

തിരുവനന്തപുരം: പ്രവർത്തനം അവസാനിപ്പിച്ച കൊച്ചുവേളി ഇംഗ്ലീഷ് ഇന്ത്യൻ ക്ലെ കമ്പനിയിലെ തൊഴിലാളി ആത്മഹത്യക്കു ശ്രമിച്ചു. ഫെയ്‌സ് ബുക്ക് ലൈവിൽ വന്ന് മാനേജ്‌മെന്റിനെതിരേ ആരോപണങ്ങൾ ഉന്നയിച്ച ശേഷം ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. തിരുവനന്തപുരം മാധവപുരം സ്വദേശിയായ 42 കാരനാണ് തൂങ്ങി മരിക്കാൻ ശ്രമിച്ചത്.
15 വർഷമായി കമ്പനിയിലെ പ്ലാന്റ് ഓപറേറ്ററായിരുന്ന ഇയാളെ പിരിച്ചുവിട്ടതായി ചൂണ്ടിക്കാട്ടി ഒരു മാസം മുൻപ് കമ്പനി നോട്ടീസ് നൽകിയിരുന്നു. ഇതിനെ തുടർന്നായിരുന്നു ആത്മഹത്യാശ്രമം നടത്തിയത്. എന്നാൽ ലൈവ് ശ്രദ്ധയിൽപെട്ട സുഹൃത്തുക്കൾ അറിയിച്ചതിന് പിന്നാലെ വീട്ടുകാർ എത്തി ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. മാനേജ്‌മെന്റാണ് തന്നെ കൊന്നത്, മറ്റ് തൊഴിലാളികൾക്ക് വേണ്ടിയാണ് താൻ മരിക്കുന്നതെന്നും ഫെയ്‌സ്ബുക്ക് ലൈവിൽ ഇയാൾ പറഞ്ഞിരുന്നു.
നേരത്തെ കമ്പനിക്കകത്ത് പ്രഫുല്ല കുമാർ എന്ന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വേളി മാധവപുരം സ്വദേശി പ്രഫുല്ല കുമാറിനെ (50) കമ്പനിക്കുള്ളിലെ കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. രാവിലെ സമരത്തിനെത്തിയ തൊഴിലാളികളാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഹേശ്വരി രംഗത്ത് വന്നു.
മാസങ്ങളായി കമ്പനി പൂട്ടിയിട്ടിരിക്കുകയാണ്. നിരവധി ചർച്ചകൾ നടത്തിയിട്ടും ഇനിയും കമ്പനി തുറന്നിട്ടില്ല. തൊഴിലാളികൾ അന്നു മുതൽ ഇവിടെ സമരത്തിലാണ്. പ്രഫുല്ല ചന്ദ്രൻ പട്ടിണി മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് തൊഴിലാളികൾ പറയുന്നു. സുരക്ഷാ സംവിധാനമുളള കമ്പനിക്കുള്ളിൽ തൊഴിലാളിക്ക് രാത്രി കയറാനാവില്ല. ഫാക്ടറിയിലെ ഉപകരണങ്ങൾ കമ്പനി അധികൃതർ കടത്തിയത് തൊഴിലാളി കണ്ടിരിക്കാം. ഇത് കണ്ട പ്രഫുല്ലചന്ദ്രനെ ആരോ അപകടപ്പെടുത്തിയതാണെന്നാണ് ഐഎൻടിയുസി ആരോപണം. സംഭവം വൻ വിവാദമായിരിക്കെയാണ് മറ്റൊരു തൊഴിലാളിയുടെ ആത്മഹത്യാശ്രമം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates