ആദ്യ അരങ്ങിന് നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ വിലക്ക്; 25 വര്‍ഷം നീണ്ട മേരി റോയ് അടക്കമുള്ളവരുടെ പോരാട്ടം; ഓര്‍മയില്‍ ആ 'റോക്ക് ഓപ്പറ'

25 വര്‍ഷത്തോളം നീണ്ട നിയമ പോരാട്ടത്തിന് അവസാനം 2015ല്‍ വിലക്ക് നേരിട്ട അതേ വേദിയില്‍ തന്നെ റോക്ക് ഓപ്പറ അവതരിപ്പിച്ചു
നാടകത്തിൽ നിന്നുള്ള രം​ഗം
നാടകത്തിൽ നിന്നുള്ള രം​ഗം
Updated on
3 min read

ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാ നിയമത്തിനെതിരേ നടത്തിയ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയയായിരുന്ന മേരി റോയ്, അവതരണം നിഷേധിക്കപ്പെട്ട ഒരു നാടകം അരങ്ങില്‍ തിരിച്ച് കയറാനായി നടത്തിയ പോരാട്ടത്തിലും മുന്നിലുണ്ടായിരുന്നു. മേരി റോയ് വിട പറയുമ്പോള്‍ ഓര്‍മകളില്‍ തെളിയുകയാണ് വീണ്ടും ആ നാടകം.

യേശുക്രിസ്തുവിന്റെ അവസാന ഏഴ് ദിവസങ്ങളെ അടിസ്ഥാനമാക്കി സൃഷ്ടിക്കപ്പെട്ട 'ജീസസ് ക്രൈസ്റ്റ് സൂപ്പര്‍ സ്റ്റാര്‍' എന്ന സംഗീത നാടക (റോക്ക് ഓപ്പറ) മാണ് എല്ലാ തയ്യാറെടുപ്പുകളും നടത്തി അരങ്ങില്‍ ആദ്യമായി കയറാന്‍ ഒരുങ്ങുന്നതിനിടെ വിലക്ക് നേരിട്ടത്. പിന്നീട് 25 വര്‍ഷത്തോളം നീണ്ട നിയമ പോരാട്ടത്തിന് അവസാനം 2015ല്‍ വിലക്ക് നേരിട്ട അതേ വേദിയില്‍ തന്നെ റോക്ക് ഓപ്പറ അവതരിപ്പിച്ചു. 

മേരി റോയ്
മേരി റോയ്

സ്‌കൂളില്‍ തിയേറ്റര്‍ പഠനം മേരി റോയ് നിര്‍ബന്ധമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് നാടകാവതരണം ഉണ്ടായത്. ആദ്യമായി 1990ല്‍ സ്റ്റേജില്‍ കയറാനൊരുങ്ങുന്നതിനിടെ ജില്ലാ കലക്ടര്‍ വന്ന് തടയുന്നതോടെയാണ് കലാവതരണത്തിന് വിലക്ക് വന്നത്. 

ഇതിന്റെ ഇംഗ്ലീഷ് സംഗീത നാടകം എഴുതിയത് ടിം റൈസാണ്. 1970ല്‍ രചിച്ച ജീസസ് ക്രൈസ്റ്റ് സൂപ്പര്‍ സ്റ്റാറിന്റെ വരികള്‍ക്ക് ആന്‍ഡ്രൂ ലോയ്ഡ് വെബ്ബര്‍ സംഗീതം നല്‍കി. ഈ സംഗീത നാടകം മലയാളത്തില്‍ സംവിധാനം ചെയ്തത് ജോണ്‍ വേക്കനാണ്. 

ഏതാണ്ട് 150 കലാകാരന്‍മാര്‍, ലൈവ് സംഗീതമടക്കമുള്ള വലിയ ചെലവിലാണ് നാടകം ഒരുക്കിയതെന്ന് സംവിധായകന്‍ ജോണ്‍ വേക്കന്‍ പറയുന്നു. അഞ്ച് ലക്ഷത്തോളം രൂപയാണ് നാടകം പൂര്‍ണ രൂപത്തില്‍ സ്റ്റേജില്‍ അവതരിപ്പിക്കാന്‍ ചെലവായതെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തി. 

1990 ഒക്ടോബര്‍ 15നാണ് നാടകത്തിന്റെ ആദ്യ അവതരണം തീരുമാനിച്ചത്. യേശുക്രിസ്തുവും ശിഷ്യരും തമ്മിലുള്ള സംസാരവും യൂദാസുമായുള്ള തര്‍ക്കവും നാടകത്തില്‍ പ്രതിപാദിക്കുന്നു. മഗ്ദലന മറിയം, ഹെറോദോസ് രാജാവ്, അന്നാസ്, കയാഫസ്, പൈലേറ്റ് തുടങ്ങിയ കഥാപാത്രങ്ങള്‍ അരങ്ങിലെത്തുന്നു.

യേശുക്രിസ്തുവിനെ ആശ്വസിപ്പിക്കുന്ന മഗ്ദലന മറിയത്തിന്റെ സാന്നിധ്യമാണ് പ്രതിഷേധത്തിന് കാരണമായത്. സുഹൃത്തിനെയെന്നവിധം അദ്ദേഹത്തെ മഗ്ദലനമറിയം തലോടുന്നുണ്ട്. ഈ രംഗമാണ് വിശ്വാസികളെ ആശങ്കയിലാക്കിയത്. 

നാടകാവതരണത്തിന് സ്റ്റേജിലേക്ക് കയറാനൊരുങ്ങുമ്പോള്‍ പൊലീസ് അവതരണം തടഞ്ഞുള്ള ജില്ലാ കലക്ടറുടെ അറിയിപ്പ് നല്‍കുകയായിരുന്നു. ജില്ലാ മജിസ്‌ട്രേറ്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് അന്ന് കലക്ടറായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനം അവതരണം തടഞ്ഞത്. ഒരു വിഭാഗം കത്തോലിക്ക, സിഎസ്‌ഐ വൈദികരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. 

സംവിധായകൻ ജോണ്‍ വേക്കൻ
സംവിധായകൻ ജോണ്‍ വേക്കൻ

പിന്നീട് പോരാട്ടത്തിന്റെ നാളുകളായിരുന്നു. സ്‌കൂള്‍ അധികൃതര്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. 1991ല്‍ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു. വിലക്കിനെതിരെ 2004ല്‍ ഫാ. എബ്രഹാം വെള്ളംതടത്തില്‍ നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി. 

തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്ന മേരി റോയ് സുപ്രീം കോടതിയെ സമീപിച്ചു. വത്തിക്കാന്‍ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ നാടകം അവതരിപ്പിച്ചതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. 

2015ല്‍ ഏപ്രില്‍ ഏഴാം തീയതി സുപ്രീം കോടതി പുറപ്പെടുവിച്ച വിധി സ്‌കൂളിന് അനുകൂലമായി. നാടകം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി അവതരിപ്പിക്കാന്‍ സൂപ്രീം കോടതി പ്രത്യേക ഉത്തരവിലൂടെ അനുമതി നില്‍കുകയായിരുന്നു. ബുധന്‍ വ്യാഴം ദിവസങ്ങളില്‍ നാടകം അരങ്ങേറി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com