

ന്യൂഡൽഹി: സിറോ മലബാർ സഭയുടെ ഭൂമി ഇടപാട് സംബന്ധിച്ച് നടക്കുന്ന അന്വേഷണം സ്റ്റേ ചെയ്യണെമെന്നാവശ്യപ്പെട്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സുപ്രീം കോടതിയെ സമീപിച്ചു. സിറോ മലബാർ സഭ കൈമാറിയത് സർക്കാർ ഭൂമിയാണോയെന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊലീസിനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഈ അന്വേഷണം സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം.
ഇടപാടുമായി ബന്ധപ്പെട്ട് കാക്കനാട് ഫസ്റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസുകളുടെ നടപടികൾ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ പറയുന്നു. ഭൂമിയുടെ സ്വഭാവം സംബന്ധിച്ച സംശയത്തിന്റെ അടിസ്ഥാനത്തിൽ മാത്രം പള്ളി വക സ്വത്തുക്കളെ സംബന്ധിച്ച് ഹൈക്കോടതിക്ക് അന്വേഷണത്തിന് ഉത്തരവിടാൻ കഴിയില്ലെന്നും ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്.
ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കാക്കനാട് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിൽ ഉള്ള കേസുകളിൽ വിചാരണ നടപടികളുമായി മുന്നോട്ട് പോകാൻ അനുവദിച്ച ഹൈക്കോടതി വിധി റദ്ദാക്കണം. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി, പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തി പൊലീസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ഇതിനുപുറമെ ഇടപാടുമായി ബന്ധപ്പെട്ട് മരട് ഫസ്റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിൽ സിവിൽ കേസ് നിലനിൽക്കുകയാണ്. ഇക്കാര്യം മറച്ചുവെച്ചാണ് പരാതിക്കാരൻ കാക്കനാട് ഫസ്റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ആറ് പുതിയ കേസുകൾ ഫയൽ ചെയ്തതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഒരേ വിഷയത്തിൽ വ്യത്യസ്ത കേസുകൾ വിവിധ കോടതികളിൽ പാടില്ലെന്ന ചട്ടം ലംഘിച്ചുകൊണ്ടാണ് ഹർജികളെന്നും അനുകൂലമായ കോടതി വിധി ലഭിക്കാനാകും ഇത്തരം നടപടിയെന്നും ഹർജിയിൽ അദ്ദേഹം ആരോപിക്കുന്നു. ക്രിസ്ത്യൻ പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കുന്നതിന് ബിഷപ്പുമാർക്ക് അധികാരമില്ലെന്ന കേരള ഹൈക്കോടതി വിധിയിലെ പരാമർശങ്ങളെയും ഹർജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates