തെരുവുനായ ശല്യം: തദ്ദേശ സ്ഥാപനങ്ങളെ പഴിച്ച് മന്ത്രി, സുപ്രീംകോടതിയെ സമീപിക്കും 

2022  സെപ്തംബര്‍ ഒന്ന് മുതല്‍ 2023  ജൂണ്‍ 11 വരെ 470534  നായ്ക്കളെ വാക്‌സിനേറ്റ് ചെയ്തു
നിഹാൽ, എംബി രാജേഷ്/ ഫെയ്സ്ബുക്ക്
നിഹാൽ, എംബി രാജേഷ്/ ഫെയ്സ്ബുക്ക്
Updated on
3 min read

തിരുവനന്തപുരം: കണ്ണൂര്‍ മുഴപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തില്‍ 11  വയസുകാരന്‍ മരിച്ച പശ്ചാത്തലത്തില്‍ ഇത്തരം  സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും ജാഗ്രതയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. തെരുവുനായ ശല്യം നിയന്ത്രിക്കാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കും. മനുഷ്യജീവന് അപകടകാരികളായ തെരുവുനായ്ക്കളെ ഉപാധികളോടെ കൊല്ലാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സുപ്രീം  കോടതിയെ സമീപിക്കുമെന്നും എം ബി രാജേഷ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

2022  സെപ്തംബര്‍ ഒന്ന് മുതല്‍ 2023  ജൂണ്‍ 11  വരെ 470534  നായ്ക്കളെ വാക്‌സിനേറ്റ് ചെയ്തു. ഇതില്‍ 438473  വളര്‍ത്തുനായ്ക്കളും 32061  തെരുവുനായ്ക്കളുമാണ്. തെരുവുനായ്ക്കള്‍ക്കുള്ള അഭയകേന്ദ്രങ്ങള്‍, എബിസി കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കുന്ന കാര്യത്തില്‍ പ്രാദേശികമായ വലിയ എതിര്‍പ്പാണ് പല സ്ഥലങ്ങളിലും ഉണ്ടായത്. തലശ്ശേരിയില്‍ എബിസി കേന്ദ്രം അടച്ചുപൂട്ടേണ്ടിവന്നതും ഓര്‍ക്കേണ്ടതാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ തുടങ്ങിയ തീവ്രയത്‌നത്തിന്റെ ഫലമായി തെരുവുനായ ശല്യം ഗണ്യമായി  കുറഞ്ഞപ്പോള്‍ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈ പ്രവര്‍ത്തനങ്ങളില്‍ ഉദാസീനത കാട്ടിയിട്ടുണ്ടെന്നത് വസ്തുതയാണെന്നും മന്ത്രി പറഞ്ഞു. 

തെരുവുനായയുടെ ആക്രമണത്തില്‍ 11  വയസുകാരനായ നിഹാല്‍ നൗഷാദ്  മരിച്ച സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരവും  വേദനാജനകവുമാണെന്നും മന്ത്രി പറഞ്ഞു.

കുറിപ്പ്:

കണ്ണൂര്‍ മുഴപ്പിലങ്ങാട്  തെരുവുനായയുടെ ആക്രമണത്തില്‍ 11  വയസുകാരനായ നിഹാല്‍ നൗഷാദ്  മരണമടഞ്ഞ സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരവും  വേദനാജനകവുമാണ്.  നിഹാലിന്റെ വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു. 
 തെരുവുനായശല്യം നിയന്ത്രിക്കാന്‍ സംസ്ഥാന  സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പരമാവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടയിലാണ് ഈ ദാരുണ സംഭവമുണ്ടായത് എന്നത് ആശങ്കയുളവാക്കുന്നു.   ഇത്തരം  സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും ജാഗ്രതയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. ആവശ്യമായ  നടപടികള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കും.
തെരുവുനായ ശല്യം നിയന്ത്രിക്കാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കും. മനുഷ്യജീവന് അപകടകാരികളായ തെരുവുനായ്ക്കളെ ഉപാധികളോടെ കൊല്ലാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സുപ്രീം  കോടതിയെ സമീപിക്കും. 
തെരുവുനായ്ക്കളുടെ ആക്രമണം രാജ്യത്താകെ  ഒരു വലിയ പ്രശ്‌നമായി മാറിയിട്ടുണ്ട്. കേരളത്തില്‍ മാത്രമല്ല, രാജ്യത്താകെ ഈ പ്രശ്‌നം  നിലനില്‍ക്കുകയാണ്. ബിഹാറിലെ ബെഗുസരായ് ജില്ലയില്‍ ഒന്‍പത് സ്ത്രീകളെ  തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ സീതാപ്പൂരില്‍ എട്ടു മാസത്തിനിടെ 13  കുട്ടികളെ നായ്ക്കള്‍ കടിച്ചുകൊന്നു. 
സംസ്ഥാന സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും ഇക്കാര്യത്തില്‍ സ്വീകരിക്കുന്നുണ്ട്. എന്നാല്‍ തെരുവുനായ ശല്യം  പൂര്‍ണമായും ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയെന്നത്  കേന്ദ്ര  നിയമത്തിലെ ചില   വ്യവസ്ഥകള്‍  മൂലം ഇപ്പോള്‍ ഏറെ ബുദ്ധിമുട്ടാണ്.    തെരുവുനായ്ക്കളുടെ എണ്ണം പെരുകുന്നത് തടയാനുള്ള നിയമനടപടികള്‍ കൂടുതല്‍ എളുപ്പമാകേണ്ടതുണ്ട്. പ്രായോഗികത കണക്കിലെടുത്ത്  അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍(എബിസി) റൂള്‍സ് 2001    ഭേദഗതി ചെയ്താല്‍ മാത്രമേ  ഫലപ്രദമായ നിയന്ത്രണ  നടപടികള്‍ സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. ഉപദ്രവകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാന്‍  അനുമതിയുണ്ടെങ്കിലും അക്രമകാരികളായ തെരുവുനായ്ക്കളെ ഒഴിവാക്കാന്‍ കേന്ദ്രനിയമം അനുവദിക്കുന്നില്ല. അക്രമകാരികളും പേവിഷബാധയുള്ളതുമായ തെരുവുനായ്ക്കളെ കൊല്ലാന്‍  വ്യവസ്ഥകളോടെ അനുമതി നല്‍കണമെന്നാണ് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. ആവശ്യം നിരാകരിക്കപ്പെട്ടുവെന്ന് മാത്രമല്ല, ഇതിന്റെ പേരില്‍ കേരളത്തിനെതിരെ വലിയ കാമ്പയിന്‍ ദേശീയതലത്തില്‍ തന്നെ ചിലര്‍ ഉയര്‍ത്തിക്കൊണ്ടുവന്നു.  
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച്  തെരുവുനായ്ക്കളെ  വന്ധ്യംകരിക്കാനും വാക്‌സിനേറ്റ് ചെയ്യാനുമുള്ള  പ്രവര്‍ത്തനം വളരെ ഊര്‍ജിതമായി കേരളത്തില്‍ നടക്കുകയാണ്.  2022  സെപ്തംബര്‍ ഒന്ന് മുതല്‍ 2023  ജൂണ്‍ 11  വരെ 470534  നായ്ക്കളെ വാക്‌സിനേറ്റ് ചെയ്തു. ഇതില്‍ 438473  വളര്‍ത്തുനായ്ക്കളും 32061  തെരുവുനായ്ക്കളുമാണ്.   2016  മുതല്‍ 2022  ആഗസ്റ്റ് 31  വരെ ആകെ 79859  തെരുവുനായ്ക്കളെയാണ്  വന്ധ്യംകരിച്ചത്. 2022  സെപ്തംബര്‍  ഒന്ന് മുതല്‍ 2023  മാര്‍ച്ച് 31  വരെ 9767   നായ്ക്കളെ  വന്ധ്യംകരിച്ചു. നിലവില്‍ 19  എബിസി കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 24  എണ്ണം കൂടി ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.  2022  സെപ്റ്റംബറില്‍   തെരുവുനായ ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ നിയന്ത്രണത്തിനായുള്ള പ്രത്യേക പ്രോജക്ടുകള്‍ തയാറാക്കണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് തദ്ദേശ  സ്വയംഭരണ വകുപ്പ് നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം  432  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 10.36  കോടി രൂപ പ്രത്യേക പ്രോജക്ടുകള്‍ക്കായി വകയിരുത്തി. 2022  സെപ്തംബര്‍  20  മുതല്‍ ഒക്ടോബര്‍  20  വരെ ഒരു മാസം തെരുവുനായ്ക്കള്‍ക്കായി തീവ്ര വാക്‌സിന്‍ യജ്ഞം നടത്തിയിരുന്നു. അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടികൂടി അഭയകേന്ദ്രങ്ങളില്‍ പാര്‍പ്പിക്കാനുള്ള നടപടികളും സ്വീകരിച്ചു.  തെരുവുനായ്ക്കള്‍ക്കുള്ള അഭയകേന്ദ്രങ്ങള്‍, എബിസി കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കുന്ന കാര്യത്തില്‍ പ്രാദേശികമായ വലിയ എതിര്‍പ്പാണ് പല സ്ഥലങ്ങളിലും ഉണ്ടായത്. തലശ്ശേരിയില്‍ എബിസി കേന്ദ്രം അടച്ചുപൂട്ടേണ്ടിവന്നതും ഓര്‍ക്കേണ്ടതാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ തുടങ്ങിയ തീവ്രയത്‌നത്തിന്റെ ഫലമായി തെരുവുനായ ശല്യം ഗണ്യമായി  കുറഞ്ഞപ്പോള്‍ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈ പ്രവര്‍ത്തനങ്ങളില്‍ ഉദാസീനത കാട്ടിയിട്ടുണ്ടെന്നതും വസ്തുതയാണ്. 
 എബിസി കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച്  കേന്ദ്ര ചട്ടങ്ങള്‍ 2023  മാര്‍ച്ച്  10 ന്  പുതുക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതുപ്രകാരം ചട്ടത്തില്‍ നിര്‍ദേശിക്കുന്ന ബോര്‍ഡിന്റെ അംഗീകാരത്തോടു കൂടി മാത്രമേ എ ബി സി കേന്ദ്രങ്ങള്‍ തുടങ്ങാന്‍ പാടുള്ളൂ. നിലവിലുള്ള കേന്ദ്രവ്യവസ്ഥകള്‍ പ്രകാരം തെരുവുനായ ശല്യം നിയന്ത്രിക്കുക ദുഷ്‌കരമാണ്. വ്യാജ പരാതികളുടെ പേരിലും ഉദ്യോഗസ്ഥരെ വിളിച്ച്  ശാസിക്കുന്ന അനുഭവങ്ങളുണ്ടായി. കേന്ദ്ര വ്യവസ്ഥകളനുസരിച്ച് എബിസി കേന്ദ്രങ്ങള്‍ സ്ഥാപിക്കാനോ പ്രവര്‍ത്തിക്കാനോ വളരെയധികം ബുദ്ധിമുട്ടുണ്ട്.  എസി യുള്ള ഓപ്പറേഷന്‍ തിയേറ്ററിലായിരിക്കണം വന്ധ്യംകരണം, നാല്  ദിവസം ശുശ്രൂഷിക്കണം,  മുറിവുണങ്ങിയ ശേഷം മാത്രമേ നായ്ക്കളെ വിടാന്‍ പാടുള്ളൂ എന്നീ വ്യവസ്ഥകളുണ്ട് കേന്ദ്ര നിയമത്തില്‍.  വളരെ കര്‍ശനമായ കേന്ദ്ര നിയമങ്ങള്‍ ഇളവുചെയ്താല്‍ മാത്രമേ ഈ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാവുകയുള്ളൂ. 
നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് തെരുവുനായ ശല്യം നിയന്ത്രിക്കാനുള്ള ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ പരമാവധി നടത്തുകയാണ് സര്‍ക്കാരിന്റെ നയം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സര്‍ക്കാരും മാത്രമല്ല ജനങ്ങളാകെ സഹകരിച്ചാല്‍ മാത്രമേ ഈ വിപത്തില്‍ നിന്ന് നാടിനെ മോചിപ്പിക്കാന്‍ കഴിയുകയുള്ളൂ. മാലിന്യസംസ്‌കരണ പ്രവര്‍ത്തനവും ഫലപ്രദമായി നടത്തേണ്ടതുണ്ട്. മാലിന്യമുള്ള ഇടങ്ങളിലാണ് തെരുവുനായ്ക്കള്‍ കേന്ദ്രീകരിക്കുന്നത്. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ തെരുവുനായ ശല്യം നിയന്ത്രിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്. 
വാല്‍ക്കഷ്ണം: ടൈംസ് സ്‌ക്വയറില്‍ തെരുവുനായ്ക്കളുണ്ടോ എന്ന്  ഒരു നേതാവ് ചോദിച്ചിരിക്കുന്നു.  ടൈംസ് സ്‌ക്വയറില്‍  തെരുവുനായ്ക്കളുള്ളതായി  അറിയില്ലെങ്കിലും  ഒരു കഷ്ണം ഇറച്ചിയുടെ പേരില്‍  മനുഷ്യരെ കടിച്ചുകീറുന്ന, തെരുവുനായ്ക്കളേക്കാള്‍ അപകടകാരികളായ വര്‍ഗീയ പേപിടിച്ച ഒരു കൂട്ടര്‍ നമ്മുടെ രാജ്യത്തുള്ളതായി  അറിയാം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com