

എന്തുകൊണ്ട് ലൗ ജിഹാദ് ഇല്ല എന്നു പറയുന്നു? എന്തുകൊണ്ട് കുലത്തെ മുടിക്കുന്ന കോടാലിക്കൈ ആകുന്നു? ഈ ചോദ്യങ്ങള്‍ സാംസ്‌കാരിക ഭാഷയിലും അല്ലാത്ത ഭാഷയിലും വിളിച്ചുചോദിക്കുന്ന ക്രൈസ്തവ വിശ്വാസികളുണ്ട്. അവരേയും നാം ഗൗരവത്തില്‍ പരിഗണിക്കണം. ലൗ ജിഹാദ് മിഥ്യയാണ് എന്നു ഞാനല്ല പറയുന്നത്. കേരളത്തിലെ പൊലീസ് വകുപ്പാണ്. 2018-ല്‍ ഹാദിയ കേസ് പരിഗണിച്ച സുപ്രീംകോടതി ലൗ ജിഹാദിനെക്കുറിച്ച് അന്വേഷിക്കാന്‍ ബി.ജെ.പി സര്‍ക്കാരിന്റെ എന്‍.ഐ.എയോടാണ് ആവശ്യപ്പെട്ടത്. അവരും കേരള പൊലീസിന്റെ നിലപാടാണ് സ്വീകരിച്ചത്. എന്നിട്ടും ഇങ്ങനെ സംഘടിതമായ ഒരു പരിപാടിയോ പദ്ധതിയോ ഇല്ലെന്നു പറയുന്നവരെ വിളിച്ച് കോപിക്കുന്നവരുണ്ട്. ഇപ്പോഴും തെളിവുള്ളവര്‍ക്ക് അത് പൊലീസിലോ കോടതിയിലോ ഹാജരാക്കി നിലപാട് തിരുത്താന്‍ അവകാശമുണ്ട്.
കേരളത്തില്‍ ഇങ്ങനെ ചിന്തിക്കുന്നവര്‍ വര്‍ദ്ധിക്കുന്നു എന്നു മാത്രമല്ല, വൈദികരിലും കന്യാസ്ത്രീകളിലും മെത്രാന്മാരില്‍ വരെ ഇങ്ങനെയുള്ളവര്‍ ഉണ്ടെന്നു തോന്നിപ്പോകുന്നു. ഇത് കേരളത്തിലെ മുസ്ലിം സമുദായത്തോടു ചെയ്യുന്ന വാചികമായ അക്രമമാണ് എന്നു പറയേണ്ടി വരുന്നു. ഇങ്ങനെ വെറുപ്പും വിദ്വേഷവും പരത്തുന്നത് അപകടകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ്. വി. ബര്‍ണാര്‍ദ് കുരിശുയുദ്ധം പ്രസംഗിച്ച കാലത്തിലും ലോകത്തിലുമല്ല നാം ജീവിക്കുന്നത്. മനുഷ്യര്‍ക്കു ചരിത്രബോധമുണ്ട്; ചരിത്രത്തില്‍നിന്നു നാം പഠിക്കാനുമുണ്ട്.
.........................
വിചിത്രമായി തോന്നിയത് ലൗ ജിഹാദിനെക്കുറിച്ച് സംശയിക്കുന്നതു പൊറുക്കാത്ത കുറ്റമായി ചിലര്‍ കാണുന്നു എന്നതാണ്. ക്രൈസ്തവനായ താങ്കള്‍ എന്തുകൊണ്ട് ക്രൈസ്തവരുടെ ഈ പ്രശ്‌നത്തില്‍ ക്രൈസ്തവര്‍ക്ക് എതിരായി നില്‍ക്കുന്നു? എന്റെ ക്രൈസ്തവ വിശ്വാസത്തേയും സമുദായ സ്‌നേഹത്തേയും ബാധിക്കുന്ന ഗൗരവപ്രശ്‌നമായി ഇതു മാറിയിരിക്കുന്നു. ലൗ ജിഹാദിനു തെളിവുകളായി ചിലര്‍ ചൂണ്ടിക്കാണിക്കുന്നത് ഇസ്ലാമിക വിശ്വാസിയായ യുവാവ് ക്രൈസ്തവ യുവതിയെ കല്യാണം കഴിച്ച് മതം മാറി ജീവിക്കുന്നതാണ്. ഇങ്ങനെ കേരള സമൂഹത്തില്‍ മിശ്രവിവാഹങ്ങള്‍ നടക്കുന്നുണ്ട്. അതുകൊണ്ട് ലൗജിഹാദിന് അതും തെളിവാണോ? മിശ്രവിവാഹങ്ങള്‍ ഉണ്ടാകും അവര്‍ അങ്ങനെ വിവാഹിതരാകാന്‍ യുവാവും യുവതിയും തീരുമാനിച്ചാല്‍. അതിന് അവകാശമുള്ള ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. മിശ്രവിവാഹം ലൗ ജിഹാദാവില്ല. ലൗ ജിഹാദ് എന്നു പറയുന്നതു സംഘടിതമായി വിവാഹവും മാനസാന്തരവും ഭീകരപ്രവര്‍ത്തനവും നടത്താനുള്ള ഏര്‍പ്പാടാണ്. അത് ഈ സാഹചര്യത്തില്‍ നടന്നോ? പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയോ? അതിന് അവര്‍ സമ്മതമായോ? ഈ പ്രേമവിവാഹത്തെ ലൗ ജിഹാദായി പ്രചാരണം നടത്തുന്നവര്‍ക്ക് കാര്യങ്ങള്‍ അറിയാതെയല്ല, ബോധപൂര്‍വ്വകമായ സമുദായ വൈരം പ്രചരിപ്പിക്കുകയാണ്. ഇങ്ങനെ ക്രൈസ്തവരില്‍ ചിലര്‍ കുരിശുയുദ്ധപ്രേമികളായി മാറുന്നുണ്ടോ?
(കെസിബിസി മുന്‍ വക്താവും സഭാ പ്രസിദ്ധീകരണമായ സത്യദീപത്തിന്റെ മുന്‍ എഡിറ്ററുമായ ഫാ. പോള്‍ തേലക്കാട്ട് എഴുതിയ ലേഖനം സമകാലിക മലയാളം വാരികയുടെ പുതിയ ലക്കത്തില്‍)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates