ലോറി ഇടിച്ചു കയറിയ ബഹുനില കെട്ടിടം റോഡിലേക്ക് ചരിഞ്ഞു, പൊളിച്ചു നീക്കി
വയനാട്; ചരക്കുലോറി ഇടിച്ചു കയറിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ ബഹുനില കെട്ടിടം പൂർണമായി പൊളിച്ചു നീക്കി. വയനാട് കൽപ്പറ്റയിൽ മടിയൂർകുനി പെട്രോൾ പമ്പിനു സമീപമുള്ള കെട്ടിടമാണ് ലോറി ഇടിച്ചു കയറിയതിനെ തുടർന്ന് റോഡിലേക്ക് വീഴുന്ന അവസ്ഥയിലായത്. തുടർന്ന് തിങ്കളാഴ്ച ഉച്ചയ്ക്കു കലക്ടർ ഡോ. അദീല അബ്ദുല്ലയുടെ അധ്യക്ഷതയിൽ ജില്ലാ ദുരന്തനിവാരണ യോഗം ചേർന്നാണു കെട്ടിടം പൊളിച്ചു നീക്കാൻ ഉത്തരവിട്ടത്.
വൈകിട്ടു ആറോടെ ലോറിയിൽ മണ്ണുമാന്തി എത്തിച്ച് കെട്ടിടം പൊളിച്ചു തുടങ്ങി. കെട്ടിടത്തിനു മുന്നിലെ വലിയ ജനറേറ്റർ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയായിരുന്നു പ്രവൃത്തി. ദേശീയപാത വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. പ്രവൃത്തി പൂർത്തിയാക്കിയ ശേഷം രാത്രി 11.30നാണ് ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്.
തിങ്കളാഴ്ച പുലർച്ചെ നാലോടെയാണു കെട്ടിടത്തിലേക്ക് ലോറി ഇടിച്ചു കയറുന്നത്. കോഴിക്കോട് ഭാഗത്തു നിന്ന വരികയായിരുന്ന ലോറി എതിർദിശയിൽ വരിയായിരുന്ന വാനിൽ ഇടിച്ച ശേഷം 200 മീറ്റർ അകലെയുള്ള വിൻഡ്ഗേറ്റ് റസിഡൻസിയുടെ 3 നില കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാൻ റോഡരികിലേക്ക് മറിഞ്ഞെങ്കിലും യാത്രക്കാർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
ഇറക്കവും കൊടുവളവുമുള്ള സ്ഥലത്തു വച്ചാണു സിമന്റ് ലോഡുമായെത്തിയ ലോറി എതിർദിശയിൽ വരികയായിരുന്ന വാനിൽ ഇടിച്ചത്. ഇവിടെ നിന്നും 200 മീറ്റർ ദൂരത്തുള്ള മറ്റൊരു കൊടുംവളവിനു സമീപമാണു കെട്ടിടം. ലോറിയുടെ മുക്കാൽ ഭാഗവും കെട്ടിടത്തിനുള്ളിലായിരുന്നു. ഇടിയുടെ ആഘാതത്തിൽ കെട്ടിടം ഒരു ഭാഗത്തേക്ക് ചരിയുകയായിരുന്നു. റോഡിലേക്ക് വീഴും എന്ന അവസ്ഥയിൽ എത്തിയതോടെയാണ് പൊളിച്ചു നീക്കാൻ തീരുമാനിക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

