'വാതില്‍ തള്ളിത്തുറന്ന് സനൂപ് അകത്തുകയറി; ആക്രോശിച്ച് കൊടുവാള്‍ കൊണ്ട് തലയില്‍ വെട്ടി'

നേരത്തെ തന്നെ ഇയാള്‍ ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നതായും നേരത്തെ ആസൂത്രണം ചെയ്തതിന്റെ ഭാഗമായാണ് ഇയാള്‍ ആയുധവുമായി എത്തിയതെന്നും ജീവനക്കാരന്‍ പറഞ്ഞു
thamarassery docter attacked updation
ഡോക്ടര്‍ക്ക് വെട്ടേറ്റ ആശുപത്രി
Updated on
2 min read

കോഴിക്കോട്: 'എന്റെ മകളെ കൊന്നവനല്ലേടാ...' എന്ന് വിളിച്ചുപറഞ്ഞ് പിന്‍വാതില്‍ വഴിയെത്തിയ സനൂപ്, ഒരു രോഗിയുടെ കൂട്ടിരിപ്പുകാരുമായി സൂപ്രണ്ടിന്റെ മുറിയില്‍ വച്ച് സംസാരിക്കുകയായിരുന്ന ഡോക്ടറുടെ അടുത്തെത്തി കൊടുവാള്‍ കൊണ്ടു വെട്ടുകയായിരുന്നെന്ന് ദൃക്സാക്ഷിയായ താമരശേരി താലൂക്ക് ആശുപത്രിയിലെ ലാബ് ജീവനക്കാരന്‍ പറഞ്ഞു. നേരത്തെ തന്നെ ഇയാള്‍ ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നതായും നേരത്തെ ആസൂത്രണം ചെയ്തതിന്റെ ഭാഗമായാണ് ഇയാള്‍ ആയുധവുമായി എത്തിയതെന്നും ഇയാള്‍ പറയുന്നു. ഉടന്‍ തന്നെ അവിടെയുണ്ടായിരുന്ന തങ്ങളെല്ലാം ചേര്‍ന്ന് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുനെന്നും ജീവനക്കാരന്‍ പറഞ്ഞു.

ഡോക്ടര്‍ക്ക് വെട്ടേറ്റു എന്നു പിആര്‍ഒ വിളിച്ചുപറഞ്ഞതോടെയാണ് സമീപത്ത് താമസിക്കുകയായിരുന്ന താന്‍ ഓടിയെത്തിയതെന്ന് താമരശേരി താലൂക്ക് ആശുപത്രിയിലെ മറ്റൊരു ഡോക്ടര്‍ പറഞ്ഞു. ബാഗില്‍ നിന്ന് കൊടുവാള്‍ എടുത്ത് ആക്രമിക്കുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞതില്‍ നിന്ന് മനസിലാക്കാന്‍ കഴിഞ്ഞത്. പെട്ടന്ന് ഉണ്ടായ ആക്രമണമായതുകൊണ്ട് തടയാനും ഡോക്ടര്‍ക്ക് കഴിഞ്ഞില്ല. ആക്രമം ആസുത്രിതമാണെന്നും ഡോക്ടറോട് മുന്‍വൈരാഗ്യം പ്രതിക്കുണ്ടാകേണ്ട കാരണമൊന്നുമില്ലെന്നും ഡോക്ടര്‍ പറഞ്ഞു.

thamarassery docter attacked updation
ഞെട്ടിക്കുന്ന സംഭവം, കര്‍ശന നടപടിയെന്ന് വീണ ജോര്‍ജ്; കോഴിക്കോട് ജില്ലയില്‍ ഡോക്ടര്‍മാരുടെ മിന്നല്‍ പണിമുടക്ക്

താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോ.വിപിനാണ് വെട്ടേറ്റത്. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ച ഒന്‍പതു വയസ്സുകാരി അനയയുടെ അച്ഛന്‍ കോരങ്ങാട് ആനപ്പാറ പൊയില്‍ സനൂപ് എന്നയാളാണ് വെട്ടിയത്. കുടുംബത്തിന് നീതി ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മദ്യലഹരിയില്‍ ആശുപത്രിയിലെത്തിയ സനൂപ് മക്കളെ പുറത്തുനിര്‍ത്തിയ ശേഷം മുറിയിലേക്ക് അതിക്രമിച്ച് കയറി ഡോക്ടറെ വെട്ടുകയായിരുന്നു. അക്രമി സനൂപിനെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. വെട്ടാനുപയോഗിച്ച കൊടുവാളും കണ്ടെടുത്തിട്ടുണ്ട്. പരുക്കേറ്റ ഡോ.വിപിനെ താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അപകടനില തരണം ചെയ്‌തെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

thamarassery docter attacked updation
'എന്റെ മകളെ കൊന്നു കളഞ്ഞവനല്ലേ...?'; കോഴിക്കോട് ഡോക്ടര്‍ക്ക് വെട്ടേറ്റു; ആക്രമിച്ചത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചു മരിച്ച കുട്ടിയുടെ അച്ഛന്‍

താലൂക്ക് ആശുപത്രിയില്‍ ചികിത്സ വൈകിയതാണ് മരണത്തിനു കാരണമെന്ന് കുട്ടിയുടെ ബന്ധുക്കള്‍ അന്നുതന്നെ ആരോപിച്ചിരുന്നു. ആദ്യഘട്ടത്തില്‍ കുട്ടിക്ക് ഛര്‍ദ്ദിയും പനിയും മറ്റും ഉണ്ടായെങ്കിലും, രോഗം സ്ഥിരീകരിക്കുന്നതില്‍ കാലതാമസം ഉണ്ടായെന്നായിരുന്നു പരാതി. താലൂക്ക് ആശുപത്രിയില്‍ പനി മൂര്‍ച്ഛിച്ച് അപസ്മാരമുണ്ടായ ശേഷമാണ് കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റാന്‍ തീരുമാനമുണ്ടായതെന്നായിരുന്നു പരാതി.

പനി-ഛര്‍ദി ലക്ഷണങ്ങളുടെ എത്തുന്ന കുട്ടികള്‍ക്ക് നല്‍കുന്ന ചികിത്സ അനയയ്ക്കും നല്‍കിയെന്നാണ് അന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചത്. രക്തത്തില്‍ കൗണ്ട് ഉയര്‍ന്ന നിലയില്‍ ആയതിനാലും ആരോഗ്യനില വഷളായതിനാലും മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നുവെന്നും സൂപ്രണ്ട് വ്യക്തമാക്കിയിരുന്നു.

അനയയുടെ രണ്ട് ഇളയ സഹോദരന്മാര്‍ക്കും പിന്നീട് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. ഈ കുട്ടികളെ ആഴ്ചകള്‍ നീണ്ട ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായതോടെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. അനയയുടെ മരണം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചാണെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഇത് സൂചിപ്പിക്കുന്ന മരണ സര്‍ട്ടിഫിക്കറ്റ് കുടുംബത്തിന് നല്‍കിയില്ലെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. മൂന്നു കുട്ടികള്‍ക്കും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചെങ്കിലും രോഗബാധ ഉറവിടം സ്ഥിരീകരിക്കാന്‍ വീടിനടുത്തുനിന്ന് എടുത്ത സാംപിളുകളുടെ ആദ്യഘട്ട പരിശോധനയില്‍ കഴിഞ്ഞിരുന്നില്ല.

പിന്നീട് ആരോഗ്യവകുപ്പിന്റെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ സാംപിള്‍ പരിശോധനയിലാണ് അമീബിക് രോഗബാധയ്ക്കിടയാക്കിയ അണുസാന്നിധ്യം കണ്ടെത്തിയത്. കുട്ടികളില്‍ ഏഴുവയസ്സുകാരന്റെ നട്ടെല്ലില്‍നിന്ന് സ്രവം കുത്തിയെടുത്തു പരിശോധിച്ചതുമായി ബന്ധപ്പെട്ട്, കുട്ടിക്ക് ഭാവിയില്‍ നട്ടെല്ലിന് എന്തെങ്കിലും പ്രശ്‌നമുണ്ടാകുമോ എന്ന ആശങ്ക സനൂപ് നേരത്തേ ഉയര്‍ത്തിയിരുന്നതായും പറയുന്നു.

Summary

thamarassery docter attacked updation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com