

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ സുവര്‍ണകേരളം ലോട്ടറി ടിക്കറിലെ ചിത്രവുമായി ബന്ധപ്പെട്ട വിവാദം ഇന്ത്യയിലെ പ്രാചീന തന്ത്രപാരമ്പര്യം മറച്ചുവെക്കലാണെന്ന് ദലിത് ചിന്തകനും എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായി ഡോ. ടി എസ് ശ്യംകുമാര്‍. ചെങ്ങന്നൂര്‍ ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന തൃപ്പൂത്ത് ചടങ്ങുകള്‍ ദേവിയുടെ ആര്‍ത്തവാനുഷ്ഠാനത്തിന്റെ ഭാഗമാണ്. ആര്‍ത്തവം സ്ത്രീ ശരീരത്തെ അശുദ്ധമാക്കുന്നു എന്ന് സിദ്ധാന്തിച്ചത് ധര്‍മശാസ്ത്രങ്ങളാണെന്നും ശ്യാംകുമാര്‍ പറയുന്നു.
ഹിന്ദു ഐക്യവേദിയും ബിജെപിയുമാണ് ചിത്രത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ചിത്രം ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും വിശ്വാസികളെ അധിക്ഷേപിച്ചിരിക്കുകയാണെന്നുമാണ് ആരോപണം. ലോട്ടറി ഡിപ്പാര്‍ട്ട്മെന്റ് ഇറക്കിയ എസ്‌കെ 34 സീരീസില്‍ 2026 ജനുവരി 2ന് നറുക്കെടുക്കുന്ന ലോട്ടറി ടിക്കറ്റിലാണ് ചിത്രം ആലേഖനം ചെയ്തിരിക്കുന്നത്.
ശ്യാംകുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
കേരള സര്‍ക്കാരിന്റെ ലോട്ടറി ടിക്കറ്റില്‍ ശിവലിംഗത്തില്‍ ആര്‍ത്തവ രക്തം വന്നു വീഴുന്ന രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നത് ' ഹിന്ദു' ക്കളെ അപമാനിക്കാനാണ് എന്ന രീതിയിലുള്ള പ്രചാരണം ശക്തമായി നടന്നുകൊണ്ടിരിക്കുകയാണ്.
ഒന്നാമതായി മനസ്സിലാക്കേണ്ടത് പ്രാചീനതന്ത്ര പാരമ്പര്യത്തില്‍ ആര്‍ത്തവ രക്തം അശുദ്ധമാണെന്ന സങ്കല്പം ഉണ്ടായിരുന്നില്ല എന്നാണ്. പ്രാചീന തന്ത്ര ഗ്രന്ഥമായ ജയദ്രഥ യാമള ത്തില്‍ ത്രിശൂലത്തില്‍ ശക്തിയെ ആവാഹിച്ച് അതില്‍ ആര്‍ത്തവ രക്തം അഭിഷേകം ചെയ്യുന്നതിനെ സംബന്ധിച്ച കൃത്യമായ വിവരണങ്ങള്‍ കാണാം. ചെങ്ങന്നൂര്‍ ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന തൃപ്പൂത്ത് ചടങ്ങുകള്‍ ദേവിയുടെ ആര്‍ത്തവാനുഷ്ഠാനത്തിന്റെ ഭാഗമാണ്. ആര്‍ത്തവം സ്ത്രീ ശരീരത്തെ അശുദ്ധമാക്കുന്നു എന്ന് സിദ്ധാന്തിച്ചത് ധര്‍മശാസ്ത്രങ്ങളാണ്. ശാങ്കരസ്മൃതിയില്‍ ആര്‍ത്തവമുള്ള സ്ത്രീ കണ്ണെഴുതുകയോ പൊട്ടു കുത്തുകയോ ചെയ്യാന്‍ പാടില്ലാ എന്നും, വീട്ടിലെ യാതൊരു വസ്തുക്കളെയും സ്പര്‍ശിക്കരുതെന്നും നിഷ്‌കര്‍ഷിക്കുന്നുണ്ട്.
ഇന്ത്യയിലെ വൈവിധ്യ പൂര്‍ണമായ ആരാധനാ സമ്പ്രദായങ്ങളെ തമസ്‌ക്കരിച്ച് ഏകശിലാത്മകമായ ഒരു മത രൂപം സൃഷ്ടിക്കുന്നത് ഇന്ത്യയിലെ പ്രാചീന തന്ത്ര പാരമ്പര്യത്തിന്റെ ചരിത്രം മറച്ചുവച്ചു കൊണ്ട് സ്മൃതി മതം അടിച്ചേല്പിക്കാനാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates