നിധി ശേഖരം കണ്ടെത്താം, ചൊവ്വാദോഷം മാറ്റാം ; ലക്ഷങ്ങള്‍ തട്ടിയെടുത്തു ; ഒളിവില്‍ മുഖ്യപാചകക്കാരനായി ജോലി; 'സണ്ണി സ്വാമി' പിടിയില്‍

പുനലൂരിലെ ഒരു ഹോട്ടലില്‍ ചീഫ് ഷെഫായി ജോലി ചെയ്തു വരികയായിരുന്നു
രമേശന്‍ / ടെലിവിഷന്‍ ചിത്രം
രമേശന്‍ / ടെലിവിഷന്‍ ചിത്രം
Updated on
1 min read

മലപ്പുറം : പൂജ ചെയ്ത് നിധിശേഖരം തരാമെന്നും ചൊവ്വാദോഷം മാറ്റാമെന്നും വിശ്വസിപ്പിച്ച് പലരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തിരുന്ന കൂപ്ലിക്കാട് രമേശന്‍ അറസ്റ്റില്‍. ഒളിവില്‍ ഹോട്ടലില്‍ പാചകജോലി ചെയ്യുമ്പോഴാണ് പൊലീസ് ഇദ്ദേഹത്തെ പിടികൂടുന്നത്. ഇയാള്‍ ഒമ്പതു മാസമായി ഒളിവിലായിരുന്നു. മലപ്പുറം വണ്ടൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് നിലമ്പൂര്‍ പൊലീസ് ഇയാളെ പിടികൂടിയത്.

രമേശന്‍ നമ്പൂതിരി, രമേശന്‍ സ്വാമി, സണ്ണി സ്വാമി  എന്നീ പേരുകളിലായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. പ്രത്യേക പൂജകള്‍ നടത്തി നിധിയെടുത്ത് നല്‍കും, ചൊവ്വാദോഷം മാറ്റിത്തരും എന്ന് പറഞ്ഞ് ആളുകളെ വലയിലാക്കിയുള്ള തട്ടിപ്പുകളില്‍ പെട്ടത് നിരവധി യുവതികളാണ്. 

ജാതകവിധി പ്രകാരമുളള  ചൊവ്വാദോഷം പ്രത്യേക പൂജയിലൂടെ മാറ്റാമെന്ന് വിശ്വസിപ്പിച്ച് വണ്ടൂര്‍ സ്വദേശിനിയായ യുവതിയില്‍ നിന്നും പ്രതി 1,10,000 രൂപയാണ് തട്ടിയെടുത്തത്. വിവാഹം ശരിയാകാതെ വന്നതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. വയനാട് ജില്ലയില്‍ ഇയാള്‍ ഇത്തരത്തില്‍ നിരവധി തട്ടിപ്പുകള്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. 

മക്കളെ ഉപേക്ഷിച്ച് വീട്ടമ്മ പ്രതിക്കൊപ്പം കൂടി

കോഴിക്കോട് ഭര്‍ത്താവും രണ്ടു കുട്ടികളുമുള്ള യുവതിയുമായി സണ്ണി സ്വാമി പ്രണയത്തിലായി. കുടുംബം ഉപേക്ഷിച്ചെത്തിയ ഈ യുവതിക്കൊപ്പമായിരുന്നു കല്‍പ്പറ്റയ്ക്കടുത്ത മണിയന്‍കോട് ക്ഷേത്രത്തിനടുത്ത് ഇയാള്‍ താമസിച്ചിരുന്നത്. യുവതിക്ക് പ്രതിയില്‍ രണ്ടു മക്കളുണ്ട്. അതിനിടെ, രണ്ടു വര്‍ഷം മുന്‍പ് ഈ ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച് ഭര്‍ത്താവും രണ്ടു മക്കളുമുള്ള വയനാട് കോറോമിലെ മറ്റൊരു യുവതിയുമായി സണ്ണി സ്വാമി പ്രണയത്തിലായി. 

ഈ സ്ത്രീക്കൊപ്പം താമസിക്കുമ്പോഴാണ് സണ്ണി സ്വാമി പിടിയിലാകുന്നത്. രണ്ടു വര്‍ഷം മുന്‍പ് ഇയാള്‍ വയനാട്ടില്‍നിന്ന് പുനലൂരിലേക്ക് മുങ്ങിയിരുന്നു.  ഇപ്പോള്‍ കൂടെ താമസിക്കുന്ന യുവതിയും പുനലൂര്‍ സ്വദേശിയാണ്. പുനലൂരിലെ ഒരു ഹോട്ടലില്‍ ചീഫ് ഷെഫായി ജോലി ചെയ്തു വരികയായിരുന്നു. 

ഹോട്ടലില്‍ ചീഫ് ഷെഫ്, ശമ്പളം 60000 രൂപ

പുനലൂരിലെ ഒരു ഹോട്ടലില്‍ ചീഫ് ഷെഫായി ജോലി ചെയ്തു വരികയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ ആഴ്ചകളോളം നിരീക്ഷണം നടത്തിയാണ് പ്രതിയുടെ സാന്നിധ്യം ഉറപ്പാക്കിയത്. മാസം 60000 രൂപയാണ് ശമ്പളമായി ലഭിച്ചിരുന്നത്. കൂടാതെ അവിടെയും പ്രതി പൂജകള്‍ നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു.

വയനാട് മണിയങ്കോട് സ്വദേശിനിയായ വീട്ടമ്മയുടെ ഭൂമിയില്‍ നിധിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പുറത്തെടുക്കുന്നതിനായി പൂജ നടത്താന്‍ 5 പവന്‍ സ്വര്‍ണാഭരണം തട്ടിയെടുത്തിരുന്നു. സമാന രീതിയില്‍ മീനങ്ങാടി സ്വദേശിനിയായ യുവതിയില്‍നിന്നും 8 പവന്‍ സ്വര്‍ണ്ണവും തട്ടിയെടുത്തതായി അന്വേഷണത്തില്‍ കണ്ടെത്തി. മണിയങ്കോട് സ്വദേശി സന്തോഷില്‍നിന്ന് സമാനമായ രീതിയില്‍ തട്ടിപ്പു നടത്തി ഒരു ലക്ഷം രൂപ കൈപ്പറ്റി. നിധി കുഴിച്ചെടുക്കാനെന്ന പേരില്‍ വീടിനു ചുറ്റും ആഴത്തില്‍ കുഴികളെടുത്ത് വീടും പരിസരവും വാസയോഗ്യമല്ലാതാക്കുകയും ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com