

കോഴിക്കോട്: അറബിക്കടലില്‍ കത്തിയമരുന്ന ചരക്കുകപ്പലിലെ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. കപ്പലിന്റെ ഏറ്റവും മുകള്‍ഭാഗത്തുള്ള കണ്ടെയ്നറുകളിലേക്കും തീപടര്‍ന്നിട്ടുണ്ട്. ഇപ്പോഴും വന്‍തോതില്‍ കറുത്തപുക ഉയരുന്നുണ്ട്. പരമാവധി അടുത്തെത്തി വെള്ളം ചീറ്റി തീയണയ്ക്കാനാണ് കോസ്റ്റ് ഗാര്‍ഡ്(Indian Coast Guard) ശ്രമിക്കുന്നത്. എന്നാല്‍, കൂടുതല്‍ കണ്ടെയ്നറുകളിലേക്ക് തീപടര്‍ന്നതും പൊട്ടിത്തെറി സാധ്യതയും കപ്പലിന് അടുത്തേക്ക് പോകുന്നതിന് വെല്ലുവിളി ഉയര്‍ത്തുകയാണ്.
അപകടകരമായ രാസവസ്തുക്കള്‍ അടങ്ങിയ കണ്ടെയ്നറുകളിലേക്ക് തീപടരുന്നത് നിയന്ത്രണവിധേയമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് കോസ്റ്റ് ഗാര്‍ഡ്. ഏകദേശം 650 കണ്ടെയ്നറുകളാണ് കപ്പലിലുള്ളത്. കപ്പലിലെ നാല് ജീവനക്കാരെ കണ്ടെത്താനുള്ള തിരച്ചിലും തുടരുന്നുണ്ട്. കപ്പലിന്റെ അടിത്തട്ടിലടക്കം മുങ്ങല്‍വിദഗ്ധര്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ക്കൊപ്പം ഡോര്‍ണിയര്‍ വിമാനങ്ങളും അപകടമേഖലയില്‍ നിരീക്ഷണത്തിനുണ്ട്. രക്ഷാപ്രവര്‍ത്തനത്തില്‍ കോസ്റ്റ് ഗാര്‍ഡിനെ സഹായിക്കാനായി നാവികസേനയുടെ ഐഎന്‍എസ് സത്ലജും സ്ഥലത്തെത്തിയിട്ടുണ്ട്.
നിലവില്‍ കപ്പല്‍ നിയന്ത്രണമില്ലാതെ തെക്കുദിശയിലേക്ക് ഒഴുകുകയാണ്. അപകടത്തില്‍പ്പെട്ട സ്ഥലത്തുനിന്ന് രണ്ടുകിലോമീറ്ററോളം അകലേക്ക് കപ്പല്‍ ഇപ്പോള്‍ ഒഴുകിയെത്തിയിട്ടുണ്ട്. മുകള്‍ഭാഗം മുഴുവനും കത്തിനശിച്ച നിലയിലാണ്. കപ്പലിന്റെ ഇന്ധനടാങ്കിനടുത്ത് തീപടരുന്നതും ആശങ്ക ഉയര്‍ത്തുന്നുണ്ട്. കപ്പലില്‍ 2000 ടണ്‍ ഇന്ധനവും 240 ടണ്‍ ഡീസലുമാണുള്ളത്.
കൊളംബോ തുറമുഖത്തുനിന്ന് മുംബൈയിലെ നവ ഷേവ തുറമുഖത്തേക്ക് പോയ 'എംവി വാന്‍ ഹായ് 503' ഫീഡര്‍ കപ്പലിലാണ് കഴിഞ്ഞ ദിവസം തീപിടിച്ചത്. സിംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത തയ്വാന്‍ കമ്പനിയുടെ കപ്പലാണിത്. തിങ്കളാഴ്ച രാവിലെ 9.30 ടെ ആദ്യ പൊട്ടിത്തെറിയുണ്ടായി. കണ്ണൂര്‍ അഴീക്കല്‍ മത്സ്യബന്ധന തുറമുഖത്തുനിന്ന് 81.49 കിലോമീറ്റര്‍ (44 നോട്ടിക്കല്‍ മൈല്‍) അകലെയായിരുന്നു അപകടം. കപ്പലിലെ കണ്ടെയ്നറുകള്‍ പൊട്ടിത്തെറിച്ചതിനുപിന്നാലെ കപ്പലിന് തീപിടിക്കുകയായിരുന്നു. 12.40 ആയപ്പോഴേയ്ക്കും വന്‍തോതില്‍ തീ പടര്‍ന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
