

കൊല്ലം: ഉല്ലാസയാത്രക്കിടെ വനമേഖലയില്‍നിന്ന് കാറിന്റെ ബോണറ്റില്‍ കയറിക്കൂടി 200 കിലോമീറ്റര്‍ നാടുചുറ്റിയ രാജവെമ്പാലയെ ഒന്നരദിവസത്തെ 'വാഹനവാസ'ത്തിനൊടുവില്‍ പിടികൂടി. ഗവി യാത്രയ്ക്കിടെയാണ് ആറടി വലിപ്പമുള്ള രാജവെമ്പാല ആനയടി തീര്‍ഥത്തില്‍ മനുരാജും കുടുംബവും സഞ്ചരിച്ച കാറില്‍ കയറിക്കൂടിയത്. ആശങ്കകളുടെ മണിക്കൂറുകള്‍ക്കൊടുവില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് വാവാ സുരേഷിന്റെ നേതൃത്വത്തില്‍ പാമ്പിനെ പുറത്തെടുത്തത്.
ആങ്ങാമൂഴി ചെക്‌പോസ്റ്റ് കഴിഞ്ഞ് നാലു കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് റോഡരികില്‍ പാമ്പിനെ കണ്ടത്. മൊബൈലില്‍ ചിത്രം പകര്‍ത്തി സാവധാനം വാഹനമോടിക്കുന്നതിനിടയില്‍ വെട്ടിത്തിരിഞ്ഞ പാമ്പ് വാഹനത്തിനടിയിലേക്ക് കയറുന്നതാണ് കണ്ടത്. നിര്‍ത്തിയെങ്കിലും പിന്നെ പാമ്പിനെ കാണാത്തത് ആശങ്കയുണ്ടാക്കി. ഏറെ നേരത്തിന് ശേഷം പാമ്പ് പോയിരിക്കാമെന്ന പ്രതീക്ഷയില്‍ യാത്ര തുടര്‍ന്നു. ഭക്ഷണം കഴിക്കാനായി നിര്‍ത്തിയപ്പോള്‍ ഒരു നായ കാറിന്റെ ബോണറ്റിനുമുന്നില്‍ മണംപിടിച്ചു നില്‍ക്കുന്നതും ഭയന്നതുപോലെ പെരുമാറുന്നതും ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ പാമ്പ് ഉള്ളിലുണ്ടാകുമെന്ന സംശയം ബലപ്പെട്ടു. യാത്രയ്ക്കിടെ പെരിയാര്‍ കടുവാ സങ്കേതത്തിലെ ചെക്‌പോസ്റ്റില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരോട് സംശയം പങ്കിട്ടു. അവര്‍ വാഹനം പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. പാമ്പ് ഉള്ളിലുണ്ടാകാന്‍ സാധ്യതയില്ലെന്നും കയറിയിരുന്നെങ്കില്‍ത്തന്നെ വാഹനം നിര്‍ത്തിയപ്പോള്‍ ഇറങ്ങിപ്പോയിട്ടുണ്ടാകുമെന്നും അവര്‍ പറഞ്ഞു.
വീട്ടിലെത്തി വാഹനം മുറ്റത്തുതന്നെയിട്ടു. രാത്രി സിസിടിവിയില്‍ കാര്‍ നിരീക്ഷിച്ചു. അസ്വാഭാവികമായി ഒന്നും കണ്ടില്ല. രാവിലെ വളര്‍ത്തുനായ കാറിന്റെ ബോണറ്റിന്റെ വശത്ത് അസ്വാഭാവികമായി മണത്തുകൊണ്ടുനിന്നു കുരയ്ക്കാന്‍ തുടങ്ങി. ഈ അനുഭവം 'കേരളത്തിലെ പാമ്പുകള്‍' എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയില്‍ മനുരാജ് പങ്കുവെച്ചു. പാമ്പ് കാറിനുള്ളില്‍ത്തന്നെയുണ്ടാകുമെന്ന അഭിപ്രായക്കാരായിരുന്നു പ്രതികരിച്ചവരില്‍ ഏറെയും. പിന്നെ വാവാ സുരേഷിനെ വിവരമറിയിച്ചു. പാമ്പ് വാഹനത്തിനുള്ളിലുണ്ടെന്നറിഞ്ഞതോടെ മെക്കാനിക്കുകള്‍ മടിച്ചു. ഒടുവില്‍ രണ്ടുപേരെത്തി.
തിങ്കളാഴ്ച രാത്രി ഒമ്പതരയോടെ വാവസുരേഷ് എത്തി. ബോണറ്റ് തുറന്ന് ഏറെനേരം പരതിയിട്ടും പാമ്പിനെ കാണാതെവന്നതോടെ നായയെ കൊണ്ടുവന്നു. നായ മണത്തിടത്ത് പരിശോധിച്ചപ്പോള്‍ രാജവെമ്പാല ഉള്ളിലുണ്ട്. പുറത്തെടുക്കാനുള്ള ശ്രമം മണിക്കൂറുകളോളം നീണ്ടു. വാഹനഭാഗങ്ങള്‍ ശരിയായി ഇളക്കാന്‍ ആളില്ലാതെവന്നതും രക്ഷാപ്രവര്‍ത്തനം വൈകിച്ചു. ഒടുവില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 3.20-ഓടെയാണ് പാമ്പിനെ പിടികൂടിയത്. അല്പം ഗ്രീസ് പറ്റിയെന്നല്ലാതെ കാര്യമായ പരിക്കുകളൊന്നുമുണ്ടായിരുന്നില്ല. പാമ്പിനെ വനംവകുപ്പിന് കൈമാറി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
