കോവാക്‌സിനെതിരെ കോണ്‍ഗ്രസ്;  പരീക്ഷണം പൂര്‍ത്തിയാകും മുന്‍പ് അനുമതി നല്‍കിയത് അപകടകരമെന്ന് ശശി തരൂര്‍

മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയായിട്ടില്ല. അതിനു മുന്‍പെ അനുമതി നല്‍കിയത് അപകടകരമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍
കോവാക്‌സിനെതിരെ കോണ്‍ഗ്രസ്;  പരീക്ഷണം പൂര്‍ത്തിയാകും മുന്‍പ് അനുമതി നല്‍കിയത് അപകടകരമെന്ന് ശശി തരൂര്‍
Updated on: 
1 min read

തിരുവനന്തപുരം:  അടിയന്തര ഉപയോഗത്തിനായി തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി  കോണ്‍ഗ്രസ്. മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയായിട്ടില്ല. അതിനു മുന്‍പെ അനുമതി നല്‍കിയത് അപകടകരമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പറഞ്ഞു. 

നടപടി അപക്വവും അപകടകരവുമാണ് ആരോഗ്യമന്ത്രി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും തരൂര്‍  ആവശ്യപ്പെട്ടു.അതേസമയം ഓക്‌ഫോര്‍ഡ് വാക്‌സിനായ കോവീഷല്‍ഡുമായി മുന്നോട്ട് പോകാമെന്നും തരൂര്‍ പറഞ്ഞു. വാക്‌സിന്‍ അനുമതിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ തയ്യാറായിട്ടില്ല.  ഇത് സംബന്ധിച്ച് കൂടുതല്‍ വിശദീകരണം കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ നിന്നുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

രാജ്യത്ത് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡിനും തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിനും ഡ്രഗ്സ് കണ്‍ട്രോളര്‍ അനുമതി നല്‍കി. ഉപാധികളോടെ അടിയന്തര ഉപയോഗത്തിനാണ് അനുമതി നല്‍കിയത്. ഇരു വാക്സിനുകളും ഫലപ്രദമെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞദിവസമാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിനും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡിനും അടിയന്തര ഉപയോഗത്തിന് വിദഗ്ധ സമിതി അനുമതി നല്‍കിയത്. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ സബ്ജക്ട് എക്സ്പെര്‍ട്ട് കമ്മിറ്റി (എസ്ഇസി)യാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് (ഡിസിജിഐ) ശുപാര്‍ശ നല്‍കിയത്.

ഐസിഎംആറിന്റെ സഹകരണത്തോടെ ഭാരത് ബയോടെക്ക് നിര്‍മിക്കുന്ന കോവിഡ് പ്രതിരോധ വാക്സിനാണ് കോവാക്സിന്‍. 10 മില്യണ്‍ ഡോസുകള്‍ ഇതിനകം കോവാക്സിന്റേത് തയ്യാറായിക്കഴിഞ്ഞു. വര്‍ഷം 300 മില്യണ്‍ വാക്സിന്‍ ഡോസുകള്‍ ഉല്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതില്‍ ആദ്യ 100 മില്യണ്‍ ഇന്ത്യയില്‍ തന്നെ വിതരണം ചെയ്യും. കോവിഡ് വാക്സിന്‍ വികസനത്തിനായി 60 70 മില്യണ്‍ ഡോളറാണ് ഇന്ത്യ ഇതിനകം ചെലവഴിച്ചിരിക്കുന്നത്.

ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനക്കയുമായി സഹകരിച്ചുകൊണ്ടാണ് പുനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീല്‍ഡ് വികസിപ്പിച്ചത്. കോവിഷീല്‍ഡിന്റെ അഞ്ച് കോടി ഡോസ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com