

തിരുവനന്തപുരം: പഴക്കം ചെന്ന വാഹനങ്ങളുടെ തുടരുപയോഗം നിരുത്സാഹപ്പെടുത്തുന്നതിന് 15 വര്‍ഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതി 50 ശതമാനം വര്‍ധിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. 15 വര്‍ഷം കഴിഞ്ഞ മോട്ടോര്‍ സൈക്കിളുകളുടെയും സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന മുച്ചക്രവാഹനങ്ങളുടെയും മോട്ടോര്‍ കാറുകളുടെയും നികുതിയിലാണ് മാറ്റം വരുത്തുന്നത്. ഇതിലൂടെ 55 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ മൂലം ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണം പരമാവധി കുറയ്ക്കുന്നതിന് നിരവധി പദ്ധതികള്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച് വരികയാണ്. ഇതിന്റെ ഭാഗമായി 15 വര്‍ഷം കഴിഞ്ഞ സര്‍ക്കാര്‍ വാഹനങ്ങള്‍ പൊളിക്കുന്നതിന് സര്‍ക്കാര്‍ സ്‌ക്രാപ്പിങ് പോളിസി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ നിലവില്‍ 15 വര്‍ഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങള്‍ക്ക് ഈ നിബന്ധന ബാധകമാക്കിയിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് പഴക്കം ചെന്ന സ്വകാര്യ വാഹനങ്ങളുടെ തുടരുപയോഗം നിരുത്സാഹപ്പെടുത്താന്‍ നികുതി വര്‍ധിപ്പിച്ചതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.
ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വര്‍ധിപ്പിച്ചു
സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വര്‍ധിപ്പിച്ചു. 15 ലക്ഷത്തിന് മുകളില്‍ വിലയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വാഹന വിലയുടെ എട്ടു ശതമാനം നികുതിയും 20 ലക്ഷത്തിന് മുകളില്‍ വിലയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വാഹന വിലയുടെ 10 ശതമാനം നികുതിയും ബാറ്ററി വാടകയ്ക്ക് ലഭ്യമാകുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വാഹനവിലയുടെ 10 ശതമാനം നികുതിയും ഈടാക്കുന്നതാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു. നിലവില്‍ അഞ്ചുശതമാനമാണ് നികുതി.
ഈ നികുതി വര്‍ധനയിലൂടെ 30 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഒറ്റത്തവണ നികുതിയായി 15 വര്‍ഷത്തേയ്ക്ക് ഈടാക്കി വരുന്ന അഞ്ചു ശതമാനം നികുതിയാണ് പുനഃക്രമീകരിച്ചത്. നാല് ചക്രങ്ങളുള്ള സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെ ഒറ്റത്തവണ നികുതിയാണ് വര്‍ധിപ്പിച്ചത്.
ഭൂനികുതി വര്‍ധിപ്പിച്ചു
സംസ്ഥാനത്ത് ഭൂനികുതി വര്‍ധിപ്പിച്ചു. ഭൂമിയില്‍ നിന്ന് സര്‍ക്കാരിന് ലഭിക്കേണ്ട വരുമാനം മെച്ചപ്പെടുത്തുന്നതിനായി നിലവിലുള്ള നികുതി സ്ലാബുകളിലെ നിരക്കുകള്‍ 50 ശതമാനം വര്‍ധിപ്പിക്കുന്നതായി ധനമന്ത്രി അറിയിച്ചു. സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഭൂമിയുടെ വരുമാന സാധ്യതകളും മൂല്യവും പതിന്മടങ്ങ് വര്‍ധിച്ചു. എന്നാല്‍ ഈടാക്കുന്ന അടിസ്ഥാന ഭൂനികുതി നാമമാത്രമാണ്. ഭൂമിയില്‍ നിന്ന് സര്‍ക്കാരിന് ലഭിക്കേണ്ട വരുമാനം മെച്ചപ്പെടുത്തുന്നതിനായി നിലവിലുള്ള നികുതി സ്ലാബുകളിലെ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു.
ഇതിനെ തുടര്‍ന്ന് അടിസ്ഥാന ഭൂനികുതി ഏറ്റവും കുറഞ്ഞ സ്ലാബ് നിരക്കായ ആര്‍ ഒന്നിന് പ്രതിവര്‍ഷം അഞ്ച് രൂപ എന്നത് 7.5 രൂപയാക്കി ഉയര്‍ത്തി. ഏറ്റവും ഉയര്‍ന്ന സ്ലാബ് നിരക്കായ 30 എന്നത് 45 രൂപയാക്കിയും ഉയര്‍ത്തിയതായും ധനമന്ത്രി അറിയിച്ചു.
പഞ്ചായത്തുകളില്‍ 8.1 ആര്‍ വരെ (20 സെന്റ് വരെ) ആര്‍ ഒന്നിന് പ്രതിവര്‍ഷം 7.50 രൂപയാകും പുതിയ നിരക്ക്. 8.6ന് മുകളില്‍ ആര്‍ ഒന്നിന് പ്രതിവര്‍ഷം എട്ടുരൂപയാണ് നിലവിലെ നിരക്ക്. ഇത് ആര്‍ ഒന്നിന് 12 രൂപയാകും. മുന്‍സിപ്പല്‍ പ്രദേശങ്ങളില്‍ 2.4 ആര്‍ വരെ ആര്‍ ഒന്നിന് പ്രതിവര്‍ഷം പത്തു രൂപയായിരുന്നു നിരക്ക്. ഇത് ആര്‍ ഒന്നിന് പതിനഞ്ച് രൂപയാകും. 2.6ന് മുകളില്‍ നിലവില്‍ ആര്‍ ഒന്നിന് പതിനഞ്ച് രൂപയായിരുന്നു. ഇത് ആര്‍ ഒന്നിന് 22.5 രൂപയാകും. കോര്‍പ്പറേഷന്‍ മേഖലയിലും ഭൂനികുതി വര്‍ധിപ്പിച്ചു. 1. 62 ആര്‍ വരെ ആര്‍ ഒന്നിന് പ്രതിവര്‍ഷം 20 രൂപയായിരുന്നു നിരക്ക്. ഇത് ആര്‍ ഒന്നിന് 30 രൂപയാക്കി വര്‍ധിപ്പിച്ചു. 1. 62 ആറിന് മുകളില്‍ ആര്‍ ഒന്നിന് 30 രൂപയായിരുന്നത് 45 രൂപയായാണ് വര്‍ധിപ്പിച്ചതെന്നും ധനമന്ത്രി അറിയിച്ചു. ഇതിലൂടെ നൂറ് കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates