

തിരുവനന്തപുരം: സിനിമാരംഗത്തുള്ളവര്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നത് തമിഴ്‌നാട്ടിലെ പതിവു കാഴ്ചയാണ്. ഇതിനു സമാനമായി കേരളത്തിലും സിനിമാരംഗത്തു നിന്നും നിരവധി പേരാണ് രാഷ്ട്രീയത്തില്‍ പയറ്റാനിറങ്ങുന്നത്. മുകേഷ്, ഗണേഷ് കുമാര്‍, പിടി കുഞ്ഞുമുഹമ്മദ് തുടങ്ങി നിരവധി പേര്‍ സിനിമാ രംഗത്തു നിന്നും നിയമസഭയിലെത്തി. എന്നാല്‍ കേരളത്തില്‍ ആരാണ് സിനിമാരംഗത്തു നിന്നും ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങി വിജയിച്ചതെന്ന് അറിയാമോ?.
1965-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് കേരളം സിനിമാ മേഖലയില്‍ നിന്നുള്ള ആദ്യത്തെ വിജയിയെ കണ്ടത്. എന്നാല്‍, വിജയിച്ച സ്ഥാനാര്‍ത്ഥി ഒരിക്കലും എംഎല്‍എ ആയിട്ടില്ല എന്നതും ചരിത്രമാണ്. പ്രശസ്ത സംവിധായകന്‍ രാമു കാര്യാട്ടാണ് ആ വിജയി. ആ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കോ സഖ്യത്തിനോ ഭൂരിപക്ഷം നേടാന്‍ കഴിയാത്തതിനാല്‍ സത്യപ്രതിജ്ഞ ചെയ്യാനായില്ല. അതിനാല്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് മുമ്പ് നിയമസഭ പിരിച്ചുവിട്ടു. 1967-ലെ അടുത്ത തെരഞ്ഞെടുപ്പ് വരെ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിന് കീഴിലായി.
തൃശൂര്‍ മണ്ഡലത്തിലെ നാട്ടിക മണ്ഡലത്തില്‍ നിന്നാണ് രാമു കാര്യാട്ട് നിയമസഭയിലെത്തിയത്. പ്രശസ്ത സിനിമ ചെമ്മീന്റെ ചിത്രീകരണം നടന്നതും നാട്ടിക ബീച്ചിലാണ്. 1965 ആയപ്പോഴേക്കും രാമു കാര്യാട്ട് അഞ്ച് ചിത്രങ്ങള്‍ സംവിധാനം ചെയ്തിരുന്നു. മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ അവാര്‍ഡ് നേടിയ ചെമ്മീന്‍ രാമു കാര്യാട്ടിന് ദേശീയ പ്രശംസ നേടിക്കൊടുത്തിരുന്നു.
1965-ലെ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തിന് 67 സീറ്റുകളാണ് വേണ്ടിയിരുന്നത്. എന്നാല്‍ സിപിഎമ്മിന് 40 സീറ്റുകള്‍ മാത്രമാണ് നേടാനായത്. കോണ്‍ഗ്രസ് 36 സീറ്റുകള്‍ നേടി. ഒരു വര്‍ഷം മുമ്പ് പിളര്‍ന്ന കേരള കോണ്‍ഗ്രസ് 26 സീറ്റുകള്‍ നേടിയതോടെ, കോണ്‍ഗ്രസിന് അധികാരം നഷ്ടമായി. നിയമസഭയിലേക്ക് വിജയിച്ച രാമു കാര്യാട്ട് ഒരു പാര്‍ട്ടിക്കാരനുമായല്ല, സ്വതന്ത്രനായാണ് മത്സരിച്ചു വിജയിച്ചത്.
ഇപ്പോള്‍ കാലാവധി കഴിയുന്ന നിയമസഭയില്‍ സിനിമാരംഗത്തു നിന്നുള്ള നാലു പേരാണ് ജനപ്രതിനിധികളായുള്ളത്. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍, എം മുകേഷ്, മാണി സി കാപ്പന്‍, ദലീമ എന്നിവരാണ് നിയമസഭാംഗങ്ങളായത്. നൂറിലേറെ സിനിമകളില്‍ അഭിനയിച്ച നടനാണ് ഗണേഷ് കുമാര്‍. രണ്ടാം നിര നായകന്മാരില്‍ ശ്രദ്ധേയനായ മുകേഷ് കൊല്ലത്തു നിന്നാണ് രണ്ടു വട്ടം നിയമസഭയിലേക്ക് വിജയിച്ചത്. നടനും നിര്‍മ്മാതാവും സംവിധായകനുമായ മാണി സി കാപ്പന്‍ പാലാ മണ്ഡലത്തില്‍ നിന്നാണ് വിജയിച്ചത്. പിന്നണി ഗായിക ദലീമ അരൂരില്‍ നിന്നും സിപിഎം ടിക്കറ്റിലാണ് വിജയിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates