തൃശൂരില്‍ മിന്നല്‍ച്ചുഴലി; കനത്ത നാശം; മരങ്ങള്‍ കടപുഴകി; വീഡിയോ

ഒട്ടേറെ മരങ്ങള്‍ കടപുഴകി. വൈദ്യുതി ലൈനുകള്‍ പൊട്ടിവീണതോാടെ പ്രദേശത്ത് വൈദ്യുതി വിതരണം താറുമാറായി
മിന്നല്‍ച്ചുഴലിയില്‍ കടപുഴകിയ മരങ്ങള്‍
മിന്നല്‍ച്ചുഴലിയില്‍ കടപുഴകിയ മരങ്ങള്‍
Updated on
2 min read

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ മിന്നല്‍ച്ചുഴലി. ചാലക്കുടി, ഇരിങ്ങാലക്കുട മേഖലകളിലാണ് കനത്തമഴയോടൊപ്പം മിന്നല്‍ച്ചുഴലിയുണ്ടായത്. ചുഴലിക്കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി. വ്യാപക കൃഷിനാശവും സംഭവിച്ചു. വൈദ്യുതി ലൈനുകള്‍ പൊട്ടിവീണതിനെ തുടര്‍ന്ന് പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം താറുമാറായിരിക്കുകയാണ്. എന്നാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാവിലെ ഒമ്പതരയോടെയാണ് കാറ്റ് വീശിയത്. കടുങ്ങാട് റോഡിലേക്ക് മരങ്ങള്‍ വീണ് ഗതാഗതം നിലച്ചു. ജാതിത്തോട്ടങ്ങളിലും വ്യാപകനാശമുണ്ടായി. വാഴകൃഷിയും നശിച്ചു. ചാലക്കുടി ടൗണില്‍ മരങ്ങള്‍ വീണ് കാറുകള്‍ക്ക് കേടുപറ്റി. ചെറുവാളൂര്‍, മാമ്പ്ര, വെസ്റ്റ് കൊരട്ടി, കോനൂര്‍, പാളയംപറമ്പ്, പരിയാരം,  ചാലക്കുടി എന്നിവിടങ്ങളിലാണ് വ്യാപകനാശമുണ്ടായിട്ടുള്ളത്.
.

തൃശ്ശൂരില്‍ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ട നേരിയ ഭൂചലനത്തില്‍ നാട്ടുകാര്‍ക്കിടയില്‍ പരിഭ്രാന്തി പടര്‍ത്തി. ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും നേരിയ ഭൂചലനവും അനുഭവപ്പെട്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. തൃശൂര്‍, കല്ലൂര്‍, ആമ്പല്ലൂര്‍ ഭാഗങ്ങളിലാണ് പ്രകമ്പനം ഉണ്ടായത്. എന്നാല്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തരുതെന്നും ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ പറഞ്ഞു

രാവിലെ ഏഴിനും എട്ടിനും ഇടയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനം രണ്ട് സെക്കന്‍ഡ് മാത്രമാണ് നീണ്ടുനിന്നത്. ഭൂചലനം അനുഭവപ്പെട്ട കാര്യം റവന്യൂമന്ത്രി അടക്കം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ മൂന്നില്‍ താഴെ തീവ്രത വരുന്ന ചലനമാണ് പ്രദേശത്ത് അനുഭവപ്പെട്ടത്. അതുകൊണ്ടാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജിക്ക് ഭൂചലനം രേഖപ്പെടുത്താന്‍ കഴിയാതെ വന്നത്. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ഭൂചലനം അനുഭവപ്പെട്ട സ്ഥലങ്ങളില്‍ വരും ദിനങ്ങളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടുക്കി ശാന്തന്‍പാറയില്‍ കനത്തമഴയില്‍ മരം കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു. കറുപ്പന്‍കോളനി സ്വദേശി വനരാജിന്റെ വീടാണ് തകര്‍ന്നത്. ശക്തമായ കാറ്റില്‍ മരം കടപുഴകി വീണതിനെ തുടര്‍ന്ന് ഒടിഞ്ഞ ഇലക്ട്രിക് പോസ്റ്റ് വീണ് തൊട്ടടുത്ത വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനും കേടുപാടുകള്‍ സംഭവിച്ചു.

ഇന്നലെ രാത്രിയാണ് സംഭവം. കനത്ത മഴയെ തുടര്‍ന്ന് കാറ്റാടി മരമാണ് കടപുഴകി വീണത്. വനരാജിന്റെ ഷീറ്റ് മേഞ്ഞ വീടിന് മുകളിലേക്കാണ് മരം വീണത്. ഇതിനെ തുടര്‍ന്ന് വീട് ഭാഗികമായി തകര്‍ന്നു. പക്ഷേ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചില്ല.

മരം വീണതിനെ തുടര്‍ന്ന് സമീപത്ത് ഉണ്ടായിരുന്ന രണ്ട് ഇലക്ട്രിക് പോസ്റ്റുകളും ഒടിഞ്ഞുവീണു. ഇതില്‍ ഒരെണ്ണം വീണാണ് സമീപത്തെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തകര്‍ന്നത്.

കാസര്‍കോട് തൃക്കണ്ണാട് കടല്‍ക്ഷോഭത്തില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. അഞ്ച് കുടുംബങ്ങളെ ഒഴിപ്പിച്ചു. തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, പൊന്നാനിയില്‍ കടല്‍ഭിത്തി നിര്‍മിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഡപ്യൂട്ടി കലക്ടറെ തടഞ്ഞു. കണ്ണൂര്‍ താളികാവില്‍ റോഡ് ഇടിഞ്ഞു താഴ്ന്നു. കോര്‍പറേഷന്‍ രണ്ടരമാസം മുന്‍പ് നിര്‍മിച്ച റോഡാണ് ഇടിഞ്ഞത്. പമ്പയാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയര്‍ന്നതോടെ അപ്പര്‍ കുട്ടനാട്ടിലെ വിവിധ വീടുകളിലും വെള്ളം കയറി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com