ആണത്തമുണ്ടെങ്കില്‍ പരസ്യമായി പറയണം; എന്നെ നിയന്ത്രിക്കാനുള്ള ആരും കോണ്‍ഗ്രസില്‍ ഇല്ല; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

1968 തൊട്ട് ഇന്നുവരെയുള്ള എന്റെ രാഷ്ട്രീയ പ്രവര്‍ത്തനം വളരെ നിഷ്പക്ഷവും നീതിപൂര്‍വ്വവും സ്വതന്ത്രവുമാണ്. എനിക്ക് രഹസ്യങ്ങള്‍ ഒന്നുമില്ല
Rajmohan Unnithan
Rajmohan Unnithanfile
Edited By:
Updated on: 
2 min read

കാസര്‍കോട്: കെപിസിസി ഭാരവാഹി യോഗത്തില്‍ തനിക്കെതിരേ രൂക്ഷവിമര്‍ശനമുയര്‍ന്നുവെന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. പാര്‍ട്ടി വേദികളില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പുറത്തൊരു ചര്‍ച്ചയ്ക്ക് ഞാനില്ല. ആണത്തവും പൗരത്വവും ഉണ്ടെങ്കില്‍ ഇതൊക്കെ പരസ്യമായി പറയണം. അതല്ലേ അതിന്റെ ഒരു മര്യാദ. രഹസ്യമായി പറയുന്ന കാര്യങ്ങളെക്കുറിച്ച് ഞാന്‍ എങ്ങനെ പ്രതികരിക്കുകയെന്ന് അദ്ദേഹം കാസര്‍കോട് പറഞ്ഞു.

'എനിക്കെതിരെ എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ അത് എന്റെ മുഖത്ത് നോക്കിയാണ് പറയേണ്ടത്. എനിക്കെതിരെ ആഞ്ഞടിക്കാനുള്ള ശക്തിയൊക്കെ ഓരോരുത്തര്‍ക്കും ഉണ്ടോ എന്നുള്ളത് അവര്‍ തീരുമാനിക്കട്ടെ. പാര്‍ട്ടി വേദികളില്‍ നടക്കുന്ന കാര്യങ്ങളില്‍ പുറത്ത് ഒരു ചര്‍ച്ചയ്ക്ക് ഞാന്‍ ഇല്ല. 68ല്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ആളാണ് ഞാന്‍. അന്ന് ഇവരാരും ജനിച്ചിട്ടുപോലുമില്ല. ഞാനിപ്പോ കോണ്‍ഗ്രസിന്റെ ഏറ്റവും സീനിയര്‍ നേതാവാണ്. എന്നെ നിയന്ത്രിക്കാന്‍ ശക്തിയുള്ള ആരും പാര്‍ട്ടിയില്‍ ഉണ്ടെന്ന് തോന്നുന്നില്ല. എനിക്കെതിരെ പ്രതികരിക്കാന്‍ വന്നു കഴിഞ്ഞാല്‍ പ്രതികരിക്കാന്‍ വരുന്നവരെക്കുറിച്ച് പ്രതികരിക്കാന്‍ എനിക്ക് നന്നായിട്ട് അറിയാമല്ലോ. എനിക്ക് ആരുടെയും വക്കാലത്ത് ആവശ്യമില്ല'.

'1968 തൊട്ട് ഇന്നുവരെയുള്ള എന്റെ രാഷ്ട്രീയ പ്രവര്‍ത്തനം വളരെ നിഷ്പക്ഷവും നീതിപൂര്‍വ്വവും സ്വതന്ത്രവുമാണ്. എനിക്ക് രഹസ്യങ്ങള്‍ ഒന്നുമില്ല. ഏഴ് വര്‍ഷമായി കാസര്‍കോട് എംപി ആണ്. ഒരു തുള്ളി ഡീസല്‍ പോലും ആരുടെയെങ്കിലും സൗജന്യത്തില്‍ അടിച്ചിട്ടുണ്ടെന്ന ആരോപണം വന്നാല്‍ അപ്പോള്‍ ഞാന്‍ എംപി സ്ഥാനം രാജിവെക്കാം. ഒരു രൂപ ഞാന്‍ ആരുടെയെങ്കിലും കയ്യില്‍ നിന്ന് പിരിച്ചിട്ടുണ്ടെന്ന് പറഞ്ഞാല്‍ ഞാന്‍ അപ്പൊ എംപി സ്ഥാനം രാജിവെക്കാം. ആരുടെയെങ്കിലും കയ്യില്‍ നിന്ന് ജോലി വാങ്ങിച്ചു കൊടുക്കാമെന്ന് പറഞ്ഞ് കാശ് വാങ്ങിച്ചെന്ന് പറഞ്ഞാല്‍ ഞാന്‍ അപ്പൊ രാജിവെക്കാം. എന്നെക്കുറിച്ച് കാസര്‍കോട്ട് മുഴുവന്‍ ജനങ്ങള്‍ക്കും നേരം വെളുക്കുമ്പോള്‍ തൊട്ട് രാത്രി വരെയുള്ള എന്റെ രാഷ്ട്രീയ പ്രവര്‍ത്തനം അറിയാം. എന്റെവീടും എന്റെ രാഷ്ട്രീയ മണ്ഡലവും ഒഴിച്ച് മറ്റ് എവിടെയും ഞാന്‍ പോകുന്നില്ല. പാര്‍ലമെന്റ് നടക്കുമ്പോള്‍ ഡല്‍ഹിയില്‍ പോകും. തിരിച്ചു കാസര്‍കോട്ടേക്ക് വരും. തിരുവനന്തപുരത്ത് യോഗത്തിന് പോയാല്‍ തിരിച്ചു ഇങ്ങോട്ടേക്ക് തന്നെ മടങ്ങിവരും. കാസര്‍കോടാണ് എന്റെ കര്‍മമണ്ഡലം'- രാജ് മോഹന്‍ പറഞ്ഞു.

'അവര്‍ പരസ്യമായി രംഗത്തുവരുമ്പോള്‍ ഞാന്‍ കാര്യങ്ങള്‍ പറയാം. ഞാന്‍ പ്രതികരിക്കുന്നത് വലിയ വലിയ ആളുകള്‍ക്കെതിരെയാണ്. വാര്‍പ്പ്, ചെമ്പ് തുടങ്ങിയവര്‍ക്കെതിരായാണ് പ്രതികരിക്കാറുളളത്. അപ്പോ കിണ്ടി കോളാമ്പിയുമൊക്കെ പറയുന്നതിന് മറുപടി എന്നോട് ചോദിക്കരുത്. അത് അര്‍ഹിക്കുന്ന അവജ്ഞയോടെ അത് തള്ളിക്കളയണം. ഞാന്‍ സത്യമാണ് പറയാറുള്ളത്. എന്നെ വിശ്വസിക്കുന്ന ഒരു ജനസമൂഹം കേരളത്തിലുണ്ട്. അവരൊക്കെ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും സ്‌നേഹിക്കുന്നവരാണ്. കോണ്‍ഗ്രസിനകത്ത് അഭലീക്ഷണീയമായ കാര്യങ്ങള്‍ എപ്പോ തലപൊക്കുന്നോ അപ്പോഴൊക്കെ ഞാന്‍ പ്രതികരിക്കാറുണ്ട്. അത് ഞാന്‍ മരിക്കുന്നതുവരെ പ്രതികരിക്കുമെന്ന് രാജ്‌മോഹന്‍ പറഞ്ഞു.

സര്‍ക്കാരിനെതിരെയും അടൂര്‍ പ്രകാശ്, സണ്ണി ജോസഫ്, കെസി വേണുഗോപാല്‍ എന്നിവര്‍ക്കെതിരെയും കഴിഞ്ഞ ദിവസങ്ങളില്‍ രൂക്ഷമായ വിമര്‍ശനമാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ നടത്തിയത്. അദ്ദേഹത്തെ നിയന്ത്രിച്ചില്ലെങ്കില്‍ അത് പാര്‍ട്ടിക്ക് തിരിച്ചടിയാവുമെന്ന തരത്തിലുള്ള വിമര്‍ശനങ്ങളായിരുന്നു കെപിസിസി യോഗത്തില്‍ ഉയര്‍ന്നത്. കെപിസിസി നിയന്ത്രിച്ചില്ലെങ്കില്‍ രാജ്മോഹന്‍ ഉണ്ണിത്താനെതിരെ പരസ്യ പ്രതികരണം നടത്തുമെന്ന് കാസര്‍ഗോഡ് ഡിസിസിയും യോഗത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Summary

There is no one in the Congress to control me: Rajmohan Unnithan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER