

തൃശൂര്‍: യുവതിയെ ഫ്ളാറ്റില്‍ പൂട്ടിയിട്ട് ക്രൂര പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫ് പിടിയില്‍. മൂണ്ടൂരിലെ ഒളിത്താവളത്തില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. കാടിന്റെ ഉള്‍ഭാഗത്തായിരുന്നു ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നതെന്നും തിരച്ചിലിനൊടുവിലാണ് ഇയാളെ കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു.
ഇയാളെ സ്ഥലത്തെത്തിച്ച സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ അറസ്റ്റ് ചെയ്തതായും വിവരമുണ്ട്. ഇവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സ്ഥലത്ത് തിരച്ചില്‍ നടത്തിയത്. ഇയാള്‍ തൃശൂരില്‍ എത്തിയ ബിഎംഡബ്ല്യു കാറടക്കം നാല് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
എട്ടാം തീയതി രാവിലെ നാല് മണിക്കാണ് ഇയാള്‍ കാക്കനാട്ടെ ഫ്ളാറ്റില്‍ നിന്ന് തൃശൂരിലേക്ക് പോയത്. തുടര്‍ന്ന് ഇവിടെ ഒളിവില്‍ കഴിഞ്ഞെന്നാണ് പൊലീസ് കരുതുന്നത്. സമീപ പ്രദേശങ്ങളില്‍ ഇയാള്‍ ഉണ്ടാകാന്‍ ഇടയുണ്ടെന്ന നിഗമനത്തിലായിരുന്നു പൊലീസ്. മാര്‍ട്ടിന്‍ ജോസഫിന്റെ തൃശൂരിലെ വീട്ടില്‍ പൊലീസ് പലവട്ടം എത്തി പരിശോധന നടത്തുകയും ഇയാളുടെ വീട്ടുകാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യവും ചെയ്തിരുന്നു.
കണ്ണൂര്‍ സ്വദേശിയായ യുവതിയാണ് അതിക്രൂര മര്‍ദനത്തിനും പീഡനത്തിനും ഇരയായത്. കഴിഞ്ഞ ലോക്ഡൗണില്‍ കൊച്ചിയില്‍ കുടുങ്ങിപ്പോയതോടെയാണ് യുവതി നേരത്തെ പരിചയമുണ്ടായിരുന്ന മാര്‍ട്ടിന്‍ ജോസഫിനൊപ്പം നഗരത്തിലെ ഫ്‌ളാറ്റില്‍ താമസം ആരംഭിച്ചത്. ഒരു വര്‍ഷത്തോളം ഇരുവരും ഒരുമിച്ചായിരുന്നു താമസം. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ മാര്‍ട്ടിന്‍ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് യുവതി പരാതി നൽകിയത്. ഫ്‌ളാറ്റില്‍ നിന്ന് പോകാന്‍ ശ്രമിച്ചെങ്കിലും ഇത് മാര്‍ട്ടിനെ കൂടുതല്‍ പ്രകോപിപ്പിച്ചു. തുടര്‍ന്ന് ദിവസങ്ങളോളം മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
മര്‍ദനത്തിന് പുറമേ അതിക്രൂരമായ ലൈംഗികാതിക്രമത്തിനും യുവതി ഇരയായി. ശരീരത്തില്‍ പൊള്ളലേല്‍പ്പിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തു. ഏകദേശം 15 ദിവസത്തോളം ക്രൂരമായ പീഡനമേറ്റാണ് യുവതി ഫ്‌ളാറ്റില്‍ കഴിഞ്ഞത്. ഇതിനിടെ, നഗ്‌ന വീഡിയോയും ചിത്രീകരിച്ചെന്ന് യുവതി വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി അവസാനത്തോടെയാണ് യുവതി ഫ്‌ളാറ്റില്‍നിന്ന് രക്ഷപ്പെട്ടത്. ഉടന്‍ തന്നെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ മാര്‍ട്ടിനെതിരേ പരാതി നല്‍കി. ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates