തിരുവനന്തപുരം: കുതിരാനിലെ രണ്ടാമത്തെ തുരങ്കം ഇന്ന് പൂര്‍ണമായും തുറക്കുമെന്ന വര്‍ത്ത തള്ളി സംസ്ഥാന സര്‍ക്കാര്‍. തുരങ്കം പൂര്‍ണമായി തുറക്കുകയല്ലെന്നും ടണലിന്റെ ഒരു ഭാഗം മാത്രം ട്രാഫിക് നിയന്ത്രണത്തിന് വേണ്ടി തുറക്കുകയാണെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും റവന്യു മന്ത്രി കെ രാജനും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രണ്ടാം ടണല്‍ തുറന്നാല്‍, ടോള്‍ പിരിവ് ആരംഭിക്കുമെന്ന വാര്‍ത്തകളും തെറ്റാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ടോള്‍ പിരിവ് ആരംഭിക്കുകയുള്ളു.
രണ്ടാം തുരങ്കത്തിന്റെ ഒരുഭാഗം തുറക്കാന്‍ പോവുകയാണെന്ന് ഇന്നലെ രാത്രിയാണ് ദേശീയപാത അതോറിറ്റി തൃശൂര്‍ ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കിയത്. ഇതിലെ വിയോജിപ്പ് അറിയിച്ചു. മാധ്യമങ്ങളില്‍ ഏകപക്ഷീയ വാര്‍ത്തകള്‍ നല്‍കുന്ന ദേശീയപാത അതോറിറ്റി അനവസാനിപ്പിക്കണമെന്ന് മന്ത്രിമാര്‍ ആവശ്യപ്പെട്ടു.
തുടര്‍ച്ചയായി പത്രങ്ങളില്‍ രണ്ടാം ടണല്‍ തുറക്കാന്‍ പോകുന്നു, ടോള്‍ പിരിവ് നടത്താന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ വരുന്നു. രണ്ടാം ടണല്‍ തുറക്കുന്നത് സന്തോഷമാണ്, പക്ഷേ വിഷയത്തില്‍ തുടര്‍ച്ചയായി ഇടപെട്ടിട്ടും, പൊതിമരാമത്ത് വകുപ്പോ ജില്ലയിലെ മന്ത്രിമാരോ അറിയാതെ വാര്‍ത്ത തുടര്‍ച്ചയായി വരുന്ന സ്ഥിതിയുണ്ടായി. ഇത് ശരിയായ നടപടിയല്ല- മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
തൃശൂര്‍ ജില്ലാ കലക്ടര്‍ക്ക് ദേശീയപാത അതോറിറ്റി കത്ത് നല്‍കിയതിന് പിന്നാലെ ജില്ലയിലെ മൂന്നു മന്ത്രിമാരും എംപിയും ഉള്‍പ്പെടെ ചേര്‍ന്ന് യോഗം നടത്തി. സുരക്ഷ ഉറപ്പാക്കാന്‍ എന്‍എച്ച്‌ഐക്ക് ബാധ്യതയുണ്ട്. കരാറ് പ്രകാരം, പ്രവൃത്തി എത്ര ശതമാനം പുരോഗമിച്ചു എന്ന് വിലയിരുത്താതെ ടോള്‍ പിരിവ് നടത്താനാകില്ല.
വെളിച്ചത്തിന്റെ കുറവ് കാരണം അപകടങ്ങളുണ്ടാകുന്നു. ഇത് പരിഹരിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. പത്രങ്ങളില്‍ ദേശീയപാത അതോറിറ്റി ഏകപക്ഷീയമായി വാര്‍ത്ത നല്‍കുന്ന രീതി തിരുത്തണം. ടണലുമായി ബന്ധപ്പെട്ട് പരിപൂര്‍ണ പിന്തുണ നല്‍കുന്ന സര്‍ക്കാര്‍ നിലപാടിന് എതിരെയുള്ള നിലപാട് തിരുത്തണം. ഏപ്രില്‍ അവസാനത്തോടെ ടണല്‍ പൂര്‍ണമായും തുറക്കുമെന്നും റിയാസ് പറഞ്ഞു.
തുരങ്കമുഖത്തേക്ക് എത്താനുള്ള വഴുക്കുംപാറ പ്രധാനപ്പെട്ട ഓവര്‍ബ്രിഡ്ജ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടില്ല. ഇത് തീരാതെ രണ്ടാം തുരങ്കം പൂര്‍ണമായി തുറക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates