

കൊച്ചി: വിവരാവകാശ പ്രകാരം അപേക്ഷകര്‍ക്ക് വിവരം നല്കുന്നതില്‍ അശ്രദ്ധ കാട്ടിയ മൂന്ന് ഓഫീസര്‍മാര്‍ക്ക് 37500 രൂപ പിഴ ശിക്ഷ വിധിച്ച് വിവരാവകാശ കമ്മിഷന്‍. ആലപ്പുഴ ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ എസ് ഡി രാജേഷ് 20000 രൂപയും കോട്ടയം നഗരസഭ സൂപ്രണ്ട് ബോബി ചാക്കോ 15000 രൂപയും ചവറ ബ്ലോക്ക്പഞ്ചായത്ത് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ വി ലത 2500 രൂപയും പിഴയൊടുക്കാന്‍ സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ അബ്ദുല്‍ഹക്കിമാണ് ഉത്തരവിട്ടത്.
കൊച്ചി കോര്‍പ്പറേഷനില്‍ എസ് ഡി രാജേഷ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരിക്കെ 2015 ഒക്ടോബറില്‍ കെ ജെ വിന്‍സന്റ് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നല്കിയില്ല. വിവരം നല്കാന്‍ കമ്മിഷന്‍ നിര്‍ദ്ദേശിച്ചിട്ടും നടപ്പാക്കിയില്ല. ഹിയറിംഗിന് വിളിച്ചിട്ടും ഹാജരായില്ല. കമ്മിഷന്‍ സമന്‍സ് അയച്ച് രാജേഷിനെ തലസ്ഥാനത്ത് വരുത്തുകയായിരുന്നു. വിന്‍സന്റ് ആവശ്യപ്പെട്ട വിവരങ്ങള്‍ ഏപ്രില്‍ 13 നകം ഇപ്പോഴത്തെ ഓഫീസര്‍ ലഭ്യമാക്കാനും കമ്മിഷന്‍ ഉത്തരവായി.
കൊണ്ടോട്ടി നഗരസഭയില്‍ ബോബി ചാക്കോ പ്രവര്‍ത്തിച്ച 2022 ഏപ്രിലില്‍ ചെറുവാടി ലക്ഷ്മി നല്കിയ അപേക്ഷക്ക് വിവരം നല്കിയില്ല, കീഴ് ജീവനക്കാരന്റെ മേല്‍ ചുമതല ഏല്പിച്ച് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറി എന്നിവയാണ് ഇദ്ദേഹത്തിന്റെ വീഴ്ചകള്‍. ഒന്നാം അപ്പീല്‍ അധികാരിയുടെ നടപടികള്‍ കമ്മിഷന്‍ ശരിവച്ചിട്ടുമുണ്ട്. ഇരുവരും ഏപ്രില്‍ 13 നകം പിഴയൊടുക്കി ചലാന്‍ കമ്മിഷന് സമര്‍പ്പിക്കണം.
വിവരം നല്കാമെന്ന് അറിയിച്ച് പണം അടപ്പിച്ചശേഷം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് വിവരം നിഷേധിച്ചതിന് ചവറ ബ്ലോക്ക് പഞ്ചായത്ത് അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി. ലത 2500 രൂപ പിഴ ഒടുക്കണം. 2018 കാലത്ത് ഇവര്‍ പന്തളം നഗരസഭയില്‍ പൊതു വിവരവിതരണ ഓഫീസറായിരുന്നപ്പോഴാണ് വീഴ്ച വരുത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates