

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ത്രിവേണി സൂപ്പർ മാർക്കറ്റും നീതി മെഡിക്കൽ സ്റ്റോറും വഴി ഇനി ഭക്ഷ്യസാധനവും മരുന്നും വീട്ടുമുറ്റത്തേക്ക്. വ്യാഴാഴ്‌ച മുതൽ ഹോം ഡെലിവറി സംവിധാനം ആരംഭിച്ചാതായി കൺസ്യൂമർഫെഡ് വ്യക്തമാക്കി. പലവ്യഞ്ജനങ്ങൾ, മത്സ്യം, മാംസം, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ എന്നിവ ഓൺലൈനിൽ ലഭ്യമാക്കാനുള്ള പ്രവർത്തനം സപ്ലൈകോയും ആരംഭിച്ചിട്ടുണ്ട്.
സൂപ്പർ മാർക്കറ്റുകളുടെ വാട്സാപ് നമ്പറിൽ സാധനങ്ങളുടെ പട്ടിക നൽകിയാൽ അതുമായി ജീവനക്കാർ തന്നെ വീട്ടിലേക്കെത്തും. ആദ്യഘട്ടം രോഗ വ്യാപനം കൂടിയ കേന്ദ്രങ്ങളിലും പിന്നാലെ മുഴുവൻ ഇടത്തേക്കും പദ്ധതി വ്യാപിപ്പിക്കും. കൂടാതെ കൺസ്യൂമർ ഫെഡിന്റെ 47 മൊബൈൽ ത്രിവേണി യൂണിറ്റുകൾ വിവിധയിടങ്ങളിൽ സാധനങ്ങൾ എത്തിക്കും. ഇത് ലഭ്യമാകാത്ത മേഖലകളിൽ കെഎസ്ആർടിസി വഴിയും പദ്ധതി നടപ്പിലാക്കും. കോവിഡ് സാഹചര്യം കണക്കിലെടുത്ത് നിത്യോപയോഗസാധനങ്ങൾ 15 ഇരട്ടിയാണ് സംഭരിച്ചിട്ടുള്ളത്. 78 നീതി മെഡിക്കൽ സ്റ്റോറുകൾ വഴി മരുന്നും സമാനമായാണ് വീടുകളിലെത്തിക്കുന്നത്.
കെപ്‌കോ, ഹോർട്ടികോർപ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പലവ്യഞ്ജനങ്ങൾ, മത്സ്യം, മാംസം, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ എന്നിവ സപ്ലൈകോ ഓൺലൈനിൽ ലഭ്യമാക്കുന്നത്.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം വഴുതയ്ക്കാട് പ്രവർത്തിക്കുന്ന സപ്ലൈകോ ഹൈപ്പർമാർക്കറ്റിൽ 26 മുതൽ ഓൺലൈൻ പദ്ധതി ആരംഭിക്കും. തിരുവനന്തപുരം നഗര പരിധിയിലുള്ളവർക്ക് 8921731931 എന്ന വാട്‌സ് ആപ്പ് നമ്പരോ www.Bigcartkerala.com എന്ന വെബ്‌സൈറ്റോ ഇതിനായി ഉപയോഗിക്കാം.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
