

'രാത്രിമഴയോടു ഞാന്‍പറയട്ടെ,
നിന്റെ ശോകാര്‍ദ്രമാം സംഗീതമറിയുന്നു ഞാന്‍
നിന്റെയലിവും അമര്‍ത്തുന്ന രോഷവും,ഇരുട്ടത്തു വരവും,
തനിച്ചുള്ള തേങ്ങിക്കരച്ചിലും
പുലരിയെത്തുമ്പോള്‍ മുഖം തുടച്ചുള്ള നിന്‍
ചിരിയും തിടുക്കവും നാട്യവും ഞാനറിയും
അറിയുന്നതെന്തുകൊണ്ടെന്നോ?
സഖീ, ഞാനുമിതുപോലെ, രാത്രിമഴപോലെ...'
എണ്‍പത്തിയാറാം വയസ്സില്‍ കവിതയും പോരാട്ടവും അവസാനിപ്പിച്ച് സുഗത കുമാരി ടീച്ചര്‍ യാത്ര പറയുമ്പോള്‍ മലയാളം നന്ദി പറയുന്നു, ഒരു ജീവിതം മുഴുവന്‍ അക്ഷരങ്ങളിലൂടെ സ്‌നേഹിക്കാന്‍ പഠിപ്പിച്ചതിന്, മാതൃഭാഷയ്ക്കും പ്രകൃതിക്കും വേണ്ടിയുള്ള പോരാട്ടങ്ങളുടെ മുന്നണിയില്‍ നിന്നതിന്... പ്രേമത്തിലും വിരഹത്തിലും രാത്രിമഴപോലെ പെയ്തിറങ്ങിയതിന്...
ഒരിക്കലും വറ്റാതെയൊഴുകുന്ന നദിപോലെയാണ് മലയാളിക്ക് സുഗത കുമാരിയുടെ കവിതകള്‍. അത്രമേല്‍ സ്‌നേഹം നിറഞ്ഞ അക്ഷരങ്ങളുടെ ഒരു നദി. രാത്രിമഴയും തുലാവര്‍ഷ പച്ചയും കൃഷ്ണകവിതകളും ദേവദാസിയും മലയാളി മനപ്പാഠമാക്കി. വെട്ടിത്തെളിക്കപ്പെട്ട കാടുകളെ കുറിച്ച്, മഴുതിന്ന മാമര കൊമ്പുകളെ കുറിച്ച്. പിച്ചിചീന്തപ്പെട്ട പെണ്‍കുട്ടികളെ കുറിച്ച്, തെരുവിലെറിയപ്പെടുന്ന വാര്‍ധക്യത്തെക്കുറിച്ച്, സുഗത കുമാരി കുറിച്ചിട്ടതെല്ലാം മലയാളിക്ക് അത്രത്തോളം പ്രിയപ്പെട്ടതായി.
കൃഷ്ണ നീയെന്നെ അറിയില്ല എന്ന പ്രശസ്ത കവിത രാധാ-കൃഷ്ണ പ്രണയത്തിന്റെ സമ്മോഹന മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞതാണ്. ഉള്ളില്‍ കൊടുംതീയാളിടും ധരിത്രിയെപ്പോലെ തണുത്തിരുണ്ടവളാണ് സുഗതകുമാരിയുടെ രാധ. അങ്ങനെയൊരു രാധയെ ഉള്ളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നതിനാല്‍ തന്റെ ജന്‍മം തീരാത്ത തേടലാകുന്നുവെന്ന് ടീച്ചര്‍ എഴുതി.
എഴുത്തുപോലെ തന്നെ സമരം ജീവിത്തിന്റെ ഭാഗമായി കൊണ്ടുവന്ന ടീച്ചറുടെ പോരാട്ടത്തിന്റെ വീര്യം കേരളം സൈലന്റ് വാലിയില്‍ കണ്ടു. അഭയഗ്രാമം, അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികള്‍ക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകള്‍ പലതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates