

ന്യൂഡല്‍ഹി: മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും. സുപ്രീംകോടതി കൊളീജിയമാണ് കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. നിലവിലെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ ജനുവരി ഒമ്പതിന് വിരമിക്കുന്ന ഒഴിവിലാണ് ശുപാര്‍ശ.
കൊല്‍ക്കത്ത സ്വദേശിയാണ് ജസ്റ്റിസ് സൗമെന്‍ സെന്‍. 1991 ലാണ് അഭിഭാഷകവൃത്തി ആരംഭിച്ച സൗമെന്‍ സെന്‍ 2011 ഏപ്രില്‍ 13-ന് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായി. ഇൗ വര്‍ഷം ആഗസ്തിലാണ് മേഘാലയ ചീഫ് ജസ്റ്റിസ് ആയി നിയമിക്കപ്പെട്ടത്. 2027 ജൂലൈ 27വരെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി അദ്ദേഹത്തിന് കാലാവധിയുണ്ട്.
1965 ജൂലൈ 27-ന് കൊല്‍ക്കത്തയില്‍ ജനിച്ച സൗമെന്‍ സെന്റ് ലോറന്‍സ് ഹൈസ്‌കൂളിലായിരുന്നു അദ്ദേഹത്തിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. 1990ല്‍ കൊല്‍ക്കത്ത സര്‍വകലാശാലയില്‍ എല്‍എല്‍ബി പരീക്ഷ ഒന്നാം റാങ്കോടെ വിജയിച്ചു. അതിന് മുമ്പ് രണ്ട് പതിറ്റാണ്ടു കാലം കേന്ദ്ര സർക്കാർ അഭിഭാഷകനായിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സെബി, സിഡ്ബി തുടങ്ങി പ്രധാനപ്പെട്ട സാമ്പത്തിക സ്ഥാപനങ്ങളുടെ അഭിഭാഷകനായിരുന്നു ജസ്റ്റിസ് സെൻ.