

കോട്ടയം: യാക്കോബായ സഭയുടെ അസ്തിത്വം നിലനിര്‍ത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് ഓര്‍ത്തഡോക്‌സ് സഭ. മുഖ്യമന്ത്രിയുടെ നിലപാട് ഭരണഘടനാ ലംഘനമാണ്. നിയമപരമല്ലാത്ത ആനുകൂല്യം വാഗ്ദാനം ചെയ്ത് കയ്യടി വാങ്ങാനാണ് ശ്രമിക്കുന്നത്. സഭാ തര്‍ക്കം രൂക്ഷമാക്കി നേട്ടമുണ്ടാക്കാനുള്ള ശ്രമമാണെന്നും കലാപാഹ്വാനമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നുമുള്‍പ്പെടെ രൂക്ഷമായ വിമര്‍ശനമാണ് ഓര്‍ത്തഡോക്‌സ് സഭ ഉന്നയിക്കുന്നത്.
യാക്കോബായ സഭയുടെ സമ്മേളനത്തില്‍ പങ്കെടുത്ത് നിയമപരമല്ലാത്ത വാഗ്ദാനം നല്‍കി കയ്യടി വാങ്ങാന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്നാണ് ഓര്‍ത്തഡോക്‌സ് സഭയുടെ വിമര്‍ശനം. തര്‍ക്ക വിഷയങ്ങളില്‍ നിഷ്പക്ഷത പാലിക്കുന്നതിന് പകരം ഒരു വിഭാഗത്തിന്റെ മാത്രം വക്താവായി മുഖ്യമന്ത്രി മാറിയത് വേദനാജനകമാണെന്നും സഭ മാധ്യമ വിഭാഗം പ്രസിഡന്റ് യുഹാനോന്‍ മാര്‍ ദിയസ് കോറസ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാ ലംഘനമാണെന്നും മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എക്കാലവും സമാധാനപരമായ നിലപാടാണ് ഓര്‍ത്തഡോക്‌സ് സഭ സ്വീകരിച്ചിട്ടുള്ളതെന്നും യുഹാനോന്‍ മാര്‍ ദിയസ്‌കോറസ് പറഞ്ഞു. ഓര്‍ത്തഡോക്‌സ് സഭയുടെ സമീപനത്തോട് തികഞ്ഞ അവഗണനയും നിഷേധാത്മക സമീപനവുമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ആട്ടിന്‍ തോലിട്ട ചെന്നായ എന്ന പ്രയോഗം ആരെക്കുറിച്ചാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മലങ്കര സഭയെ വെട്ടിമുറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. അള മുട്ടിയാല്‍ ചേരയും കടിക്കും, അക്കാര്യം സര്‍ക്കാര്‍ ഓര്‍ക്കണമെന്നും ഓര്‍ത്തഡോക്‌സ് സഭ പറഞ്ഞു. പൊലീസിനെ ഉപയോഗിച്ച് സര്‍ക്കാരിന്റെ അട്ടിമറികളെ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്നും സഭ ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കുമെന്നും ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കി. പാത്രിയാര്‍ക്കിസ് ബാവയുടെ കേരളാ സന്ദര്‍ശനത്തിന് സഭ എതിരല്ലെന്നും എന്നാല്‍ ബാവയുടെ കേരളാ സന്ദര്‍ശനം പ്രൊട്ടോക്കോള്‍ ലംഘനമാണെന്നുമാണ് ഓര്‍ത്തഡോക്‌സ് നിലപാട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates