

കൊച്ചി: കേരളത്തിലെ വിലക്കയറ്റം അറിയാത്ത ഏകയാള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 87 ലക്ഷം പേര്‍ക്ക് ഓണക്കിറ്റ് കൊടുക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ അതു പിന്നീട് ആറു ലക്ഷമാക്കി ചുരുക്കി. അതില്‍ തന്നെ പത്തു ശതമാനം പോലും വിതരണം ചെയ്യാനായിട്ടില്ല. കെഎസ്ആര്‍ടിസിയെ പോലെ സിവില്‍ സപ്ലൈസ് കോര്‍പറേഷനെ സര്‍ക്കാര്‍ ദയാവദത്തിന് വിട്ടുനല്‍കിയിരിക്കുകയാണ്. കരാറുകാര്‍ക്ക് 700 കോടിയോളം രൂപയാണ് കൊടുക്കാനുള്ളത്. സപ്ലൈകോ 750 കോടി ചോദിച്ചപ്പോള്‍ 70 കോടി മാത്രമാണ് നല്‍കിയത്. എന്നിട്ടും ഒരു നാണവുമില്ലാതെയാണ് കേരളത്തില്‍ വിലക്കയറ്റമില്ലെന്ന് മുഖ്യമന്ത്രി പ്രസംഗിച്ചത്. വിലക്കയറ്റമുണ്ടെന്ന് അറിയാത്ത ഏകയാള്‍ മുഖ്യമന്ത്രിയായിരിക്കും. ദന്തഗോപുരത്തില്‍നിന്നും താഴെയിറങ്ങി വന്നാല്‍ മാത്രമേ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ സാധിക്കൂവെന്നും പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ പറഞ്ഞു.
ഓണത്തെ സര്‍ക്കാര്‍ സങ്കടകരമാക്കി മാറ്റി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് നല്‍കിയതിനാണ് ഞങ്ങള്‍ ഇഷ്ടം പോലെ പണം നല്‍കിയിട്ടുണ്ടെന്ന് ധനകാര്യമന്ത്രി പറയുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രം ആറു ഗഡു ഡിഎ കുടിശികനല്‍കാനുണ്ട്. സ്‌കൂളിലെ പാചകക്കാര്‍ക്കും ആശ്വാസകിരണം പദ്ധതിയില്‍പ്പെട്ടവര്‍ക്കുമൊക്കെ പണം നല്‍കാനുണ്ട്. കെട്ടിട നിര്‍മാണ തൊഴിലാളികള്‍, ലോട്ടറി, കയര്‍ തുടങ്ങി എല്ലാ മേഖലകളിലും പണം നല്‍കാനുണ്ട്. സാധാരണക്കാരന്റെ ജീവിതം എന്താണെന്ന് അറിയാത്ത മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത്. സാധാരണക്കാരന്റെ സ്ഥിതി ദയനീയമാണ്.
എന്തു വിറ്റാലും ഓണം ഉണ്ണാനാകാത്ത സ്ഥിതിയാണ്. നികുതിക്കൊള്ളയെയും നിരക്ക് വര്‍ധനകളെയും തുടര്‍ന്ന് നാല് മാസമായി ഒരു ശരാശരി കുടുംബത്തിന്റെ ചെലവ് 4000 മുതല്‍ 5000 രൂപവരെ വര്‍ധിച്ചു. ഇരുമ്പ് കൂടം കൊണ്ട് സാധാരണക്കാരന്റെ തലയ്ക്കടിച്ച സര്‍ക്കാരാണിത്. ആറു ലക്ഷം പേര്‍ക്ക് പോലും കിറ്റ് നല്‍കാനാകാത്ത സര്‍ക്കാരിനെ കുറിച്ച് എന്ത് പറയാനാണ്. ധനകാര്യമന്ത്രിക്ക് ഒന്നും അറിയില്ല, അല്ലെങ്കില്‍ അറിയില്ലെന്ന് നടിക്കുകയാണ്.
മാസപ്പടി ആരോപണത്തില്‍ പ്രതിപക്ഷമല്ല കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ ഒന്നും ഇല്ലാത്തത് കൊണ്ടാണ് കോടതി തള്ളിയത്. ഇത്തരം വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ ചാടിക്കയറി കേസ് നല്‍കുന്നവരുണ്ട്. അവര്‍ ആരെ സഹായിക്കാനാണ് അങ്ങനെ ചെയ്യുന്നതെന്ന് മാത്രം അന്വേഷിച്ചാല്‍ മതി. പ്രതിപക്ഷം ബെനാമികളെ വച്ച് കേസ് നല്‍കില്ല. ആരോപണത്തിന്റെ എല്ലാ നിയമവശങ്ങളും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. പഠിച്ചും പരമാവധി തെളിവുകള്‍ സമാഹരിച്ചും മാത്രമേ പ്രതിപക്ഷം കോടതിയെ സമീപിക്കൂ.
കള്ളപ്പണം വെളുപ്പിച്ച കേസായതിനാല്‍ ഇഡിയാണ് അന്വേഷിക്കേണ്ടത്. എന്തുകൊണ്ടാണ് ഇഡി കേസെടുക്കാത്തതെന്ന് അറിയില്ല. പ്രധാനപ്പെട്ട സ്ഥാനത്ത് ഇരുന്നുകൊണ്ടാണ് പണം വാങ്ങിയതെന്ന് പറയുന്നതിനാല്‍ വിജിലന്‍സിനും അന്വേഷിക്കാം. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെയല്ല, മുഖ്യമന്ത്രിക്കെതിരെയാണ് കേസെടുക്കേണ്ടത്. ഏതെങ്കിലും വിജിലന്‍സ് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കുമോ? അപ്പോള്‍ കോടതി വഴിയേ കേസെടുക്കാനാകൂ.
സിപിഎമ്മുകാര്‍ക്കെതിരെ കേസെടുക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. സിപിഎമ്മുകാര്‍ ഹെല്‍മറ്റ് വച്ചില്ലെങ്കില്‍ പോലും കേസെടുക്കില്ല. പുതുപ്പള്ളിയിലെ സതിയമ്മയ്‌ക്കെതിരെ പോലും കേസെടുത്തു. എത്ര മനുഷ്യത്വഹീനമായാണ് 8000 രൂപ ശമ്പളം വാങ്ങിയ ഒരു സ്ത്രീയ്‌ക്കെതിരെ ആള്‍മാറാട്ടത്തിന് കേസെടുത്തത്. ഈ അഹങ്കാരത്തിനും ധാര്‍ഷ്ട്യത്തിനും പുതുപ്പള്ളി തിരിച്ചടി നല്‍കുക തന്നെ ചെയ്യും.- സതീശന്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ സിനിമ അവാര്‍ഡ് റദ്ദാക്കണം; തടസഹര്‍ജി ഫയല്‍ ചെയ്ത് രഞ്ജിത്തും ചലച്ചിത്ര അക്കാദമിയും
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates