

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഡിസംബര്‍ 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. ഇത് സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
തെരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗം / കൗണ്‍സിലര്‍ വേണം ആദ്യം സത്യപ്രതിജ്ഞ ചെയ്യേണ്ടത്. സര്‍ക്കാര്‍ ഇതിലേയ്ക്ക് ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥര്‍ മുന്‍പാകെ വേണം ആദ്യ അംഗം പ്രതിജ്ഞയെടുക്കേണ്ടത്. കോര്‍പ്പറേഷനുകളിലും ജില്ലാപഞ്ചായത്തുകളിലും ജില്ലാകലക്ടര്‍മാരും, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ അതത് സ്ഥാപനങ്ങളിലെ വരണാധികാരികളെയുമാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ ഇതിനായി നിയോഗിച്ചിട്ടുള്ള വരണാധികാരികള്‍ വേണം ആദ്യ അംഗത്തെ പ്രതിജ്ഞ എടുപ്പിക്കേണ്ടത്.
ആദ്യം സത്യപ്രതിജ്ഞ ചെയ്ത മുതിര്‍ന്ന അംഗമായിരിക്കും മറ്റ് അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിക്കുക. തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങള്‍ക്കും പ്രതിജ്ഞ എടുക്കാന്‍ രേഖാമൂലം അറിയിപ്പ് നല്‍കും. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ ഡിസംബര്‍ 21 ന് രാവിലെ 10നും കോര്‍പ്പറേഷനുകളില്‍ 11.30 നുമാണ് സത്യപ്രതിജ്ഞ നടപടികള്‍ ആരംഭിക്കുക.
സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞാലുടന്‍ തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടേയും ആദ്യ യോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരും. ഈ യോഗത്തില്‍ അദ്ധ്യക്ഷന്‍, ഉപാദ്ധ്യക്ഷന്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച കമ്മീഷന്റെ അറിയിപ്പ് സെക്രട്ടറി വായിക്കും. സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടക്കുന്നുണ്ടെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കേണ്ടതും കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുമാണെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
മേയര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 26ന് രാവിലെ 10.30നും ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് 2.30നും നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2.30നും നടക്കും. വോട്ടവകാശമുള്ള അംഗങ്ങളുടെ എണ്ണത്തിന്റെ പകുതിയാണ് ക്വാറം വേണ്ടത്. ക്വാറമില്ലെങ്കില്‍ തൊട്ടടുത്ത പ്രവൃത്തിദിവസം യോഗം ചേര്‍ന്ന ക്വാറം ഇല്ലാതെ തെരഞ്ഞെടുപ്പ് നടത്താം.
അതേസമയം സംസ്ഥാനത്ത് തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിരുന്ന മാതൃകാ പെരുമാറ്റച്ചട്ടം പിന്‍വലിച്ചു. നവംബര്‍ 10ന് നിലവില്‍ വന്ന പെരുമാറ്റച്ചട്ടമാണ് ഡിസംബര്‍ 15ന് പിന്‍വലിച്ചത്. എന്നാല്‍ മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്ത് 7-ാം വാര്‍ഡ്, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമ പഞ്ചായത്ത് 10-ാം വാര്‍ഡ്, തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 66-ാം ഡിവിഷന്‍ എന്നിവിടങ്ങളില്‍ സ്ഥാനാര്‍ഥികള്‍ അന്തരിച്ചതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് നടന്നിരുന്നില്ല. അതിനാല്‍ മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമ പഞ്ചായത്തിലും എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമ പഞ്ചായത്തിലും പൂര്‍ണ്ണമായും, തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 66-ാം ഡിവിഷനായ വിഴിഞ്ഞത്തും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകന്നതുവരെ മാതൃകാപെരുമാറ്റചട്ടം നിലനില്‍ക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates