

തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനു കുരുക്ക് കൂടുതൽ മുറുകുന്നു. രാഹുലിനെതിരെ രണ്ടാമത്തെ പരാതിക്കാരിയും മൊഴി നൽകും. പ്രത്യേക അന്വേഷണ സംഘത്തിനു പരാതിക്കാരി മൊഴി നൽകാമെന്നു സമ്മതമറിയിച്ച് ഇ മെയിൽ അയച്ചു.
യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തുകയും ചെയ്‌തെന്ന കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ നേരത്തെ കോടതി ജാമ്യം നിഷേധിച്ചിരുന്നു. രാഹുല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി തള്ളി. അറസ്റ്റ് തടയണമെന്ന രാഹുലിന്റെ ഹര്‍ജിയും കോടതി തള്ളി. ഇതോടെ രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള തടസങ്ങള്‍ നീങ്ങി. പ്രോസിക്യൂഷന്‍ ഹാജരാക്കിയ പുതിയ തെളിവുകള്‍ കൂടി പരിശോധിച്ച ശേഷമാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി വിധി പ്രഖ്യാപിച്ചത്.
രാഹുലിനെതിരെ പുതുതായി റജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസിന്റെ എഫ്ഐആറും പ്രോസിക്യൂഷന്‍ കോടതിയില്‍ ഇന്ന് ഹാജരാക്കിയിരുന്നു. രാഹുല്‍ പതിവായി ഇത്തരം കുറ്റകൃത്യം ചെയ്യുന്ന ആളാണെന്നും ജാമ്യം നല്‍കുന്നത് കേസിന്റെ തുടര്‍നടപടികളെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ബലാത്സംഗവും ഗര്‍ഭഛിദ്രവും നടന്നുവെന്നു സ്ഥാപിക്കുന്നതിനു ഡോക്ടറുടെ മൊഴി സഹിതമുള്ള രേഖ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.
രാഹുലിന്റെ ആവശ്യപ്രകാരം, കഴിഞ്ഞദിവസം അടച്ചിട്ട മുറിയില്‍ ഒന്നരമണിക്കൂറോളം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നടന്നിരുന്നു. തുടര്‍വാദം കേള്‍ക്കാന്‍ കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു.കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ അനുമതിചോദിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ തുടര്‍വാദത്തിന് മുമ്പേ പ്രോസിക്യൂഷന്‍ രാഹുലിനെതിരേ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കി. യുവതിയുമായുള്ള ചാറ്റിന്റെ പൂര്‍ണ്ണരൂപമടക്കം പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു.
അതിജീവിതയുടെ ചാറ്റുകളും വിവാഹ ഫോട്ടോയും അടക്കമാണ് പ്രതിഭാഗം കോടതിക്ക് മുമ്പാകെ ഹാജരാക്കിയത്. യുവതിയുടെ പരാതി പൂര്‍ണ്ണമായിട്ടും വ്യാജമാണെന്നും സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഗൂഢാലോചനയുടെ ഭാഗമായി കെട്ടിച്ചമച്ചതാണെന്നുമാണ് രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചത്. യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും പരസ്പര സമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്നും അവകാശപ്പെട്ട് തെളിവുകളും ഹാജരാക്കി. എന്നാല്‍ ബലാത്സംഗത്തിനും ഭ്രൂണഹത്യയ്ക്ക് നിര്‍ബന്ധിച്ചതിനും തെളിവുണ്ടെന്ന് വാദിച്ച പ്രോസിക്യൂഷന്‍ ഡിജിറ്റല്‍ തെളിവുകളും ഹാജരാക്കി. ഇത് പരിശോധിച്ച ശേഷമാണ് കോടതി അധിക തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടത്.
ഫോണ്‍ വിളികളും ചാറ്റുകളും റെക്കോര്‍ഡ് ചെയ്തും സ്‌ക്രീന്‍ ഷോട്ടെടുത്തും സൂക്ഷിച്ചത് ഗൂഢോദ്ദേശ്യത്തോടെയാണെന്നും പരാതി നല്‍കാന്‍ യുവതിക്ക് തൊഴില്‍ സ്ഥാപനത്തില്‍ നിന്നു സമ്മര്‍ദമുണ്ടായെന്നും പ്രതിഭാഗം വാദിച്ചു. കോടതി തീരുമാനമെടുക്കുന്നതുവരെ അറസ്റ്റുണ്ടാകില്ലെന്നു പ്രോസിക്യൂഷന്‍ ഉറപ്പു നല്‍കണമെന്നു പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും അത്തരം ഉറപ്പുകള്‍ നല്‍കാനാകില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്. ഇക്കാര്യത്തില്‍ കോടതിയും ഇടപെട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates