സ്വാതി സംഗീത പുരസ്‌കാരം കര്‍ണ്ണാടക സംഗീതജ്ഞന്‍ പിആര്‍ കുമാര കേരളവര്‍മ്മയ്ക്ക്

കര്‍ണ്ണാടക സംഗീതത്തിന്റെ വിവിധ മേഖലകളില്‍ നല്‍കിയ നിസ്തുലമായ സംഭാവനകള്‍ പരിഗണിച്ചാണ് കുമാര കേരളവര്‍മ്മയെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.
പിആര്‍ കുമാര കേരളവര്‍മ്മ
പിആര്‍ കുമാര കേരളവര്‍മ്മ
Updated on
1 min read

തിരുവനന്തപുരം: ഇന്ത്യന്‍ സംഗീതരംഗത്ത് അവിസ്മരണീയമായ സംഭാവനകള്‍ നല്‍കിയ സംഗീതപ്രതിഭകള്‍ക്ക്  കേരള സര്‍ക്കാര്‍  നല്‍കുന്ന പരമോന്നത അംഗീകാരമായ സ്വാതി സംഗീത പുരസ്‌കാരം പ്രഖ്യാപിച്ചു.  പ്രമുഖ കര്‍ണ്ണാടക സംഗീതജ്ഞന്‍ പിആര്‍ കുമാര കേരളവര്‍മ്മയ്ക്കാണ് 2021 ലെ പുരസ്‌കാരം. കര്‍ണ്ണാടക സംഗീതത്തിന്റെ വിവിധ മേഖലകളില്‍ നല്‍കിയ നിസ്തുലമായ സംഭാവനകള്‍ പരിഗണിച്ചാണ് കുമാര കേരളവര്‍മ്മയെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. രണ്ട് ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും പ്രശസ്തി പത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‌കാര  വിതരണ തീയ്യതി പിന്നീട് പ്രഖ്യാപിക്കും. 

ഡോ.കെ.ഓമനക്കുട്ടി ചെയര്‍പേഴ്സണും കേരള സംഗീത നാടക അക്കാദമി സെക്രട്ടറി  കരിവെള്ളൂര്‍ മുരളി മെമ്പര്‍ സെക്രട്ടറിയും സംഗീതജ്ഞന്‍മാരായ പാര്‍വതീപുരം എച്ച്.പത്മനാഭ അയ്യര്‍, കാഞ്ഞങ്ങാട് രാമചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളുമായുള്ള പുരസ്‌കാര നിര്‍ണ്ണയ സമിതിയാണ്  ജേതാവിനെ തെരഞ്ഞെടുത്തത്.

 ഏറ്റവുമധികം സ്വാതിതിരുനാള്‍ കൃതികള്‍ പാടിയിട്ടുള്ള സംഗീതജ്ഞനും മുത്തുസ്വാമി ദീക്ഷിതര്‍,ത്യാഗരാജ സ്വാമികള്‍,ശ്യാമശാസ്ത്രികള്‍ എന്നിവരുടെ കൃതികള്‍ ചിട്ടപ്പെടുത്തി പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്ത പ്രതിഭയാണ് കുമാര കേരളവര്‍മ്മയെന്നും ഈ പുസ്തകങ്ങള്‍ ഭാവിതലമുറയ്ക്കുള്ള മികച്ച പാഠപുസ്തകം കൂടിയാണെന്നും പുരസ്‌കാര നിര്‍ണ്ണയ സമിതി ചെയര്‍പേഴ്സണ്‍ ഡോ. കെ ഓമനക്കുട്ടി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം സ്വദേശിയായ കുമാര കേരളവര്‍മ്മ വളരെ ചെറുപ്രായത്തില്‍ തന്നെ കച്ചേരികള്‍ നടത്തി സംഗീത രംഗത്തേക്ക് അരങ്ങേറ്റം നടത്തിയിരുന്നു. എണ്ണക്കാട് കൊട്ടാരത്തിലെ ഇ.രാമവര്‍മ്മ രാജയുടെയും പള്ളം കൊട്ടാരത്തിലെ സീതാദേവി തമ്പുരാട്ടിയുടെയും മകനായി ജനിച്ച അദ്ദേഹം തിരുവനന്തപുരം  സ്വാതി തിരുനാള്‍ കോളജില്‍ നിന്നും സംഗീതത്തില്‍ ഗാനഭൂഷണ്‍, സംഗീത വിദ്വാന്‍, ഗാനപ്രവീണ കോഴ്‌സുകള്‍  ഫസ്റ്റ് ക്ലാസ്സോടെ പൂര്‍ത്തിയാക്കി. 1962 ല്‍ കേന്ദ്രസാംസ്‌കാരിക മന്ത്രാലയത്തില്‍ നിന്നും  സംഗീതത്തില്‍ ദേശീയ സ്‌കോളര്‍ഷിപ്പും കരസ്ഥമാക്കിയിട്ടുണ്ട്. ശൊമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ കീഴില്‍ ഗുരുകുലസമ്പ്രദായത്തില്‍  സംഗീതത്തില്‍ പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കി. 

1966 ല്‍ സ്വാതി തിരുനാള്‍ സംഗീത കോളജില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം, പാലക്കാട് ചെമ്പൈ സംഗീത കോളജില്‍ പ്രിന്‍സിപ്പാളായും സേവനം  അനുഷ്ഠിച്ചിട്ടുണ്ട്. നീണ്ട 28 വര്‍ഷത്തെ സേവനത്തിനുശേഷം സ്വാതിതിരുനാള്‍ സംഗീത കോളജില്‍  നിന്നും പ്രിന്‍സിപ്പാളായാണ് വിരമിച്ചത്. കര്‍ണ്ണാടക സംഗീതരംഗത്ത് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്, കേരള സംഗീത നാടക അക്കാദമി  1993 ല്‍ അക്കാദമി അവാര്‍ഡും 2017 ല്‍ ഫെലോഷിപ്പും നല്‍കി ആദരിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ പരീക്ഷവിഭാഗത്തിന്റെ അധ്യക്ഷനായും പ്രവര്‍ത്തിച്ചു. ഭാവിതലമുറയ്ക്കുവേണ്ടി കര്‍ണ്ണാടക സംഗീത രംഗത്ത് ഒട്ടനവധി  സംഭാവനകള്‍ നല്‍കിയ മഹാസംഗീതജ്ഞനായ കുമാര കേരളവര്‍മ്മയെ സ്വാതി സംഗീത പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതില്‍  അതിയായ ആഹ്ലാദമുണ്ടെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍  പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com