

കൊച്ചി: സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായ വിദ്യാർഥികൾക്കുള്ള മെറിറ്റ് സ്കോളർഷിപ്പ് വിതരണത്തിൽ നിലവിലെ 80:20 അനുപാതം റദ്ദാക്കി ഹൈക്കോടതി. സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ കൈവശമുള്ള ഏറ്റവും പുതിയ സെൻസസ് റിപ്പോർട്ടനുസരിച്ച് സ്കോളർഷിപ്പ് തുല്യ പരിഗണനയോടെ വിതരണം ചെയ്യാനുള്ള ഉത്തരവിറക്കാനാണ് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 80:20 അനുപാതം നിയമപരമായി നിലനിൽക്കുന്നതല്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.
ന്യൂനപക്ഷങ്ങളെ മുസ്‌ലിം, ക്രിസ്ത്യൻ എന്നിങ്ങനെ വേർതിരിക്കുന്നത് മതനിരപേക്ഷതയ്ക്ക് എതിരാണെന്നും ആനുകൂല്യങ്ങൾ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് പാലക്കാട് സ്വദേശി ജസ്റ്റിൻ പള്ളിവാതുക്കൽ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. മുസ്‌ലിംകൾക്ക് 80%, ലത്തീൻ കത്തോലിക്കാ, പരിവർത്തിത ക്രൈസ്തവ വിഭാഗങ്ങൾക്കായി 20% എന്നിങ്ങനെ തരംതിരിച്ച് അനുപാതം നിശ്ചയിച്ചതടക്കം മൂന്ന് സർക്കാർ ഉത്തരവുകൾ ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ന്യൂനപക്ഷ കമ്മിഷന്റെ നിയമ വ്യവസ്ഥകളെ സർക്കാർ ഉത്തരവു കൊണ്ടു മറികടക്കാനാവില്ലെന്നും കോടതി പറഞ്ഞു.
ന്യൂനപക്ഷ വിഭാഗങ്ങളെ തുല്യമായാണു പരിഗണിക്കേണ്ടത്. സംസ്ഥാനത്തെ ജനസംഖ്യാ അനുപാതം അനുസരിച്ചു ക്രൈസ്തവർക്ക് അർഹമായതു കണക്കിലെടുക്കാതെ, മുസ്‌ലിം വിഭാഗത്തിന് 80% സ്കോളർഷിപ് നൽകുന്നതു ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുൾപ്പെട്ട ബെഞ്ചാണ് പരാതി പരിഗണിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates