

തിരുവനന്തപുരം; അനർഹമായി കൈവശം വച്ചിരുന്ന മുൻഗണനാ റേഷൻ കാർഡുകൾ തിരിച്ചേൽപ്പിക്കാനുള്ള തിയതി നീട്ടി. പിഴയോ മറ്റ് നിയമനടപടികളോ കൂടാതെ കാർഡുകൾ തിരിച്ചേൽപ്പിക്കാനുള്ള സമയം ജൂലൈ 15 വരെ ദീർഘിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
മുൻഗണനാ കാർഡ് തിരിച്ചേൽപ്പിക്കാൻ നിശ്ചയിച്ചിരുന്ന സമയപരിധി ജൂൺ 30 ആയിരുന്നു. പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് പദ്ധതിക്ക് ലഭിച്ചുവരുന്നത്. വിവിധ കാരണങ്ങളാൽ കാർഡ് സറണ്ടർ ചെയ്യാൻ കഴിയാത്തവർക്ക് തീയതി ദീർഘിപ്പിച്ച് നൽകണമെന്ന് സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും ആവശ്യമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പിഴയോ മറ്റ് നിയമനടപടികളോ കൂടാതെ കാർഡ് തിരിച്ചേൽപ്പിക്കാനുള്ള തീയതി നീട്ടിയത്.
സമയപരിധി കഴിഞ്ഞാൽ മുൻഗണന കാർഡുകൾ കൈവശം വച്ച് അനർഹമായി വാങ്ങുന്ന ഓരോ കിലോഗ്രാം ഭക്ഷ്യ ധാന്യത്തിനും ഏത് ദിവസം മുതലാണോ അനർഹമായി വാങ്ങിക്കൊണ്ടിരുന്നത് അന്നു മുതലുള്ള അതിന്റെ വിപണി വില പിഴയായി ഈടാക്കും. ഒപ്പം നിയമ നടപടികൾ സ്വീകരിക്കും. ആവശ്യമെങ്കിൽ റേഷൻ കാർഡ് സ്ഥിരമായി റദ്ദ് ചെയ്യും.
ഇത്തരം കാർഡുടമ ഉദ്യോഗസ്ഥരാണെങ്കിൽ വകുപ്പു തല നടപടി എടുക്കും. കൂടാതെ ക്രിമിനൽ കുറ്റവും ചുമത്തും. നിശ്ചിത കാലാവധിക്കകം കാർഡ് മാറ്റാത്തവരെ കണ്ടെത്താൻ ജൂലൈ ഒന്നു മുതൽ പരിശോധനകളും നടത്തും. കാർഡു മാറ്റാനായുള്ള അപേക്ഷ നേരിട്ടോ ഇ മെയിലൂടെയോ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫിസിലേക്കോ താലൂക്ക് സപ്ലൈ ഓഫിസറുടെ ഔദ്യോഗിക മൊബൈൽ നമ്പറിലേക്കോ അറിയിക്കാം.
സർക്കാർ / അർധ സർക്കാർ / പൊതുമേഖലാ / സഹകരണ മേഖല ഉദ്യോഗസ്ഥർ, പെൻഷനർ, ആദായ നികുതി അടയ്ക്കുന്നവർ, മാസം 25000 രൂപയിലധികം വരുമാനം, ആയിരം ചതുരശ്ര അടിയിലധികം വിസ്തീർണമുള്ള വീട്, ഒരേക്കറിലധികം ഭൂമി, ഏക ഉപജീവന മാർഗമായ ടാക്സി ഒഴികെയുള്ള നാലു ചക്ര വാഹനം എന്നിവ ഉള്ളവർക്കും മുൻഗണന കാർഡുകൾക്ക് അർഹതയില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates