കൊച്ചി: പണം നൽകാതെ പറഞ്ഞുവച്ച ടിക്കറ്റിന് ഭാഗ്യമടിച്ചപ്പോൾ വാക്കുമാറാതെ ബംപറടിച്ച ടിക്കറ്റ് കൈമാറി പ്രശസ്തയായ ലോട്ടറി ഏജന്റ് സ്മിജയ്ക്ക് മുന്നിൽ ഭാഗ്യദേവത വീണ്ടും കനിഞ്ഞു. ഇക്കുറിയും സ്മിജ വിറ്റ ടിക്കറ്റിനാണ് സമ്മർ ബംപർ രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ ലഭിച്ചത്. പണം നൽകാതെ ടിക്കറ്റ് ബുക്ക് ചെയ്ത ആൾക്കാണ് ഇത്തവണയും സമ്മാനമടിച്ചത്.
ചെന്നൈയിൽ താമസിക്കുന്ന സുബ്ബറാവു പദ്മം ആണ് ടിക്കറ്റിന്റെ അവകാശി. കേരളത്തിൽ പതിവായി തീർത്ഥാടനത്തിന് എത്തുന്ന സുബ്ബറാവു പദ്മം യാത്രക്കിടയിലാണ് സ്മിജയെ പരിചയപ്പെട്ടത്. മിക്ക മാസങ്ങളിലും ബാങ്കിലൂടെ പണം നൽകി ടിക്കറ്റെടുക്കും. സ്മിജ സമ്മാനവിവരം വിളിച്ചറിയിച്ചെന്നും രണ്ട് ദിവസത്തിനുള്ളിൽ ആലുവയിലെത്തി ടിക്കറ്റ് ഏറ്റുവാങ്ങുമെന്നും സുബ്ബറാവു പദ്മം പറഞ്ഞു. സമ്മാനമടിച്ച ടിക്കറ്റ് ഉടമയ്ക്ക് കൈമാറാൻ കാത്തിരിക്കുകയാണ് സ്മിജയും.
കഴിഞ്ഞ വർഷത്തെ സമ്മർ ബമ്പർ ഒന്നാം സമ്മാനമായ ആറ് കോടി രൂപ സ്മിജ കടം കൊടുത്ത ടിക്കറ്റിനായിരുന്നു. ആലുവ സ്വദേശിയായ ചന്ദ്രൻ സ്മിജയോട് ഫോണിലൂടെ കടം പറഞ്ഞ് വാങ്ങിയതാണ് ടിക്കറ്റ്. ബംപർ അടിച്ചതറിഞ്ഞ് ടിക്കറ്റുമായി ഇയാളുടെ വീട്ടിൽ എത്തുകയായിരുന്നു സ്മിജ. അതോടെയാണ് ഗണിതശാസ്ത്ര ബിരുദാനന്തര ബിരുദധാരിയായ സ്മിജ വാർത്തകളിൽ നിറഞ്ഞത്. സ്മിജയും ഭർത്താവ് രാജേശ്വരനും ചേർന്ന് ആലുവ രാജഗിരി ആശുപത്രിക്കടുത്താണ് വഴിയരികിൽ ലോട്ടറിക്കട നടത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates