക വിദഗ്ധരുടെയും സഹായത്തോടെ ലോകത്തെമ്പാടും നിന്ന്  ഞങ്ങള്‍ തിരഞ്ഞെടുത്ത അഞ്ചു പേരില്‍ ഒരാളാകാന്‍ നിങ്ങള്‍ക്ക് ഭാഗ്യമുണ്ടായത്  ദൈവകൃപ കൊണ്ടു തന്നെ . ഇത് നിങ്ങള്‍ നിരസിച്ചാല്‍ ഞങ്ങള്‍ക്കും മണ്മറഞ്ഞു പോയ ഞങ്ങളുടെ മാതാപിതാക്കളുടെ ആത്മാക്കള്‍ക്കും ഉണ്ടാകുന്ന സങ്കടം നിങ്ങള്‍ക്ക് ഊഹിക്കാന്‍ പോലും പറ്റില്ല . . എന്താ  സ്വീകരിക്കുമല്ലോ അല്ലേ '
സ്‌നേഹത്തോടെ മരിയ ആന്‍ഡേഴ്‌സണ്‍.''
മുപ്പതു വര്‍ഷം മുന്‍പ് ഞാന്‍ സ്‌കൂള്‍ അധ്യാപകനായിരിക്കുമ്പോള്‍ എന്റെ ശിഷ്യനായിരുന്ന റോബിന്‍ ഇന്നലെ അയച്ചു തന്ന സന്ദേശവും  ചിത്രങ്ങളുമാണ്  ഇവിടെ  ചേര്‍ത്തത് .
 റോബിന്‍  ഇപ്പോള്‍  വൈദികനായി ആസാമില്‍ വൈദിക ശുശ്രുഷകള്‍ക്കൊപ്പം ഗവേഷണവും  പഠനവും നടത്തുന്നു .
റോബിന്‍  ചോദിച്ചു  ' സാര്‍ ഇത് ശരിയാകുമോ? സാറിന്റെ അഭിപ്രായം അറിയാന്‍ വിളിച്ചതാ  '
'റോബിനെന്ത് തോന്നുന്നു?'
'സാറേ അത്ര പന്തിയല്ലെന്ന് തോന്നിയിട്ടാ സാറിനോട് ചോദിക്കുന്നത്'
' ഓക്കേ. ചുമ്മാ  വരുന്ന ഒരു സമ്മാനം  വേണ്ടെന്ന് വെക്കണ്ട റോബിന്‍ . അവിടെ കൊണ്ടുവന്ന് തരുമ്പം വെറുതെ  ഒപ്പിട്ടു വാങ്ങിയാല്‍ മതിയെങ്കില്‍ വിട്ടു കളയരുത്'.
മരിച്ചു പോയവരുടെ ആത്മാക്കള്‍ക്ക് സങ്കടമായാലോ!!!
'സാറേ ഗോഹാട്ടിയില്‍ എത്തിച്ച് തരുമെന്നാ പറഞ്ഞിരിക്കുന്നത് ' 
'.. പക്ഷെ ഒരു കാര്യം റോബിന്‍  . പണം കൊടുത്തിട്ടുള്ള ഒരു ഇടപാടിനും പോകരുത് .ഒരു ഒപ്പ് മാത്രമേ മുടക്കു ള്ളുവെങ്കില്‍  വേണ്ടെന്നു വെക്കണ്ട 
ഓക്കേ സര്‍ .
ഞാന്‍ ചോദിച്ചു  റോബിന്‍  ഇന്ന് വരെ കണ്ടിട്ടില്ലാത്ത ഒരാള്‍  ഇത്രയും വലിയ സമ്മാനം എന്തിനാവും അയച്ചു തരുന്നത്?
അതാ സാറെ എനിക്കും മനസിലാകാത്തത്. അവര്  എല്ലാത്തിന്റെയും ഫോട്ടോ അയച്ചിട്ടുണ്ട് .' .
അവര്‍  ഫോട്ടോ മാത്രമല്ലേ അയച്ചിട്ടുള്ളൂ. അത് വരുമോയെന്ന് ആര്‍ക്കറിയാം? ?
അതറിയില്ല  സാര്‍  
'റോബിന്‍  ,.എന്നാല്‍    കേട്ടോളൂ.  . നാളെ രാവിലെ റോബിന്   ഡല്‍ഹിയില്‍  നിന്ന് എന്ന് പറഞ്ഞ് ഒരു വിളി   വരും ..മിക്കവാറും ഒരു സ്ത്രീ ആയിരിക്കും വിളിക്കുക .. റോബിന്‍   സാര്‍   ഞാന്‍  ഡല്‍ഹി എയര്‍പോര്‍ട്ടില്‍   നിന്നാണ് വിളിക്കുന്നത് . എന്റെ പേര് സാവിത്രി  ശര്‍മ്മ .  സരോജിനി വര്‍മ്മ അല്ലെങ്കില്‍  അങ്ങനെ ഒരു പേര് പറയും  . താങ്കളുടെ പേരില്‍    വന്ന ഒരു പാര്‍സല്‍  ഇവിടെ കസ്റ്റംസ് പിടിച്ചു വെച്ചിരിക്കുകയാണ് . ഞാന്‍ അത് നിങ്ങള്‍ക്ക് വേണ്ടി ക്ലിയര്‍ ചെയ്യാന്‍ നില്‍ക്കുകയാണ്. ഉടനെ  ഒരു 25000  രൂപ അയക്കണം . കസംസ് ഡ്യൂട്ടി അടച്ചാലേ   അത് വിട്ടു കിട്ടുകയുള്ളൂ .' ഇതായിരിക്കും അവര്‍ ആദ്യം പറയുക .'
'അപ്പൊ എന്ത് ചെയ്യണം സാര്‍ ? സാറിന് ഇതെങ്ങനെ അറിയാം ?'
'ഇങ്ങനെ കാശു പോയ കുറേ മാന്യമഹാജനങ്ങളെ എനിക്കറിയാം.
 റോബിന്‍ അവരോട് ഇങ്ങനെ പറയൂ '  ഡല്‍ഹിയിലുള്ള എന്റെ അനിയന്‍ പണവുമായി  നിങ്ങളുടെ അടുത്തു വരും . എവിടെ കാണണമെന്ന് പറഞ്ഞാല്‍ മതി   '
'ഓക്കേ സാര്‍ '


ഇന്നലെ ഉച്ചയ്ക്ക് മുന്‍പ് റോബിന്‍ വിളിച്ചു   'സാര്‍ പറഞ്ഞപോലെ തന്നെ സംഭവിച്ചു . ചെറിയ വ്യത്യാസം  മാത്രം.
വിളിച്ച സ്ത്രീയുടെ പേര് സുനിത ശര്‍മ്മ . കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാന്‍ ചോദിച്ചത് 25000 അല്ല  29900. '
'എന്നിട്ടെന്തു പറഞ്ഞു? '
'പണവുമായി അനിയനെ വിടാം. അവന്‍ വിളിക്കുമ്പോള്‍ നിങ്ങള്‍ എവിടെയാണെന്ന് അവനോട് പറഞ്ഞ് കൊടുത്താല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു. അപ്പം അവര്‍ക്ക് വരാന്‍ പറ്റില്ലെന്നും അക്കൗണ്ടില്‍ പണം ഇട്ടാല്‍ ഉടനെ ക്ലിയര്‍ ചെയ്യാമെന്നുമൊ ക്കെയാണ് പറയുന്നത് .  അക്കൗണ്ട് നമ്പര്‍ അയക്കാമെന്നും പറഞ്ഞു  '
'ഓക്കേ  അവരുടെ നമ്പര്‍ എനിക്ക് തരൂ  '
റോബിനച്ചന്‍ തന്ന സുനിതയുടെ നമ്പറില്‍ ഞാന്‍ പല തവണ വിളിച്ചു. ഫോണ്‍ അടിച്ചെങ്കിലും ആരും എടുത്തില്ല. ഠൃൗല രമഹഹലൃ വെച്ച് അവര്‍ അപകടം മണത്തു കാണും.പിന്നീട് ആ ഫോണ്‍ ' നിലവിലില്ലാ'തെയായി.
സുനിതയെയും ആന്‍ഡേഴ്‌സണ്‍ സംഘത്തെയും കുടുക്കണമെന്ന എന്റെ പദ്ധതി നടന്നില്ല . റോബിന്‍ കുടുങ്ങിയില്ല എന്ന് മാത്രം ..

കുറച്ചു നാള്‍ മുന്‍പ്  ഡോക്ടര്‍ സാമൂവല്‍ ജോണ്‍ വിളിച്ചു. പ്രസതമായ ഒരു സ്വകാര്യ ആശുപത്രിയിലെ പ്രധാനി ' എനിക്ക വന്ന ഒരു പാര്‍സല്‍ ഡെല്‍ഹി കസ്റ്റസില്‍   പിടിച്ചു വെച്ചിട്ടുണ്ട് . അവര്‍ പറഞ്ഞിട്ട് രണ്ടു തവണയായി ഞാന്‍ 56000 രൂപ അയച്ചു . ഒരു ലക്ഷം കൂടി അടയ്ക്കാന്‍ പറഞ്ഞിരിക്കുകയാ . അവിടെ കസ്റ്റംസില്‍ ആരെങ്കിലും ഫ്രെണ്ട്‌സ് ഉണ്ടോ പെട്ടന്ന് ക്ലിയര്‍ ചെയ്യാന്‍? '
'ഫ്രെണ്ട്‌സ്  ഉണ്ട്. പക്ഷേ ആ പാര്‍സല്‍ ആരാണയച്ചത്  എന്ന് ഡോക്ടര്‍ക് അറിയാമോ?
റോബിന്‍ പറഞ്ഞ അതേ കഥ ഡോക്ടര്‍ സാമൂവല്‍ പറഞ്ഞു. ഇത്തിരി വ്യത്യാസം .അയച്ചിരിക്കുന്നത് ഒരു ആനി വില്യംസ് ആണ് . അവരയച്ച അഞ്ചു ലക്ഷം പൗണ്ട്  അടങ്ങിയ പെട്ടിയാണ് കസ്റ്റംസ് പിടിച്ചു വെച്ചിരിക്കുന്നത്. അയച്ച ആളെ മുന്‍ പരിചയമില്ല  '
'സാമൂവല്‍,  പോയത് പോയി . ആ പാര്‍സല്‍ ഒരിക്കലും വരാന്‍ പോകുന്നില്ല . അവരയച്ച പടങ്ങള്‍ ഈ നഷ്ടത്തിന്റെ ഓര്‍മ്മക്കായ് സൂക്ഷിച്ചു വെക്കുന്നത് നന്നായിരിക്കും  ' ഞാന്‍ പറഞ്ഞു .
'സാറേ ഇതാരോടും പറയരുതേ ' ഡോക്ടര്‍ അപേക്ഷിച്ചു . ചതി മണത്തപ്പോഴാണ് ഡോക്ടര്‍ എന്റെ സഹായം ചോദിച്ചത്.ആരോടും പറയാതെ നിധി സ്വന്തമാക്കാന്‍ ഇറങ്ങിയ ഡോക്ടര്‍ക്ക് ചുമ്മാ അമ്പത്താറായിരം പോയിക്കിട്ടി .


രണ്ടു   മാസം മുന്‍പ്   എറണാകുളം രൂപതയിലെ ഒരിടവക വികാരി, ഫാദര്‍ ജോണ്‍ പുഴയോരം വിളിച്ചു . സംഗതി ഇതൊക്കെത്തന്നെ , പേരും തുകയും മാറ്റമുണ്ട് .  വെറും അച്ചനല്ല. എം എ ഇംഗ്ലീഷ് സാഹിത്യം റാങ്ക് , മനഃശാസ്ത്രത്തില്‍ ഡോക്ടറേറ്റ് , മൂന്നു വട്ടമായി ഫാദര്‍ പുഴയോരം 'മദാമ്മ സുന്ദരിയ്ക്ക് '   ഒന്നര ലക്ഷം  കൊടുത്തിട്ടും ഡല്‍ഹി കസ്റ്റംസ് ദുഷ്ടന്മാര്‍  പാര്‍സല്‍ വിടുന്നില്ലത്രേ  . പുല്ലാട്ട് സാര്‍   ഒന്ന് വിളിച്ചു പറയണം '.
'പോയത് പോയി  അച്ചാ . അച്ചന്റെ കൈയില്‍ ഇത്രേം പൈസ ഉണ്ടാരുന്നോ ?
 'എന്നാ പറയാനാ ജോര്‍ജ് സാറേ . ചാച്ചന്റെ കയ്യീന്ന് മേടിച്ചതാ . സാറിതു ആരോടും പറയല്ലേ  '
ഇങ്ങനെ നാലഞ്ച്  'സമ്പന്ന മന്ദബുദ്ധി' കള്‍  കുഴിയില്‍ ചാടിയ കഥ എനിക്ക് നേരിട്ടറിയാം . എത്രയോ പേര്‍ ആരോടും മിണ്ടാതെ നടക്കുന്നുണ്ടാവാം!!! ഇത് വായിക്കുന്ന നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ഇങ്ങനൊന്നു കിട്ടിയിട്ടുണ്ടോ ?
നഷ്ടപ്പെടാന്‍ വേണ്ടി കഴുത്തു വെച്ചുകൊടുക്കുന്ന മലയാളികളെ തേടി ഇനിയും ഇംഗ്ലീഷ് സുന്ദരികള്‍ വലയിടും സൂക്ഷിച്ചോ .
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com