

കൊച്ചി: കേരള എന്ന പേര് കേരളം എന്നാക്കിയത് കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റണമെന്ന വര്‍ഷങ്ങളായിട്ടുള്ള ആവശ്യമാണ് നിറവേറ്റിയത്. ഭാരതത്തിന്റെ സുന്ദരമായ സംസ്ഥാനത്തിന് ഇന്ന് അനുയോജ്യമായ പേര് ലഭിച്ചിരിക്കുന്നുവെന്ന് മോദി പറഞ്ഞു. സമുദ്രത്തെയും നദികളെയും വെള്ളത്തെയും മറ്റുള്ളവര്‍ വെറും വിഭവങ്ങളായി കാണുമ്പോള്‍ ധീവരസമൂഹം അമ്മയായാണ് കാണുന്നത്. മത്സ്യത്തൊഴിലാളികള്‍ സമുദ്രം കാക്കുന്നവരാണ്. പ്രളയസമയത്ത് ഈ സമുദായത്തിന്റെ സേവന പ്രവര്‍ത്തനം ലോകം മുഴുവന്‍ കണ്ടതാണ്. അതാര്‍ക്കും വിസ്മരിക്കാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളികള്‍ക്ക് മികച്ച പരിഗണന നല്‍കിയത് എന്‍ഡിഎ സര്‍ക്കാരാണ്. മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടണം. അതിനായി വിവിധ പദ്ധതികളാണ് മത്സ്യത്തൊഴിലാളി സമുദായത്തിനായി നടപ്പാക്കിയത്. പ്രത്യേക മന്ത്രാലയം രൂപീകരിച്ചു. പ്രധാനമന്ത്രി മത്സ്യയോജനാ പദ്ധതി പ്രകാരം 1400 കോടി രൂപയാണ് കേരളത്തിന് മാത്രം നീക്കിവെച്ചത്. ഇതുമൂലമാണ് കേരളത്തിന്റെ മത്സ്യമേഖല വേഗത്തില്‍ വളരുന്നത്. മത്സ്യത്തൊഴിലാളികളെ ശാക്തികരിക്കാനായി വിവിധ സൊസൈറ്റികള്‍ വഴി ലക്ഷക്കണക്കിന് രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. കടലില്‍ പോകുന്നവരുടെ സുരക്ഷയ്ക്കായും കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തു.
മത്സ്യത്തൊഴിലാളി സമൂഹത്തിലെ യുവാക്കള്‍ ബ്ലൂ ഇക്കോണമിയെ നയിച്ച് മത്സ്യത്തൊഴിലാളി കയറ്റുമതിയെ മുന്നോട്ടുകൊണ്ടുപോകണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കി പ്രോത്സാഹിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിന്റെ പരിവര്‍ത്തനത്തില്‍ കൊച്ചി സാമൂഹ്യപരിഷ്‌കരണത്തിന്റെ മണ്ണായാണ് കണക്കാക്കപ്പെടുന്നത്. ഈ മണ്ണില്‍ നിന്നാണ് പണ്ഡിറ്റ് കറുപ്പന്‍ സ്വാഭിമാന പോരാട്ടത്തിന്റെ ശബ്ദമുയര്‍ത്തിയത്. അമൃതാനന്ദമയിയെയും പ്രധാനമന്ത്രി സ്മരിച്ചു. മാതാ അമൃതാനന്ദമയിയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ അത്ഭുതകരമായ ഉദാഹരണമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
കടലിന്റെ മക്കള്‍ക്ക് നമസ്‌കാരം എന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. അഖിലകേരള ധീവരസഭ സുവര്‍ണജൂബിലി ആഘോഷിക്കുകയാണ്. കഴിഞ്ഞ 50 വര്‍ഷമായി കേരളത്തിലെ മത്സ്യത്തൊളിലാളി സഹോദരങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് സംഘടന. 50 വര്‍ഷത്തെ നിങ്ങളുടെ പ്രയത്‌നത്തില്‍ നിങ്ങളുടെ സേവനമനോഭാവവും ഉള്‍പ്പെട്ടിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ കേരളത്തിലെ മുഴുവന്‍ ധീവരസഭാംഗങ്ങള്‍ക്കും നന്മകള്‍ നേരുന്നു. താനിവിടെ വന്നത് അനുഗ്രഹം നല്‍കാനല്ല, നിങ്ങളില്‍ നിന്നും അനുഗ്രഹം തേടാനാണ് വന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദേശീയപാതയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തിയത്. രാവിലെ 11.29 നാണ് പ്രധാനമന്ത്രിയുടെ വിമാനം നെടുമ്പാശ്ശേരിയിലെത്തിയത്. വിമാനത്താവളത്തില്‍ സംസ്ഥാനത്തിന്റെ ഔദ്യോഗിക സ്വീകരണം ഏറ്റുവാങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ഹെലികോപ്റ്റര്‍ മാര്‍ഗം കൊച്ചി നാവികസേന ആസ്ഥാനത്തെത്തി. അവിടെ നിന്നും റോഡ് മാര്‍ഗമാണ് ധീവരസഭയുടെ സുവര്‍ണജൂബിലി ആഘോഷം നടക്കുന്ന മറൈന്‍ ഡ്രൈവിലെ വേദിയിലെത്തിയത്. തുടര്‍ന്ന് പ്രധാനമന്ത്രി കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ റോഡ് ഷോയിലും പങ്കെടുക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates