തൃശൂർ: വിവാഹ ദിനത്തിലും നവ്യയുടെയും സുനിലിന്റെയും തെരഞ്ഞെടുപ്പ് ചൂടും സംഘടനാപ്രവർത്തനവും ഒട്ടും കുറയുന്നില്ല. രക്തഹാരം അണിഞ്ഞ് ഒന്നിച്ച് ജീവിക്കാൻ കൈപിടിച്ച ഇരുവരും നടന്നിറങ്ങിയത് പ്രചാരണ ഗോദയിലേക്കാണ്. സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫ് ജില്ലാ വെസ് പ്രസിഡന്റുമാരാണ് നവ്യതമ്പിയും പിഎസ് സുനിലും. രക്ത ഹാരങ്ങൾ അണിയിച്ച ശേഷം പോരാട്ട വീഥികളിൽ ഒപ്പം നടന്ന സുഹൃത്ത് വിഎസ് ദിനിലിന് വേണ്ടിയാണ് ഇരുവരും പ്രചാരണത്തിനിറങ്ങിയത്.
വിദ്യാർഥി പ്രസ്ഥാനം മുതൽ ഒരുമിച്ചു പ്രവർത്തിച്ചവരാണ് നവ്യയും സുനിലും. നേരത്തെ നവ്യ നഗരസഭയിലേക്ക് മത്സരിച്ചിട്ടുണ്ടെങ്കിലും 23 വോട്ടിന് പരാജയപ്പെട്ടു. ബാലവേദിയിലൂടെ പ്രവർത്തനം തുടങ്ങിയ നവ്യ എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ചു.
സമരമുഖങ്ങളിലൂടെയാണ് സുനിലും നവ്യയും കണ്ട് മുട്ടിയത്. ആനാപ്പുഴ പണ്ഡിറ്റ് കറപ്പൻ മെമ്മോറിയൽ ഹാളിൽ ഇന്നലെയായിരുന്നു ഇവരുടെ വിവാഹം. കഴുത്തിൽ രക്തഹാരമണിഞ്ഞ് നേതാക്കൾ എത്തുന്നത് കണ്ടപ്പോൾ തെരഞ്ഞെടുപ്പിന് മുമ്പേ ജയം ഉറപ്പിച്ചോ എന്ന അമ്പരപ്പായിരുന്നു നാട്ടുകാർക്ക്. പിന്നീട് വിവാഹവിശേഷങ്ങൾ അറിഞ്ഞതോടെ വോട്ട് വാഗ്ദാനത്തോടൊപ്പം ആശംസകളും പ്രവഹിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates