

മലപ്പുറം: അൻവറുമായുള്ള കൂടിക്കാഴ്ചയെ നേതൃത്വം തെറ്റാണെന്ന് പറഞ്ഞാൽ തെറ്റാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ( Rahul Mamkootathil ). പാർട്ടിയാണ് ആത്യന്തികമായി ശരി. നേതൃത്വം തെറ്റാണെന്ന് പറഞ്ഞാൽ അത് അംഗീകരിക്കുന്നു. കൂടിക്കാഴ്ച തികച്ചും വ്യക്തിപരമായിരുന്നു. അത് നേരത്തെ തന്നെ പറഞ്ഞതാണ്. എന്റെ പ്രവർത്തനം പാർട്ടിക്ക് തെറ്റായി തോന്നുന്നുവെങ്കിൽ തിരുത്താം. അതിൽ ഈഗോയുടെ പ്രശ്നമില്ല. പാർട്ടിയിൽ ഔട്ട്സ്പോക്കൺ ആകാനില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
പാർട്ടി എന്താണോ പറഞ്ഞത് അതാണ് ശരി. പാർട്ടി നേതൃത്വം തന്നോട് ഔദ്യോഗികമായി ഇക്കാര്യത്തിൽ ഒന്നും പറഞ്ഞിട്ടില്ല. രാഹുൽ മാങ്കൂട്ടത്തിൽ എന്ന വ്യക്തി ജീവിതത്തിൽ കോൺഗ്രസ് പാർട്ടിക്കോ, കോൺഗ്രസ് നേതൃത്വത്തിനോ ഔട്ട്സ്പോക്കൺ ആകാൻ ഉദ്ദേശിക്കുന്നില്ല. നേതൃത്വം ശകാരിച്ചെന്ന് പറഞ്ഞാൽ ശകാരിച്ചു എന്നാണ്. പാർട്ടിയാണ് വലുത്. നേതൃത്വമാണ് വലുത്. പാർട്ടി തെറ്റാണെന്ന് പറഞ്ഞാൽ തന്റെ ഭാഗത്തു തന്നെയാണ് തെറ്റെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പാർട്ടിയുടെ പരസ്യശാസനയാണെങ്കിൽ അത് ഏറ്റുവാങ്ങും. താൻ പാർട്ടിയിലെ സാധാരണ പ്രവർത്തകനാണ്. ഈ സർക്കാരിനെ താഴെയിറക്കുക എന്നതുമാത്രമാണ് സാധാരണ പ്രവർത്തകരെപ്പോലെ തന്റെയും ആഗ്രഹം.
അൻവറിനെ കണ്ടപ്പോൾ അതിവൈകാരികമായി പ്രതികരിക്കരുതെന്നാണ് പറഞ്ഞതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പിണറായിസത്തിനെതിരായ പോരാട്ടം നടത്തുന്നയാളാണ് താങ്കൾ. ആ ലക്ഷ്യത്തിൽ നിന്നും മാറരുതെന്നാണ് അഭ്യർത്ഥിച്ചത്. അതല്ലാതെ, യുഡിഎഫിൽ ചേരുന്ന വിഷയമൊന്നും ചർച്ച ചെയ്തില്ല. പിണറായിസം എന്നത് യാഥാർത്ഥ്യമാണ്. ആ പിണറായിസത്തിനെതിരെ ആരു പറഞ്ഞാലും അതിനോട് ഐക്യദാർഢ്യപ്പെടും. അത്തരത്തിൽ ഐക്യദാർഢ്യപ്പെടുന്ന ആളോട് നിങ്ങളുടെ ട്രാക്ക് തെറ്റാണെന്ന് പറയാനാണ് പോയത്. അതിവൈകാരിക നിലപാട് എടുക്കരുതെന്നും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിക്കണമെന്നും അൻവറിനോട് പറഞ്ഞുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
യുഡിഎഫിന്റെയോ കോണ്‍ഗ്രസ് നേതൃത്വത്തിന്റെയോ അറിവോടയല്ല രാഹുല്‍ മാങ്കൂട്ടത്തില്‍ പിവി അന്‍വറിനെ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞിരുന്നു. രാഹുല്‍ പോകാന്‍ പാടില്ലായിരുന്നു. ചെയ്തത് തെറ്റാണെന്നും സതീശന്‍ പറഞ്ഞു. യുഡിഎഫിന്റെ തീരുമാനം അന്‍വറുമായി ഇനി ഒരു ചര്‍ച്ചയില്ലെന്നാണ്. യുഡിഎഫ് തീരുമാനം കണ്‍വീനര്‍ ഔദ്യോഗികമായി അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പിറ്റേദിവസം വന്ന് അതേകാര്യം ആവര്‍ത്തിച്ചതിനാല്‍ ആ വാതില്‍ യുഡിഎഫ് അടച്ചു. ഇനി ചര്‍ച്ചയില്ല. അന്‍വറിനെ കാണാന്‍ ഞങ്ങള്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
'ജൂനിയര്‍ എംഎല്‍എയാണോ ചര്‍ച്ചയ്ക്ക് പോകേണ്ടത്?. അയാള്‍ തന്നത്താന്‍ പോയതാണ്. പോയത് തെറ്റാണ്. പോകാന്‍ പാടില്ലായിരുന്നു. യുഡിഎഫ് നേതൃത്വം ഒരുതീരുമാനമെടുത്താല്‍ അതിനൊപ്പം നില്‍ക്കണമായിരുന്നു. പോയതില്‍ എംഎല്‍എയോട് വിശദീകരണം തേടില്ല. നേരിട്ട് ശാസിക്കും അത് സംഘടനാപരമായല്ല. യുഡിഎഫ് അന്‍വറുമായുള്ള ചര്‍ച്ചയുടെ വാതില്‍ അടച്ചു. മത്സരിക്കണമോ എന്നത് അൻവറിന്റെ ഇഷ്ടം. ആര്‍ക്കു വേണമെങ്കിലും മത്സരിക്കാം. നിലമ്പൂരില്‍ സിപിഎം കോണ്‍ഗ്രസും തമ്മിലാണ് മത്സരം. രാഷ്ട്രീയമായാണ് ഏറ്റുമുട്ടുന്നത്. ഈ സര്‍ക്കാരിന്റെ ഒന്‍പത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ ജനം വിചാരണം ചെയ്യും. സതീശൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates