ട്രാന്‍സ്ജെന്‍ഡര്‍ കലോല്‍സവത്തിന് ഫെബ്രുവരി 17ന് തുടക്കം

പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും വര്‍ണ്ണപ്പകിട്ട്.
മന്ത്രി ആർ ബിന്ദു
മന്ത്രി ആർ ബിന്ദുഫയൽ
Updated on
1 min read

തൃശൂര്‍: സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവം - വര്‍ണ്ണപ്പകിട്ട് ഫെബ്രുവരി 17ന് തൃശൂരില്‍ തിരിതെളിയും. കലോത്സവത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. ഫെബ്രുവരി 17, 18, 19 തീയതികളിലായി തൃശ്ശൂര്‍ ടൗണ്‍ഹാള്‍, എഴുത്തച്ഛന്‍ സമാജം ഹാള്‍ എന്നിവിടങ്ങളിലായാണ് കലാപരിപാടികള്‍.

ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു വര്‍ണ്ണപ്പകിട്ട് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ രാജന്‍, കെ രാധാകൃഷ്ണന്‍, പി ബാലചന്ദ്രന്‍എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, നഗരസഭാ മേയര്‍ തുടങ്ങിയവര്‍ സന്നിഹിതരാവും. വിവിധ ജില്ലകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 200 ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ ഉദ്ഘാടനച്ചടങ്ങിനു ശേഷം കലാവിരുന്ന് സമ്മാനിക്കും. 18ന് രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ഏഴു വരെയും, 19ന് രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് നാലു വരെയുമായിരിക്കും കലാവിരുന്ന്. 19ന് വൈകിട്ട് അഞ്ചു മണിക്കാണ് സമാപനസമ്മേളനം.

ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനുവേണ്ടി ട്രാന്‍സ്ജെന്‍ഡര്‍ നയം നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളമെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് സാമൂഹ്യനീതി വകുപ്പ് മുഖേന ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനായി നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നു. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സമസ്ത മേഖലകളിലും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുതകുന്ന പ്രവര്‍ത്തനങ്ങളിലാണ് സാമൂഹ്യനീതി വകുപ്പ്. അതിന്റെ ഭാഗമായി, ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ സാമൂഹ്യ പുന:സംയോജനത്തിന് ഉതകുന്ന വിധത്തിലാണ് വര്‍ണ്ണപ്പകിട്ട് ട്രാന്‍സ്ജെന്‍ഡര്‍ ഫെസ്റ്റ് വിഭാവനം ചെയ്തിരിക്കുന്നത്.

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ സര്‍ഗ്ഗവാസനയും കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനും, മുഖ്യധാരയിലേക്ക് അവരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും വേണ്ടി 'വര്‍ണ്ണപ്പകിട്ട്' എന്ന പേരില്‍ ഇന്ത്യയിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവം 2019-ല്‍ ആണ് ആദ്യമായി സംസ്ഥാനത്ത് ആരംഭിച്ചത്. കോവിഡ് രോഗവ്യാപനം കാരണം രണ്ടു വര്‍ഷങ്ങളില്‍ നടത്താന്‍ സാധിക്കാതെ വന്ന വര്‍ണ്ണപ്പകിട്ട്, കഴിഞ്ഞ വര്‍ഷമാണ് പുനരാരംഭിച്ചത്.

14 ജില്ലകളില്‍ നിന്നായി വര്‍ണ്ണപ്പകിട്ടില്‍ പങ്കെടുക്കാനെത്തിച്ചേരുന്ന, ഗ്രൂപ്പ്, സിംഗിള്‍ ഇനങ്ങള്‍ അവതരിപ്പിക്കുന്ന, എല്ലാ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും ആദരഫലകവും ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും സമ്മാനിക്കും. പങ്കെടുക്കാനെത്തുന്ന ട്രാന്‍സ്ജെന്‍ഡര്‍ പ്രതിഭകള്‍ക്ക് താമസം, വാഹനം തുടങ്ങി എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും വര്‍ണ്ണപ്പകിട്ട്. വര്‍ണ്ണപ്പകിട്ടില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണവും വെള്ളവുമുള്‍പ്പെടയുള്ള എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പാടാക്കി. കൂടാതെ പരിപാടി നടക്കുന്ന സ്ഥലത്ത് രണ്ട് ജെപിഎച്ച് എന്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ടീമും രണ്ട് ആംബുലന്‍സും സജ്ജീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രി ആർ ബിന്ദു
ദൗത്യസംഘത്തിന് നേരെ പാഞ്ഞടുത്ത് മോഴയാന; വെടിയുതിര്‍ത്ത് ശബ്ദമുണ്ടാക്കി തുരത്തി;ദൗത്യം ശ്രമകരം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com